പണം എന്റെ മടിയിലേക്ക് ഇട്ടു, ഉടൻ തന്നെ തോക്ക് ചൂണ്ടി എന്നെ പോലീസ് പിടികൂടുകയായിരുന്നു- നടി പ്രിയങ്ക അനൂപ്

നടി പ്രിയങ്ക അനൂപ് തന്റെ പേരിൽ നടി കാവേരിയും അമ്മയും ഉണ്ടാക്കിയ കള്ള കേസിനേകുറിച്ചും 20 വർഷത്തിനു ശേഷം സത്യം തെളിഞ്ഞതിനേക്കുറിച്ചും സംഭവിച്ചതെല്ലാം തുറന്നു പറയുന്നു. ഒപ്പം കോടതിവിധിക്ക് ശേഷം ഉണ്ടായ പുതിയ വിഷയങ്ങളും. പ്രിയങ്ക അനൂപ് കർമ്മ ന്യൂസിന് നൽകിയ എക്സ്ക്ലൂസീവ് അഭിമുഖം.. കാവേരിയുടെ അമ്മ പണ പൊതി തന്റെ മടിയിലേക്കിടുകയും പോലീസ് ചാടി വീണ്‌ എന്നെ പിടികൂടുകയുമായിരുന്നു. തോക്ക് ചൂണ്ടിയാണ്‌ അന്ന് തന്നെ കൊച്ചിയിൽ പോലീസ് ഭീഷണിപ്പെടുത്തി പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയത്- നടി പ്രിയങ്ക അനൂപ്

Exclusive Interview, K S Apoos (Special Correspondent)

20 വർഷങ്ങൾക്ക് ശേഷം. എങ്ങനെ നോക്കിക്കാണുന്നു ഈ വിജയത്തെ?
വിജയിച്ചത് ഞാനല്ല, മറിച്ച് സത്യമാണ്. സത്യം എന്നും വിജയിക്കുക തന്നെ ചെയ്യും. എന്റെ കാര്യത്തിൽ അതിന് 20 വർഷത്തെ കാത്തിരിപ്പ് വേണ്ടിവന്നു എന്ന് മാത്രം. എന്നെങ്കിലുമൊരിക്കൽ സത്യം പുറത്തുവരുമെന്ന വിശ്വാസമാണ് ജീവിക്കാൻ പ്രേരിപ്പിച്ചത്. അല്ലെങ്കിൽ പിന്നെ അന്ന് കേസിന്റെ ആദ്യദിനം കോടതിയിൽ നിന്ന് തിരികെ വീട്ടിൽ വന്നിട്ട് ആത്മഹത്യക്ക് ശ്രമിക്കാൻ പോയ ഞാൻ രണ്ടാമതൊന്ന് ചിന്തിക്കില്ലായിരുന്നല്ലോ.

എന്തായിരുന്നു കാവേരിയുമായുള്ള യഥാർത്ഥ പ്രശ്നം?
ഞങ്ങൾ തമ്മിൽ ഒരു പ്രശ്നവുമില്ലായിരുന്നു. അത് മാത്രമല്ല ശരിക്കും നല്ല സുഹൃത്തുക്കൾ കൂടിയായിരുന്നു. വീട്ടുകാരുമായി പോലും ആ സൗഹൃദം ഉണ്ടായിരുന്നു. ആ സൗഹൃദം ഒന്ന് കൊണ്ടുമാത്രമാണ് അവരുടെ ഫോട്ടോസ് ക്രൈം പോലൊരു മാഗസിന്റെ കവർ ചിത്രമായി വരുന്നു എന്ന സന്ദേശം കിട്ടിയപ്പോൾ വിളിച്ചറിയിക്കാൻ തോന്നിയത്. എന്നെ സംബന്ധിച്ചിടത്തോളം അത് ഒരു അജ്ഞാതസന്ദേശമായിരുന്നു. അറിയാത്ത നമ്പറിൽ നിന്നും ഒരു കോൾ. കിട്ടിയ വിവരം സത്യമാണെങ്കിൽ അത് കാവേരിയെ എത്രത്തോളം ബാധിക്കും എന്ന് മനസിലാക്കിയത് കൊണ്ടാണ് അവരുടെ അമ്മയെ വിളിച്ച് കാര്യം പറഞ്ഞത്. പക്ഷെ കാര്യങ്ങൾ വളഞ്ഞുതിരിയുകയായിരുന്നു. എല്ലാത്തിനും ഒടുവിൽ ഞാൻ കുറ്റക്കാരിയായി.

