നടി പ്രവീണയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ച കേസ്, സുരേഷ് ഗോപിയുടെ ഇടപെടലാണ് പ്രതിയെ വേഗം പിടികൂടാന്‍ സഹായിച്ചതെന്ന് പ്രവീണ

ചെന്നൈ. മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ പ്രതിയെ പിടികൂടിയ പോലീസിന് നന്ദി അറിയിച്ച് നടി പ്രവീണ. തിരുവനന്തപുരം സൈബര്‍ പോലീസാണ് പ്രതിയെ പിടികൂടിയത്. കേസില്‍ പോലീസ് നടപടി നീണ്ടുപോയതില്‍ ആശങ്കയുണ്ടായിരുന്നുവെന്നും സുരേഷ് ഗോപി വഴി പ്രധാനമന്ത്രിയുടെ ഓഫീസില്‍ പരാതി നല്‍കിയതോടെയാണ് അറസ്റ്റ് വേഗത്തിലായതെന്നും പ്രവീണ പറഞ്ഞു.

പ്രതി കേരളത്തില്‍ അല്ല എന്നതാണ് പോലീസിനെ കുഴക്കിയ പ്രശ്‌നം. പ്രതി ഡല്‍ഹിയിലായിരുന്നു. സുരേഷ് ഗോപി വിളിച്ചപ്പോള്‍ ഈ പ്രശ്‌നം പരഞ്ഞു. തുടര്‍ന്ന് പ്രധാനമന്ത്രിയുടെ ഓഫീസില്‍ കൊടുത്തേക്കാം പരാതി എഴുതി നല്‍കാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. രണ്ട് ദിവസം മുമ്പാണ് പരാതി നല്‍കിയത്. കേരള പോലീസും ഒരുപാട് ശ്രമിച്ചിരുന്നുവെന്നും പ്രവീണ പറഞ്ഞു.

കേസ് അന്വേഷണത്തില്‍ പോലീസ് ഒരുപാട് കഷ്ടപ്പെട്ടു. കേസ് ഇപ്പോള്‍ കോടതിയിലെത്തി. താനും മകളും അടക്കം നല്‍കിയ പരാതികളുണ്ടെന്നും പ്രവീണ. അതേസമയം കേസില്‍ തമിഴ്‌നാട് സ്വദേശി ഭാഗ്യരാജിനെ കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരം സിറ്റി സൈബര്‍ പോലീസ് വീണ്ടും പിടികൂടിയത്. സമാന കേസില്‍ ആദ്യ തവണ ജാമ്യത്തിലിറങ്ങിയ പ്രതി പ്രതികാര ബുദ്ധിയോടെ ചിത്രങ്ങള്‍ പ്രചരിപ്പിക്കുകയായിരുന്നു.