കൊല്ലം ജില്ലാ വെയർഹൗസിൽ 15 കോടിയുടെ മരുന്നുകളും ഉപകരണങ്ങളും കത്തിയതോ? കത്തിച്ചതോ?

തിരുവനന്തപുരം. കേരള മെഡിക്കൽ സർവീസസ് കോർപറേഷന്റെ കൊല്ലം ജില്ലാ വെയർഹൗസിലെ തീ പിടിത്തവും 15 കോടിയുടെ മരുന്നുകളും ഉപകരണങ്ങളും നശിച്ചത് കൂടുതൽ ദുരൂഹതകളിലേക്കും സംശയങ്ങളിലേക്കും വിരൽ ചൂണ്ടുന്നു. വെയർഹൗസിലെ തീ പിടിത്തം നടക്കുന്നത് അമിത വിലക്ക് മരുന്നുകൾ വാങ്ങിയതിൽ അന്വേഷങ്ങളും, ലോകായുക്ത കേസിൽ തെളിവെടുപ്പുകളും നടക്കാനിരിക്കെയാണെന്നതാണ് ശ്രദ്ധേയം.

അമിത വില നൽകി വാങ്ങിയ മരുന്നുകളും കോവിഡ് കാലത്തു കൂടിയ വിലയ്ക്കു വാങ്ങിയ മെഡിക്കൽ ഉപകരണങ്ങളും സൂക്ഷിച്ചിരുന്ന കേരള മെഡിക്കൽ സർവീസസ് കോർപറേഷന്റെ കൊല്ലത്തെ മരുന്നു സംഭരണ കേന്ദ്രം പെട്ടെന്നു കത്തി നശിച്ച സാഹചര്യമാണ് കത്തിയതാണോ? കത്തിച്ചതാണോ? എന്ന സംശയങ്ങൾ ആണ് ഉയർത്തിയിരിക്കുന്നത്. ബുധനാഴ്ച രാത്രി 8.45നാണ് ഉളിയക്കോവിലിലെ ഗോഡൗണിൽ തീ പിടിക്കുന്നത്.

പേവിഷബാധയുള്ളവർക്കും പാമ്പു കടിയേറ്റവർക്കും കുത്തിവയ്ക്കാനുള്ള മരുന്നുകളും ഐവി ഫ്ലൂയിഡ് ഉൾപ്പെടെയുള്ള മരുന്നുകളും വാങ്ങിയതിൽ ആരോഗ്യ വകുപ്പിൽ അടുത്തിടെയാണ് ആരോപണം ഉയർന്നിരുന്നത്. ഈ മരുന്നുകൾ കോർപറേഷൻ നേരത്തേ തന്നെ വേണ്ടത്ര സംഭരിച്ചിരുന്നു. ഇവ കൂടുതലായി വാങ്ങണമെന്ന് ആരോഗ്യവകുപ്പിലെ ഉന്നതൻ നിർദേശിക്കുകയായിരുന്നു എന്നാണു പുറത്ത് വന്ന റിപ്പോർട്ടുകൾ. ഈ മരുന്നുകൾക്ക് ഈ വർഷം വില കുറഞ്ഞെങ്കിലും കഴിഞ്ഞ വർഷത്തെ ഉയർന്ന വില നൽകി വാങ്ങണമെന്നാണു
ഉന്നതർ നിഷ്കർഷിച്ചിരുന്നത്.

2.50 കോടി രൂപയുടെ മരുന്നുകൾ ആണ് അധികമായി ഇങ്ങനെ സംഭരിച്ചിരുന്നത്. അനാവശ്യമായി മരുന്നു വാങ്ങിയെന്ന വിവരം പുറത്തായതോടെ കോർപറേഷനിലെ ഉദ്യോഗസ്ഥർ വെട്ടിലായിരിക്കുകയായിരുന്നു. ഓഡിറ്റ് വന്നാൽ കുടുങ്ങുമെന്ന് ഉറപ്പാക്കിയ ഉദ്യോഗസ്ഥർ മരുന്നുകൾ കൂടുതൽ വിലക്ക് വാങ്ങാൻ നി‍ർദേശിച്ച ഉന്നതനെ വിവരം അറിയിച്ചിരുന്നു. തുടർന്നാണു അവയെല്ലാം കൊല്ലത്തെ ഗോഡൗണിലേക്കു മാറ്റാൻ തീരുമാനിക്കുന്നത്. കോവിഡ് കാലത്ത് ഗ്ലൗസും പിപിഇ കിറ്റും വാങ്ങിയതിനെക്കുറിച്ച് ലോകായുക്തയും ധനകാര്യ പരിശോധനാ വിഭാഗവും അന്വേഷണം ഒരുവശത്ത് നടത്തി വരുകയാണ്. തെളിവുകളും സാംപിളുകളും ശേഖരിക്കാനുള്ള ഘട്ടത്തിലേക്ക് കടക്കാനിരിക്കുമ്പോഴാണ് ഗോഡൗണിനു തീ പിടിച്ചതെന്ന കാര്യവും സംശയം വർധിപ്പിച്ചിരിക്കുകയാണ്.

അടുത്തിടെ വാങ്ങിയ 7.18 കോടി രൂപയുടെ മരുന്നും കോവിഡ് കാലത്തു വാങ്ങിയ 17.53 ലക്ഷത്തിന്റെ പിപിഇ കിറ്റുകളും നശിച്ചെന്നാണു പ്രാഥമിക റിപ്പോർട്ടുകൾ പറയുന്നത്. കണക്കെടുപ്പ് ആരംഭിച്ചിട്ടുണ്ടെന്നും 15 കോടിയുടെയെങ്കിലും മരുന്നുകളും ഉപകരണങ്ങളും നശിച്ചിരിക്കാമെന്നാണ് ഉദ്യോഗസ്ഥ രുടെ വിശദീകരണം.