മുഴുവൻ സർവകലാശാലകളിലും ആർത്തവാവധി അനുവദിക്കണം ; എബിവിപി

കൊച്ചി : കേരളത്തിലെ മുഴുവൻ സർവകലാശാലകളിലും ആർത്തവ അവധി അനുവദിക്കണമെന്ന് എബിവിപി സംസ്ഥാന ജോയിന്റ് സെക്രട്ടറി കല്ല്യാണി ചന്ദ്രൻ. പെൺകുട്ടികളുടെ നിരവധി കാലത്തെ ആവശ്യമാണ് കുസാറ്റ് സർവകലാശാല അംഗീകരിച്ചിരിക്കുന്നത്. ആ മാതൃക ഏറ്റെടുക്കാൻ മറ്റ് സർവകലാശാലകളും തയ്യാറാവണം. വിദ്യാഭ്യാസമന്ത്രിക്ക് ഇതുമായി ബന്ധപ്പെട്ട് കത്തയച്ചുവെന്നും ആവശ്യമുന്നയിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രിയെ നേരിൽ കണ്ട് സംസാരിക്കുമെന്നും എബിവിപി അറിയിച്ചു.

ഭരണഘടനയുടെ 14-ാം അനുച്ഛേദത്തിന്റെ ലംഘനമാണ് ആർത്തവ സമയത്ത് അവധി നിഷേധിക്കുന്നത്. ആർത്തവം ഒളിച്ചുവയ്‌ക്കപ്പെടാനും അയിത്തപ്പെടാനും ഉള്ളതാണെന്ന ധാരണ നമ്മുടെ സമൂഹത്തിൽ ആഴത്തിൽ വേരൂന്നിയിരിക്കുന്നു. സ്ത്രീസൗഹൃദമെന്ന് നമ്മളവകാശപ്പെടുമ്പോഴും തൊഴിലിടങ്ങളിൽ അവധി ലഭിക്കാതെ കഷ്ടപ്പെട്ട് ജോലി ചെയ്യേണ്ടിവരുന്ന സ്ത്രീകൾ ഏറെയാണ്.

വിദ്യാർത്ഥിനികളുടെ കാര്യമാണെങ്കിൽ പരീക്ഷയെഴുതാനുള്ള മിനിമം ഹാജർ ഇല്ലെങ്കിൽ ആർത്തവദിനങ്ങളിൽ ക്ലാസുകളിൽ ഇരുന്ന് ആ നിമിഷങ്ങളെ തള്ളിനീക്കേണ്ടിവരുന്ന അവസ്ഥയാണ്. അവധി നൽകിയാൽ ആ ദിനങ്ങളിൽ ആവശ്യത്തിന് വിശ്രമമെടുക്കാൻ കഴിയും. ഇന്ത്യൻ കമ്പനികളായ സൊമാറ്റോ, ബൈജൂസ്, സ്വിഗ്ഗി, മാഗ്സ്റ്റർ, ഇൻഡസ്ട്രി, എആർസി, ഫ്ളൈമൈബിസ്, ഗോസൂപ്പ് എന്നീ രാജ്യത്തെ ഒരു കൂട്ടം സ്ഥാപനങ്ങൾ ശമ്പളത്തോടുകൂടിയ ആർത്തവ അവധി സ്ത്രീകൾക്ക് നൽകുന്നുണ്ട്. ഇത്തരം മാതൃകകൾ സമൂഹം ഏറ്റെടുക്കണമെന്നും കല്ല്യാണി ചന്ദ്രൻ പറഞ്ഞു.