ശാസ്ത്രലോകത്തെ അമ്പരപ്പിച്ച് കൊണ്ട് ഇണചേരാതെ സ്വയം ഗർഭിണിയായി ഒരു പെൺമുതല

ശാസ്ത്രലോകത്തെ അമ്പരപ്പിച്ച് കൊണ്ട് ഇണചേരാതെ സ്വയം ഗർഭിണിയായി ഒരു പെൺമുതല. കോസ്റ്റാറിക്കയിലെ മൃഗശാലയിലാണ് ഈ അപൂർവ്വ സംഭവം നടന്നിരിക്കുന്നത്. ഭ്രൂണത്തിന് അമ്മ മുതലയുമായി 99.9 ശതമാനം ജനിതക സാമ്യം ഉണ്ടെന്ന് പരിശോധനയിൽ കണ്ടെത്തിയിരിക്കുകയാണ് ഇപ്പോൾ.

ആൺ മുതലകളുമായി ഇണ ചേരാതെ 18 വയസ് പ്രായമുള്ള പെൺ മുതലയാണ് പ്രത്യുൽപ്പാദനം നടത്തിയിരിക്കുന്നത്. ഈ അമേരിക്കൻ മുതലയെ കോസ്റ്റാറിക്കയിലെ മൃഗശാലയിലെത്തിച്ചത് രണ്ട് വയസ്സുള്ളപ്പോഴാണ്. കൂടുതൽ സമയവും മറ്റ് മുതലകൾക്കൊപ്പമല്ലാതെ ഒറ്റയ്ക്കാണ് ഇത് വളരുന്നത്. 14 മുട്ടകളിട്ടതിൽ ഒരെണ്ണം പൂർണ വളർച്ച പ്രാപിച്ചെങ്കിലും ജീവനോടെ കിട്ടിയില്ല.

ഇണ ചേരാതെ തന്നെ കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കുന്നതിനു കഴിവ് ചില ജീവികാലിൽ ഉണ്ടാവാറുണ്ട്. സ്രാവ്, പക്ഷികൾ, പാമ്പുകൾ, പല്ലി എന്നിവയിൽ ഈ പ്രതിഭാസം കാണാറുള്ളതാണ്. അത് സാധാരണവുമാണ്. എന്നാൽ ഇതുവരെ മുതലകളിൽ ഇങ്ങനെയൊരു സംഭവം ഉണ്ടായതായി രേഖകളൊന്നുമില്ലെന്ന് ഭ്രൂണം പരിശോധിച്ച ഡോ. വാറൻ ബൂത്ത് പറഞ്ഞിരിക്കുന്നു.

ഇണ ചേരാതെ കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കുന്ന പ്രതിഭാസത്തെ ഫാക്കൽറ്റേറ്റീവ് പാർത്തോനോജെനസിസ് എന്നാണ് ശാസ്ത്ര ലോകം വിശേഷിപ്പിക്കുന്നത്. ഡിഎൻഎ പരിശോധനയിൽ നിന്നാണ് ഇണ ചേരാതെ തന്നെയാണ് കുഞ്ഞ് പിറന്നതെന്ന് കണ്ടെത്തുന്നത്.. ബയോളജി ലെറ്റേഴ്‌സ് എന്ന ജേണലിൽ ഇതു സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നു.