പാര്‍ലമെന്റ് ആക്രമണത്തിലെ പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വിട്ടു, പോലീസ് വിശദമായി ചോദ്യം ചെയ്യും

ന്യൂഡല്‍ഹി. പാര്‍ലമെന്റ് ആക്രമണക്കേസില്‍ പിടിയിലായ പ്രതികളെ കോടതി ഏഴു ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. യുപി സ്വദേശി സാഗര്‍ ശര്‍മ, മൈസൂരു സ്വദേശി മനോരഞ്ജന്‍ ഗൗഡ, മഹാരാഷ്ട്രയില്‍ നിന്നുള്ള അമോള്‍ ഷിന്‍ഡൈ, ഹരിയാന സ്വദേശിനി നീലം എന്നിവരെയാണ് പാട്യാല ഹൗസ് കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടത്.

പ്രതികളെ വ്യാഴാഴ്ച വൈകിട്ടാണ് കോടതിയില്‍ ഹാജരാക്കിയത്. പ്രതികള്‍ക്കെതിരെ യുഎപിഎ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. വിശദമായി ചോദ്യം ചെയ്യുന്നതിന് പ്രതികളെ കസ്റ്റഡിയില്‍ വേണം എന്ന് പോലീസ് കോടതിയില്‍ ആവശ്യപ്പെട്ടു. അതേസമയം ലോക്‌സഭയില്‍ ബഹളം വെച്ച 14 എംപിമാരെ സസ്‌പെന്‍ഡ് ചെയ്തു. വിഷയത്തില്‍ ആഭ്യന്തരമന്ത്രി അമിത് ഷാ പ്രസ്താവന നടത്തണം എന്നാവശ്യപ്പെട്ടായിരുന്നു ബഹളം.

കേരളത്തില്‍ നിന്നുള്ള നാല് അംഗങ്ങള്‍ ഉള്‍പ്പെടെയാണ് ഈ ലോക്‌സഭാ കാലയളവില്‍ സസ്‌പെന്‍ഡ് ചെയ്തത്. ഗുരുതരമായ അച്ചടക്കലംഘനമാണ് ഇവര്‍ നടത്തിയതെന്ന് പ്രമേയത്തില്‍ പറയുന്നു.