മാഗസിനിൽ കവർ ചിത്രം വരാതിരിക്കാൻ പണം ചോദിച്ചുവെന്ന് പറയുന്നത്?
ഞാൻ എന്തിന് പണം ചോദിക്കണം. എനിക്ക് ആ മാസികയുമായി ഒരു ബന്ധവുമില്ലല്ലോ. കാവേരിയുടെ അമ്മ കിട്ടിയ ആ വാർത്തയുമായി മാഗസിൻ ടീമിനെ ബന്ധപ്പെട്ടു. പിന്നീട് സംഭവിക്കുന്നത് അവർ എന്നെ നേരിട്ട് കാണാൻ വിളിച്ചതാണ്. ആലപ്പുഴ പ്രിൻസ് ഹോട്ടലിന്റെ മുൻപിൽ വെച്ച് കാണാം എന്നുപറഞ്ഞു. കാറിൽ നിന്ന് ഇറങ്ങിയത് പോലുമില്ല, അതിനു മുന്നേ തന്നെ കുറച്ച് കാശെടുത്ത് അവർ എന്റെ മടിയിലേക്ക് വെച്ചു. മറ്റെന്തെങ്കിലും എനിക്ക് ചോദിക്കാനാവുന്നതിനു മുൻപ് അവിടെ പോലീസ് എത്തിക്കഴിഞ്ഞിരുന്നു. തോക്ക് ചൂണ്ടിയാണ് അവർ എന്നെ അറസ്റ്റ് ചെയ്യുവാണെന്ന് പറഞ്ഞത്. ശരിക്കും അപ്രതീക്ഷിതമായ ഒന്ന്. കേട്ടാൽ ഒരു സിനിമാക്കഥ പോലെയേ തോന്നൂ…. പിന്നീട് സംഭവിച്ചത് എന്നെ നേരെ പോലീസ് സ്റ്റേഷനിൽ കൊണ്ടുപോയതാണ്. ഈ സംഭവങ്ങളൊക്കെ നടക്കുമ്പോൾ അവരുടെ കൂടെ ആ മാസികയുടെ എഡിറ്ററുമുണ്ടായിരുന്നു.

വിധി വരാൻ 20 വർഷമെടുത്തല്ലോ?
2015-ൽ അവർ വീണ്ടും പുനരന്വേഷണത്തിന് കോടതിയെ സമീപിച്ചു. അങ്ങനെയാണ് കേസ് നീണ്ടുപോയത്. എല്ലാത്തിനുമൊടുവിൽ സത്യം തെളിഞ്ഞില്ലേ? സത്യം എന്നത് ആർക്കും എല്ലാക്കാലവും മറച്ചുവെക്കാൻ പറ്റില്ല. പ്രിയങ്ക അനൂപിനെതിരെ ഒരു തെളിവുമില്ല, അവർ ഒരു തെറ്റും ചെയ്തതായി കാണുന്നില്ല എന്ന് പറഞ്ഞാണ് കോടതി വിധി പ്രഖ്യാപിച്ചത്. നമ്മുടെ വിശ്വാസം നമ്മെ രക്ഷിക്കുക തന്നെ ചെയ്യും. ആ വിശ്വാസത്തിലായിരുന്നു ഇതുവരെയുള്ള യാത്ര, ഇനിയും അങ്ങനെ തന്നെ.

20 വർഷത്തിനിടയിൽ കാവേരിയോ അമ്മയോ വിളിച്ചിരുന്നോ?
കോടതിയിൽ വെച്ച് കണ്ടുമുട്ടുന്നു എന്നതല്ലാതെ നേരിൽ കണ്ടിട്ടേ ഇല്ല. കാവേരിയുടെ അമ്മ ഒരിക്കൽ വിളിച്ചു. അവർ എന്നോട് കോമ്പ്രമൈസിൽ പോകാമെന്ന് പറഞ്ഞു. ഞാൻ കാവേരിയോട് ക്ഷമ പറഞ്ഞാൽ മാത്രം മതിയെന്ന്. എന്ത് വിരോധാഭാസമാണ്? ഒരു തെറ്റും ചെയ്യാത്ത ഞാൻ ക്ഷമ പറയണമെന്ന്. കേസിൽ നിന്ന് എന്നെ ഒഴിവാക്കണമെങ്കിൽ ഞാൻ ഒരേ ഒരു തവണ ക്ഷമ പറഞ്ഞാൽ മതിയെന്ന അവരുടെ നിബന്ധന എന്നും സത്യത്തെ മുറുകെപ്പിടിക്കുന്ന എനിക്ക് കൂടുതൽ പ്രകോപനമാണ് തന്നത്. കേസ് ഇങ്ങനെ നീണ്ടുപോകവേ കുറെ കഴിഞ്ഞപ്പോൾ കാവേരിക്ക് എപ്പോഴും കോടതിയിൽ വരാൻ പറ്റാത്ത സാഹചര്യമൊക്കെയായി. ആ സാഹചര്യത്തിൽ അവർ കേസ് പിൻവലിക്കാനൊക്കെ പോയി. പക്ഷെ ഞാൻ അതുമായി സഹകരിച്ചില്ല. എന്റെ നിരപരാധിത്വം എനിക്ക് തെളിയിച്ചേ പറ്റൂ…. ഇക്കാലമത്രയും കഷ്ടപ്പെട്ടത് അതിനുവേണ്ടി മാത്രമാണ്.

