സംസ്ഥാനത്ത് മഴ കനക്കുന്നു; 9 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

കോഴിക്കോട്; സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മധ്യ കേരളത്തിലും വടക്കൻ കേരളത്തിലും മഴ കനക്കും. 9 ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചു. ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

മലയോര മേഖലകളിൽ ശക്തമായ മഴയോടൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വലക്ക് ഏർപ്പെടുത്തി. തീരദേശ വാസികളും മത്സ്യതൊഴിലാളികളും ജാഗ്രത പാലിക്കണം.

അതേസമയം മൂന്നു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകിയിട്ടുണ്ട്. കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് കളക്ടർമാർ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രഫഷണൽ കോളജുകൾക്ക് ഉൾപ്പെടെയാണ് നാളെ അവധി. വയനാട് ജില്ലയിലെ എം ആർ സ്‌കൂളുകൾക്ക് അവധിയില്ല. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും പിഎസ്‌സി പരീക്ഷകൾക്കും മാറ്റമില്ല.