യാത്രക്കാരൻ വിമാനത്താവളത്തിൽ എത്തിയത് ട്രോളി ബാഗിൽ 47 പെരുമ്പാമ്പുകളുമായി, സംഭവം ട്രിച്ചിയിൽ

ചെന്നൈ : വിമാനത്താവളത്തിൽ എത്തിയ യാത്രക്കാന്റെ ട്രോളി ബാഗിൽ നിന്ന് പെരുമ്പാമ്പുകളെയും പല്ലികളെയും പിടിച്ചെടുത്തു. ട്രിച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തിലാണ് സംഭവം. ക്വാലാലംപൂരിൽ നിന്നുമെതിയ യാത്രക്കാരന്റെ ബാഗിൽ നിന്നും 47 പെരുമ്പാമ്പുകളെയും രണ്ട് പല്ലികളെയുമാണ് പിടികൂടിയത്. സംഭവത്തിൽ മുഹമ്മദ് മൊയ്തീൻ എന്നയാളാണ് പിടിയിലായത്.

കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് പെരുമ്പാമ്പിനെ പിടിച്ചെടുത്തത്. ബാത്തിക് എയർ വിമാനത്തിലാണ് ഇയാൾ ട്രിച്ചിയിൽ എത്തിയത്. സംശയത്തിന്റെ അടിസ്ഥാനത്തിൽ കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് പാമ്പുകളെ പിടികൂടിയത്. പരിശോധന നടത്തിയ ഉദ്യോഗസ്ഥർ പെരുമ്പാമ്പുകളെ കണ്ട് അമ്പരന്നു.

ചെറിയപെട്ടികളിലാക്കി പെരുമ്പാമ്പുകളെ പ്രതി കടത്താൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് വനപാലകർ വിമാനത്താവളത്തിലെത്തുകയും ഇഴജന്തുക്കളെ മലേഷ്യയിലേക്ക് തന്നെ തിരിച്ചയക്കാനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തു. പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. എവിടേയ്ക്കാണ് ഇവയെ കടത്തികൊണ്ടു പോകാൻ ശ്രമം നടന്നതെന്നുൾപ്പടെ അറിയേണ്ടതുണ്ട്.