മാഗസിൻ ടീമിന്റെ നിലപാട് എന്തായിരുന്നു?
എല്ലാത്തിന്റെയും തുടക്കം അവരിൽ നിന്നാണല്ലോ. ഈ പറയുന്ന മാഗസിന്റെ കവർ എന്താണെന്നും ഉള്ളടക്കം എങ്ങനെയുള്ളതാണെന്നും എടുത്തുപറയേണ്ട കാര്യമില്ലല്ലോ. അവർ എന്റെ ഫോട്ടോയും ഒരിക്കൽ ദുരുപയോഗം ചെയ്തിരുന്നു. എന്നെ അറിയിക്കാതെ എന്റെ ഫോട്ടോസ് എഡിറ്റ് ചെയ്ത് കവറാക്കി. ഞാൻ അതിനെതിരെ കേസ് കൊടുത്തിരുന്നു.

ഭർത്താവും കുടുംബവും തരുന്ന പിന്തുണ ഏറെ വലുതാണല്ലോ?
അതെ, അന്ന് ഈ പ്രശ്നം നടക്കുന്ന സമയത്ത് ഞാൻ വിവാഹിത പോലുമല്ല. അന്ന് ഞാൻ കടന്നുപോയ ട്രോമ എത്രയോ വലുതാണോ. അതിനു ശേഷം എനിക്ക് വന്ന ഒരു വിവാഹലോചന മുടങ്ങി. പിന്നീട് എന്നെ നന്നായി മനസിലാക്കിയ, എന്നെ ആത്മാർഥമായി സ്നേഹിച്ച അനൂപ് ജീവി‌തത്തിലേക്ക് വരുകയാരുന്നു. എന്തൊക്കെ പ്രശ്നങ്ങളിലൂടെ കടന്നുപോയാലും എന്നെ മനസിലാക്കുന്ന, ഞാൻ ഒരു തെറ്റും ചെയ്യില്ലെന്ന് വിശ്വസിച്ച് കൂടെനിൽക്കുന്ന കുടുംബം തന്നെയാണ് എന്റെ ഏറ്റവും വലിയ പിന്തുണ.

പക്ഷേ അക്കാലത്ത് സിനിമയിൽ നിന്ന് ഒരു മാറ്റിനിർത്തൽ ഉണ്ടായിരുന്നില്ലേ?
അങ്ങനെയൊന്നുണ്ടായിരുന്നു എന്നതാണ് സത്യം. ആ സംഭവത്തിന് ശേഷം രണ്ടോ മൂന്നോ വർഷം നല്ല പ്രോജക്ടൊന്നും വന്നില്ല. ചില സിനിമകളിൽ അവസാനനിമിഷം എന്നെ ഒഴിവാക്കിയിട്ടുണ്ട്. പ്രിയങ്കയാണോ എങ്കിൽ വേണ്ട എന്ന് അവർ പറഞ്ഞത് എന്റെ ചെവിയിലുമെത്തി. ഇന്ന് ഞാൻ ഇത്‌ തുറന്നുപറയുമ്പോൾ അവർക്ക്‌ മനസിലാകുക തന്നെ ചെയ്യും. എനിക്ക് തുടർച്ചയായി അവസരം തന്നുകൊണ്ടിരുന്ന ചില സംവിധായകർ ഈ പ്രശ്നത്തിന് ശേഷവും എനിക്കൊപ്പം നിന്ന സാഹചര്യവുമുണ്ടായി. പിന്നെ അന്നത്തെ ആ സംഭവം കഴിഞ്ഞ സമയത്താണ് ഏഷ്യാനെറ്റിൽ നിന്ന് വിളിച്ചിട്ട് നിർത്തിവെച്ചിരുന്ന പരിഭവം പാർവതി എന്ന പരിപാടി വീണ്ടും ആരംഭിക്കാം എന്ന് പറയുന്നത്. ആ ഒരു സമയത്ത് എനിക്ക് അത് വലിയൊരു ആശ്വാസം തന്നെയായിരുന്നു. തളർന്നു പോകാതിരിക്കാൻ അത് തന്നെ ധാരാളമായിരുന്നു. ഞാനായിട്ട് ഒരിക്കലും സിനിമയിൽ നിന്ന് മാറിനിൽക്കുകയോ ഇടവേളയെടുക്കുകയോ ഒന്നും ചെയ്തിട്ടില്ല. ഞാൻ എന്നും സിനിമയിലും ടെലിവിഷനിലുമൊക്കെ ആക്റ്റീവായി തന്നെയുണ്ടായിരുന്നു.

