കോഴിക്കോട് കാറില്‍ സഞ്ചരിച്ച ഡോക്ടറെയും യുവതിയെയും ഭീഷണിപ്പെടുത്തിയ കേസില്‍ പ്രതികള്‍ പോലീസ് പിടിയില്‍

കോഴിക്കോട്. ഡോക്ടറെയും വനിതാ സുഹൃത്തും കാറില്‍ സഞ്ചരിക്കുമ്പോള്‍ തടഞ്ഞ് അശ്ലീല ആംഗ്യം കാണിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ രണ്ട് പേര്‍ പോലീസ് പിടിയില്‍. പരാതിയുടെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ കോളേജ് പോലീസും സിറ്റി സ്‌ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്.

കാക്കൂര്‍ സ്വദേശി ഹജ്‌നാസ്, നരിക്കുനി സ്വദേശി പാറക്കല്‍ സജീഷ് കുമാര്‍ എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസം ഇവര്‍ അരയിടത്ത് പാലത്തിന് സമീപത്ത് വെച്ചാണ് ഡോക്ടറെയും യുവതിയെയും തടഞ്ഞ് അപമാനിച്ചത്. ഡോക്ടറുടെ കാര്‍ തടഞ്ഞ യുവാക്കളുടെ സ്‌കൂട്ടറിന്റെ നമ്പര്‍ കേന്ദ്രീകരിച്ചാണ് ആദ്യം അന്വേഷണം നടന്നത്. എന്നാല്‍ വാഹന ഉടമ വാഹനം പണയപ്പെടുത്തിയത് അന്വേഷണം വഴിമുട്ടിച്ചു.

എന്നാല്‍ കഞ്ചാവ് കേസില്‍ പിടിക്കപ്പെട്ട പ്രതിയുടെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. ആന്ധ്രയില്‍ കഞ്ചാവ് കേസില്‍ ശിക്ഷിക്കപ്പെട്ട് ഇപ്പോള്‍ നാട്ടിലെത്തിയ യുവാവാണ് സ്‌കൂട്ടര്‍ പണയപ്പെടുത്തിയതെന്ന് സൂചന ലഭിച്ചു. വാഹനം ഇയാള്‍ മറ്റൊരാള്‍ക്ക് കൈമാറുകയായിരുന്നു. പിന്നീട് വാഹനം 10 ഓളം പേരിലേക്ക് പോകുകയും ചെയ്തു.