ശാലിൻ സോയ തമിഴ് യൂട്യൂബറുമായി പ്രണയത്തില്‍

ബാലതാരമായി എത്തി മലയാളികളുടെ ശ്രദ്ധ നേടിയ താരമാണ് ശാലിൻ സോയ. ഇപ്പോള്‍ തമിഴ് ടെലിവിഷൻ രംഗത്തും സജീവമാണ് താരം. ഇപ്പോള്‍ തമിഴ് യൂട്യൂബർ ടിടിഎഫ് വാസനുമായി താരം പ്രണയത്തിലാണെന്ന വാർത്തകളാണ് പുറത്തുവരുന്നത്. വാസന്റെ പുതിയ യൂട്യൂബ് വിഡിയോയിലാണ് ശാലിനെ കാമുകിയെന്ന് വിശേഷിപ്പിച്ചിരിക്കുന്നത്.

തന്റെ കാമുകി ‘കുക്ക് വിത്ത് കോമാലി’ എന്ന റിയാലിറ്റി ഷോയില്‍ പങ്കെടുക്കുന്നു എന്ന കുറിപ്പിലുള്ളതാണ് വിഡിയോ. ഷോയിലേക്ക് അവസരം വന്നപ്പോള്‍ താൻ പോകുന്നില്ലെന്ന് പറഞ്ഞതാണെന്നും വാസന്റെ നിർബന്ധത്തിലാണ് പങ്കെടുക്കാൻ തീരുമാനിച്ചത് എന്നുമാണ് ശാലിൻ പറയുന്നത്. ഷോയ്ക്കിടെ മറ്റ് താരങ്ങള്‍ ശാലിന്റെ കവിളില്‍ പിടിക്കുന്നതും മറ്റും തനിക്ക് ഇഷ്ടമല്ലെന്നും വാസൻ വ്യക്തമാക്കുന്നുണ്ട്. കൂടാതെ വിഡിയോയ്ക്കിടെ തന്നെ ശാലിന്റെ വസ്ത്രം നേരെയാക്കുന്നതും കാണാം. വാസനൊപ്പമുള്ള വിഡിയോകള്‍ ശാലിനും തന്റെ ഇൻസ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്.

തമിഴില്‍ ശ്രദ്ധേയനായ യുട്യൂബറാണ് ടിടിഎഫ് വാസൻ. നാല്‍പതു ലക്ഷത്തിലധികം സബ്സ്ക്രൈബേഴ്‌സാണ് യൂട്യൂബില്‍ ഉള്ളത്. സൂപ്പർബൈക്കില്‍ മുൻവീല്‍ ഉയർത്തി ദീർഘദൂരം സഞ്ചരിക്കുന്ന വാസന്റെ റീലുകള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു.