അച്ഛനെ പോലെ ബഹുമാനിച്ചിരുന്ന അയാൾ അങ്ങനെ പെരുമാറിയപ്പോൾ അപമാനം കൊണ്ട് തല കുനിഞ്ഞുപോയി, ദുരനുഭവത്തെ കുറിച്ച്‌ ലക്ഷ്‌മി പ്രിയ

മിനിസ്ക്രീനിലും ബി​ഗ് സ്ക്രീനിലുമൊക്കെയായി മലയാളി പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ നടിയാണ് ലക്ഷ്‌മി പ്രിയ. 2005ൽ നരൻ എന്ന മോഹൻലാൽ ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ ലക്ഷ്മിപ്രിയ 200 ലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. മികച്ച കഥാപാത്രങ്ങളിലൂടെ മലയാളി മനസ്സിൽ ഇടം നേടിയ ലക്ഷ്മി നല്ലൊരു എഴുത്തുകാരി എന്ന നിലക്കും തന്റെ കഴിവ് തെളിയിച്ചിരുന്നു. കഥയും കഥാപാത്രങ്ങളും സാങ്കല്പികമല്ല എന്ന കൃതി വളരേ പ്രശസ്തമാണ്. ബി​ഗ് ബോസ് സീസൺ ഫോറിലെ മത്സരാർത്ഥികൂടിയായിരുന്ന ലക്ഷ്മിപ്രിയ ഇടക്ക് സൈബർ ആക്രമണങ്ങളും നേരിടാറുണ്ട്.

ഇപ്പോളിതാ ജീവിതത്തിൽ നേരിടേണ്ടി വന്ന അപമാനകരമായ സംഭവത്തെ കുറിച്ച്‌ തുറന്നു പറഞ്ഞിരിക്കുകയാണ് താരം. വർഷങ്ങൾക്ക് മുമ്പ് നടന്ന മോശമായ അനുഭവമാണ് ഫേസ്‌ബുക്കിൽ ലക്ഷ്മിപ്രിയ കുറിച്ചത്. സഹോദരിയെ പോലെ കണ്ട അയൽപക്കക്കാരിയുടെ 70 വയസുള്ള പിതാവ് തന്നോട് മോശമായ രീതിയിൽ സംസാരിച്ചുവെന്നും അത് കേട്ടപ്പോൾ അപമാനം കൊണ്ട് തലകുനിഞ്ഞുപോയെന്നും ലക്ഷ്മിപ്രിയ പറയുന്നു.

കുറിപ്പിങ്ങനെ

അപമാനം കൊണ്ട് തല കുനിയൽ 2016 ഡിസംബർ 31.സഹോദരി തുല്യയായി കരുതിയിരുന്ന അയല്പക്കക്കാരിയുടെ മറ്റൊരു സ്ഥലത്ത് താമസിക്കുന്ന 70 ന് മുകളിൽ വയസ്സുള്ള അച്ഛൻ ന്യൂ ഇയർ വിഷ് ചെയ്യാൻ ജയേഷേട്ടന്റെ ഫോണിൽ വിളിക്കുന്നു.വളരെ സ്നേഹത്തോടെ അങ്കിളേ എന്ന് വിളിച്ചു സംസാരിക്കുന്നു. ഒരു വയസ്സ് മാത്രം ആയ മാതുവിനെക്കുറിച്ച് എന്റെ കൊച്ചു മകൾ എവിടെ? എന്നെക്കുറിച്ച് എന്റെ മോളെവിടെ എന്നൊക്കെ ചോദിക്കുന്നു. ചേട്ടൻ മറുപടി പറയുന്നു. ആരാണ് ഫോണിൽ എന്ന എന്റെ ചോദ്യത്തിന് ” ഇന്ന ആളുടെ അച്ഛൻ എന്ന് ആംഗ്യത്തിലൂടെ പറയുകയും നല്ല വെള്ളമാണ് എന്ന് പറയുകയും ചെയ്തു.

എന്റെ മോൾക്ക് ഫോൺ കൊടുക്ക് എന്ന് നിർബന്ധിച്ചപ്പോൾ എനിക്ക് ഫോൺ തരികയും “ആഹ് അച്ഛാ എന്ന് വിളിച്ച് ന്യൂ ഇയർ വിഷ് ചെയ്യുകയും വിശേഷങ്ങൾ ചോദിക്കുകയും ചെയ്യുന്നു. ഉടനെ ആ മനുഷ്യൻ ” ലക്ഷ്മി മോളെ, ലക്ഷ്മി എന്നു പറയുമ്പോൾ എന്റെ മനസ്സിലേക്ക് വരുന്ന കാര്യം നീ ഗർഭിണി ആയിരുന്നപ്പോൾ പാന്റ്സ് ന്റെ ഇടയിലൂടെ കാണുന്ന നിന്റെ മുഴുത്ത തുടകളാണ് മോളെ.. ഇപ്പോഴും അതോർക്കുമ്പോ ഹോ ” അത്രയുമേ ഞാൻ കേട്ടുള്ളൂ. എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.

അതുവരെ സന്തോഷത്തോടെ സംസാരിച്ച ഞാൻ കരയുന്നത് കണ്ട് എന്നോട് ചേട്ടൻ കാര്യം അന്വേഷിച്ചു. എന്റെ പിതാവിനെക്കാൾ വയസ്സുള്ള ആ മനുഷ്യന്റെ വാക്കുകൾ ആവർത്തിക്കാൻ എനിക്ക് ശക്തി ഉണ്ടായില്ല. വിങ്ങി കരഞ്ഞു കൊണ്ട് ഞാൻ ഗർഭകാലത്തെ കാലുകളെ കുറിച്ചോർത്തു. രണ്ടാം മാസം ഹിഡിംബി എന്ന നാടകം അവതരിപ്പിച്ചപ്പോൾ പ്ലാസന്റ മറിഞ്ഞു പോകുകയും തുടർച്ചയായ ബ്ലീഡിങ് ഉണ്ടാവുകയും ചെയ്തിരുന്നു. അന്ന് മുതൽ തുടങ്ങിയ ബ്ലീഡിങ് ആറെ മുക്കാൽ മാസത്തിൽ മാതുവിനെ സിസേറിയൻ ചെയ്ത് എടുക്കുന്നത് വരെ തുടർന്നു. അതേ തുടർന്നു അന്ന് മുതൽ ഹെവി ഡോസ് ഹോർമോൺ ഗുളികകൾ കഴിക്കുകയും എല്ലാ ആഴ്ചകളിലും സിന്തറ്റിക് ഹോർമോൺ ഇൻജെക്ഷൻ എടുക്കുകയും ബ്ലീഡിങ് മൂലം മിക്ക ദിവസവും ഹോസ്പിറ്റലിൽ അഡ്മിറ്റാക്കുകയും മാത്രമല്ല ഗർഭത്തിന്റെ മൂന്നാം മാസം മുതൽ പ്രസവം വരെ ഞാൻ ഷുഗർ രോഗി ആവുകയും രണ്ടു നേരം ഇൻസുലിൻ എടുക്കുകയുമൊക്കെ ചെയ്തിരുന്നു.മൂന്നാം മാസം മുതൽ തുട മുതൽ കാൽപ്പാദം വരെ നീര് വിങ്ങിയിരുന്നു. ഒരു വലിയ പഴുത്ത ചക്കപ്പഴം പോലെ

അങ്ങനെയുള്ള ഗർഭിണിയുടെ മുഴുത്ത തുടകൾ എന്റെ കുഞ്ഞിന് ഒരു വയസ്സ് കഴിഞ്ഞ ശേഷവും മനസ്സിൽ കൊണ്ടു നടക്കുന്നു എന്ന് ഞാൻ എന്റെ പിതാവിനെപ്പോലെ ബഹുമാനിച്ചിരുന്ന വ്യക്തി പറഞ്ഞപ്പോൾ അപമാനം കൊണ്ട് എന്റെ തല കുനിഞ്ഞു പോയി….