വിവാഹ വാർഷികത്തിന് അളിയൻ ചാച്ചുവിന്റെ പ്രത്യേക സമ്മാനം, ‘വിവാഹം ഇന്നലെ കഴിഞ്ഞതുപോലെ..’

നയൻതാരക്കും വിഘ്നേഷ് ശിവനും ഒന്നാം വിവാഹവാർഷികം. ഇരുവർക്കും ആശംസകൾ നേരുകയാണ് തമിഴ് സിനിമാ ലോകമാകെ. കൂട്ടുകാർ വിവാഹവാർഷികം ആശംസിച്ചു കൊണ്ടിരിക്കുമ്പോൾ, വിവാഹം ഇന്നലെ കഴിഞ്ഞതുപോലെ തോന്നുന്നുവെന്നാണ് വിഘ്നേഷ് ശിവൻ സാമൂഹ്യ മാധ്യമത്തിൽ കുറിക്കുന്നത്.

ആഘോഷ വേളയിൽ‍ നയൻതാരയുടെ സഹോദരൻ ലെനു കുര്യൻ ഇരുവർക്കും ഒരു സമ്മാനം അയച്ചിരുന്നു. ‘ചാച്ചു’ എന്നാണ് വിഘ്നേഷ് അളിയനെ വിളിക്കുന്നത്. നയൻ‌താരയുടെ ഏക സഹോദരനാണ് ലെനു. തന്റെയും കുടുംബത്തിന്റെയും പേരിലാണ് അനുജത്തിക്കും അളിയനും ലെനു ആശംസയും സമ്മാനവും അയച്ചിരിക്കുന്നത്.

‘പ്രിയപ്പെട്ട മണിക്കും വിക്കിക്കും വിവാഹവാർഷികാശംസകൾ നേരുന്നു. ഈ ലോകത്തെ എല്ലാ സന്തോഷവും ഇരുവർക്കും നേരുകയാണ്. ദൈവം നിങ്ങളുടെ മേൽ ആശംസകൾ ചൊരിയട്ടെ’, ലെനു സ്വന്തം കൈപ്പടയിൽ എഴുതിയ കുറിപ്പിൽ പറഞ്ഞിരിക്കുന്നു. ഒപ്പം ഭാര്യയുടെയും മക്കളുടെയും പേരുകളും എഴുതിയിട്ടുണ്ട്.

പൂക്കൾ കൊണ്ട് ഉണ്ടാക്കിയ ഒരു ട്രീയും സമ്മാനപ്പൊതിയും ആണ് ഈ കുറിപ്പിനൊപ്പമുണ്ടായിരുന്നത്. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് ഇക്കാര്യം വിഘ്നേഷ് പ്രേക്ഷകരെ അറിയിച്ചിരിക്കുന്നത്. 2022 ജൂണ്‍ 9 നായിരുന്നു ദമ്പതികളുടെ വിവാഹം. ചെന്നൈയിലെ ആഡംബര റിസോർട്ടിൽ നടന്ന ചടങ്ങിൽ ബോളിവുഡ് നടൻ ഷാറുഖ് ഖാൻ, സ്റ്റൈൽ മന്നൻ രജനികാന്ത് എന്നിവരടക്കം പങ്കെടുക്കുകയുണ്ടായി. പഠാന് ശേഷം ഷാറുഖ് ഖാൻ നായകനാകുന്ന ജവാൻ ആണ് നയൻതാരയുടെ പുതിയസിനിമ. തമിഴ് സംവിധായകനായ അറ്റ്ലിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിജയ് സേതുപതി ചിത്രത്തിൽ വില്ലനായി എത്തുന്നു.