സുഷമ സ്വരാജ്, ഇന്ത്യ കണ്ട, സ്‌നേഹിച്ച രാഷ്ട്രീയ വ്യക്തിത്വം

സുഷമ സ്വരാജ്, ഇന്ത്യയില്‍ ഇത്രയും അധികം സ്‌നേഹിക്കപ്പെട്ട ഒരു രാഷ്ട്രീയ നേതാവ് ഇല്ലെന്ന് തന്നെ പറയാം. ഇന്ത്യന്‍ രാഷ്ട്രീയം എത്ര കാലം സഞ്ചരിച്ചാലും തന്റേതായ ഇരിപ്പിടം അവിടെ ഉറപ്പിച്ച ധീര വനിതയാണ് വിടപറഞ്ഞത്. ബിജെപിയില്‍ പല വനിത നേതാക്കളുണ്ടെങ്കിലും ഏറ്റവും മുന്‍പന്തിയിലുള്ളത് സുഷമ തന്നെയായിരുന്നു. സാധരണക്കാരെ ബിജെപിയിലേക്ക് അടുപ്പിക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ച നേതാവ്. പോയ മോദി മന്ത്രിസഭയില്‍ വിദേശകാര്യ മന്ത്രി ആയിരിക്കെ സുഷമ നടത്തിയ പ്രവര്‍ത്തനങ്ങളും ഇടപെടലുകളും അവരെ അന്താരാഷ്ട്ര തലത്തില്‍ വരെ ശ്രദ്ധാകേന്ദ്രമാക്കി.

വളരെ ചെറുപ്പത്തില്‍ തന്നെ രാഷ്ട്രീയത്തിലിറങ്ങിയ വ്യക്തിയാണ് സുഷമ. ഇന്ത്യന്‍ സംസ്ഥാന നിയമസഭാ ചരിത്രത്തില്‍ ഏറ്റവും പ്രായം കുറഞ്ഞ വനിതാ മന്ത്രിയെന്ന വിശേഷണവുമായാണ് സുഷമ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ശ്രദ്ധ പിടിച്ചുപറ്റുന്നത്. ഡല്‍ഹിയിലെ ആദ്യ വനിത മുഖ്യമന്ത്രിയും സുഷമയായിരുന്നു. 1998 ഒക്ടോബര്‍ 13 മുതല്‍ 1998 ഡിസംബര്‍ മൂന്ന് വരെയാണ് സുഷമ ഡല്‍ഹിയെ ഭരിച്ചത്.

ഏഴ് പ്രാവശ്യം ലോക്‌സഭ എംപി, അഞ്ച് പ്രാവശ്യം എംഎല്‍എ. 2014ല്‍ മോദി മന്ത്രിസഭയില്‍ വിദേശകാര്യ ലവകുപ്പ് കൈകാര്യം ചെയ്തു. ഇന്ദിരാഗാന്ധിക്ക് ശേഷം ആദ്യമായി വിദേശ വകുപ്പ് കൈകാര്യം ചെയ്യുന്ന വനിത. വാജ്‌പേയി സര്‍ക്കാറില്‍ ഇന്‍ഫര്‍മേഷന്‍, ആരോഗ്യ മന്ത്രിയായും പ്രവര്‍ത്തിച്ചു. എബിവിപിയിലൂടെയാണ് സുഷമ രാഷ്ട്രീയ ജീവിതം തുടങ്ങുന്നത്. പിന്നീട് സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളിലേക്കടുത്തു. ഭര്‍ത്താവായിരുന്ന സ്വരാജ് കൗശല്‍ സോഷ്യലിസ്റ്റ് നേതാവ് ജോര്‍ജ് ഫെര്‍ണാണ്ടസിന്റെ കൂടെ പ്രവര്‍ത്തിച്ചിരുന്നു.

ഹരിയാനയിലാണ് സുഷമ തുടക്കം കുറിച്ചത്. ജനത പാര്‍ട്ടി ചിഹ്നത്തില്‍ 1977ല്‍ അംബാലയില്‍നിന്ന് എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ടു. അതേ വര്‍ഷം സംസ്ഥാന മന്ത്രിയുമായി. 27-ാം വയസ്സില്‍ ജനതാ പാര്‍ട്ടിയുടെ ഹരിയാന പ്രസിഡന്റായി. പിന്നീട് ബിജെപി-ലോക്ദള്‍ സഖ്യസര്‍ക്കാറില്‍ വിദ്യാഭ്യാസ മന്ത്രിയായി. കേന്ദ്ര മന്ത്രി സ്ഥാനം രാജിവച്ചാണ് 1998ല്‍ ഡല്‍ഹി മുഖ്യമന്ത്രിയാകുന്നത്. തെരഞ്ഞെടുപ്പില്‍ തോറ്റതോടെ രണ്ട് മാസം മാത്രമാണ് മുഖ്യമന്ത്രി കസേരയിലിരുന്നത്.

1991ല്‍ രാജ്യസഭ എംപിയായി തെരഞ്ഞെടുക്കപ്പെട്ടു. 1996ല്‍ സൗത്ത് ഡല്‍ഹിയില്‍ നിന്ന് എംപിയായി തെരഞ്ഞെടുക്കപ്പെട്ടു. 1996ലെ ആദ്യ വാജ്‌പേയി സര്‍ക്കാറില്‍ ഇന്‍ഫര്‍മേഷന്‍, ബ്രോഡ്കാസ്റ്റിംഗ് മന്ത്രിയായി. 13 ദിവസം മാത്രമായിരുന്നു ആ സര്‍ക്കാറിന്റെ ആയുസ്സ്. പിന്നീട് 1998ല്‍ വാജ്‌പേയി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലേറിയപ്പോഴും കേന്ദ്ര മന്ത്രിയായി. വീണ്ടും രാജ്യസഭാംഗമായി 1999ലെ വാജ്‌പേയി സര്‍ക്കാറില്‍ മന്ത്രിയായി. 2000ല്‍ ഇന്‍ഫര്‍മേഷന്‍, ബ്രോഡ്കാസ്റ്റിംഗ് മന്ത്രിയായി ചുമതലയേറ്റ ശേഷം 2003 വരെ ആ പദവിയില്‍ തുടര്‍ന്നു. 2003 മുതല്‍ 2004വരെ കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രിയായി.

ബിജെപിയുടെ ആദ്യ വനിതാ വക്താവും സുഷമ സ്വരാജായിരുന്നു. 2014ല്‍ മോദി സര്‍ക്കാറില്‍ വിദേശകാര്യ മന്ത്രിയായി മികച്ച പ്രകടനം കാഴ്ചവച്ചു. പ്രവാസികളുടെ പ്രശ്‌നങ്ങളില്‍ നിരന്തരം ഇടപെട്ട സുഷമ സ്വരാജ് ജനപ്രീതിയാര്‍ജിച്ചു. അനാരോഗ്യത്തെ തുടര്‍ന്ന് 2019ലെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ലെന്ന് നേരത്തെ പ്രഖ്യാപിച്ചു.