അഴിമതിക്കെതിരെ സിനിമയില്‍ ശബ്ദിച്ചാല്‍ പോര; വിജയിക്ക് ഒരു ലക്ഷം പിഴ

തമിഴ് നടന്‍ വിജയ്ക്ക് ഒരു ലക്ഷം രൂപ പിഴ വിധിച്ച് കോടതി. ആഢംബര കാറിന് ഇറക്കുമതി തീരുവ ഇളവു വേണമെന്നാവശ്യപ്പെട്ട് നടന്‍ വിജയ് ഹര്‍ജി നല്‍കിയിരുന്നു. എന്നാല്‍ താരം നല്‍കിയ ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളുകയായിരുന്നു. മാത്രമല്ല, വിജയ്ക്ക് ഒരു ലക്ഷം രൂപ പിഴ കോടതി വിധിക്കുകയും ചെയ്തിരുന്നു.

കൂടാതെ അഭിനേതാക്കള്‍ യഥാര്‍ഥ ജീവിതത്തില്‍ ‘റീല്‍ ഹീറോകള്‍’ ആകരുതെന്നും മദ്രാസ് ഹൈക്കോടതി വിമര്‍ശിച്ചു. ജസ്റ്റിസ് എസ്എം സുബ്രഹ്‌മണ്യനാണ് നടനെ വിമര്‍ശിച്ചത്. ഇംഗ്ലണ്ടില്‍നിന്ന് 2012ല്‍ ഇറക്കുമതി ചെയ്ത റോള്‍സ് റോയ്‌സ് ഗോസ്റ്റ് കാറിന്റെ എന്‍ട്രി ടാക്‌സില്‍ ഇളവു തേടിയാണ് വിജയ് കോടതിയെ സമീപിച്ചത്.

വിജയ് സമര്‍പ്പിച്ച അപ്പീല്‍ തള്ളിയ ശേഷമാണ് കോടതി വിധി. വിജയ് ഉള്‍പ്പെടെയുള്ള ചില നടന്‍മാര്‍ക്ക് നിരവധി ആരാധകരുണ്ട്. യഥാര്‍ത്ഥ ജീവിതത്തില്‍ ഹീറോ പരിവേഷമാണ് ആരാധകര്‍ ഇവര്‍ക്ക് നല്‍കുന്നത്. ഇക്കാരണത്താല്‍ തന്നെയാണ് പലപ്പോഴും ഇത്തരം നടന്മാർ ഭരണാധികാരികളായതും. അപ്പോള്‍ അവർ വെറും ‘റീൽ ഹീറോസ്” മാത്രമാകരുത്.  ഇത്തരം പ്രവര്‍ത്തികള്‍ ദേശവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമായാണ് വ്യാഖാനിക്കപ്പെടുന്നത്. കോടതി വിമര്‍ശിച്ചു. ഈ മാസം എട്ടാം തീയതിയാണ് പിഴ വിധിച്ചുകൊണ്ടുള്ള ഉത്തരവ് ഇറക്കിയത്.

നടനെ രൂക്ഷമായ ഭാഷയിലാണ് കോടതി വിമര്‍ശിച്ചത്.വിജയ് അഭിനയിക്കുന്ന ചിത്രങ്ങള്‍ എല്ലാം തന്നെ അഴിമതിക്ക് എതിരെയുള്ളതാണ്. അത്തരം വേഷങ്ങളിലൂടെയാണ് ആരാധകരുണ്ടായതും. ടാക്‌സ് വെട്ടിപ്പ് നടത്തിയത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയുന്ന ഒന്നല്ല.