കൂലിയിൽ 20 രൂപയുടെ കുറവ്, ഡ്രൈവറെ തല്ലിച്ചതച്ച് സിഐടിയു തൊഴിലാളികൾ‌, ദൃശ്യങ്ങൾ പുറത്ത്

കൊച്ചി: ഇറക്കുകൂലിയിൽ 20 രൂപ കുറഞ്ഞുവെന്ന് ആരോപിച്ച് ഡ്രൈവറെ സിഐടിയു തൊഴിലാളികൾ‌ തല്ലിച്ചതച്ചു. അമ്പലമുകൾ ബിപിസിഎൽ എൽപിജി ബോട്ലിം​ഗ് പ്ലാൻ്റിലെ ഡ്രൈവറാണ് ക്രൂര മർദനത്തിന് ഇരയായത്. ഇറക്കുകൂലിയിൽ 20 രൂപ കുറഞ്ഞുവെന്ന് ആരോപിച്ചായിരുന്നു കൈയ്യേറ്റം.

ഡ്രൈവർ‌ ശ്രീകുമാർ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. മൂത്രാശയത്തിലടക്കം സാരമായി പരിക്കേറ്റിട്ടുണ്ട്. ലോ‍‍ഡ് ഇറക്കുന്നതുമായി ബന്ധപ്പെട്ട വാക്കേറ്റമാണ് അക്രമത്തിൽ കലാശിച്ചത്. തനിക്ക് പണം നൽകിയിരിക്കുന്നത് ഏജൻസിയിൽ നിന്നാണെന്നും അതിനാൽ തന്നെ കൂടുതൽ തുക നൽകാൻ കഴിയില്ലെന്നും ഡ്രൈവർ അറിയിച്ചു.

ഇതൊന്നും ചെവിക്കൊള്ളാതെ സിഐടിയു തൊഴിലാളികൾ‌ ഡ്രൈവറെ ക്രൂര മർദ്ദനത്തിന് ഇരയാക്കി. മർദ്ദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇതിന് പിന്നാലെ തൊഴിൽ സംരക്ഷണം ആവശ്യപ്പെട്ട് ഡ്രൈവർമാർ‌ മിന്നൽ പണിമുടക്ക് ആരംഭിച്ചു. പണിമുടക്കിന്റെ കാരണം തേടി പോയപ്പോഴാണ് മർദ്ദനവിവരം പുറത്തറിയുന്നത്.