ശത്രുക്കളോട് ക്ഷമിക്കുന്ന കൂട്ടത്തിലാണോ പ്രിയങ്ക ?
ജീവിതത്തിൽ ശത്രുക്കളെ ആഗ്രഹിക്കുന്നയാളല്ല ഞാൻ. ഞാൻ ചെയ്തത് എന്താണ്? എന്റെ ഒരു സുഹൃത്തിനെ സഹായിക്കാമെന്ന് കരുതി. അതിന്റെ പേരിൽ ഒരു കുറ്റാരോപിതയായി 20 വർഷമാണ് ഞാൻ ജീവിച്ചത്. 20 വർഷം എന്നത് വളരെ എളുപ്പത്തിൽ പറഞ്ഞുപോകാം. പക്ഷെ അത് എനിക്ക് എത്രത്തോളം കഠിനമായിരുന്നു. അമ്മ എന്നൊരു സംഘടന ഇവിടെയുണ്ട്. അവർക്ക് അമ്മയിൽ പറയാമായിരുന്നല്ലോ. അവിടന്ന് ഒരു പരിഹാരമുണ്ടാകുമായിരുന്നു. അതിനുപകരം കാവേരിയുടെ അമ്മ മാഗസിൻ ടീമിനെ കൂട്ടുപിടിച്ച് എന്നെ തകർക്കാൻ നോക്കി. എന്നിട്ട് എവിടെയെത്തി? കാവേരി ഇന്നെവിടെയാണ്? അവരുടെ ജീവിതം എവിടെ എത്തിനിൽക്കുന്നു? എല്ലാം നിമിത്തമാണ്.

‘അമ്മ’ സംഘടന എത്രത്തോളം പിന്തുണച്ചിരുന്നു?
സംഘടനയിലെ അംഗങ്ങൾ എന്ന നിലയിൽ സംഘടനയ്ക്കുള്ളിൽ പറഞ്ഞ് സംശയം തീർക്കാമായിരുന്നു അവർക്ക്. അത് അവർ ചെയ്തില്ല. ഈ പ്രശ്നത്തിന് ശേഷവും സംഘടന യാതൊരു രീതിയിലും എന്നെ മാറ്റി നിർത്തിയിട്ടില്ല. അങ്ങനെയൊരു സംഘടനാസംവിധാനത്തിൽ വിശ്വാസമർപ്പിക്കുന്ന ഒരാളാണ് ഞാൻ.

മാഗസിൻ ടീം ശക്തമായി പ്രിയങ്കക്കെതിരെ തിരിഞ്ഞിരുന്നല്ലോ?
ഞാൻ പറഞ്ഞില്ലേ, എന്റെ ഫോട്ടോസ് എഡിറ്റ് ചെയ്തുപയോഗിച്ച് കാശുണ്ടാക്കിയവരാണ് അത്.എന്റെ തലയും മാറ്റാരുടെയോ ശരീരവും. അതിന്റെ പേരിൽ എനിക്കുണ്ടായ നഷ്ടം ആർക്ക് നികത്താൻ പറ്റും?  അങ്ങനെയൊരു സാഹചര്യത്തിലൂടെ കടന്നുപോകുന്ന ഒരു പെൺകുട്ടിയുടെ അവസ്ഥ എത്രത്തോളം ദയനീയമാണ്. ആ മാസികയുടെ തലപ്പത്തിരിക്കുന്നവരെയൊന്നും ഞാൻ പരിചയപ്പെടുത്തേണ്ട ആവശ്യമില്ലല്ലോ. എല്ലാം എല്ലാവർക്കും അറിയാവുന്നതല്ലേ….

ഇപ്പോൾ കാവേരിയുടെ അമ്മയുടെ പ്രതികരണം വന്നിട്ടുണ്ടല്ലോ?
എന്തടിസ്ഥാനമാണ് അതിനുള്ളത്. അവർ ക്ഷമിച്ചത് കൊണ്ടാണ് ഞാൻ രക്ഷപെട്ടതെന്നാണ് ഇപ്പോൾ അവരുടെ വാദം. അവർ ക്ഷമിച്ചു എന്ന് പറയുമ്പോഴാണോ കോടതി എന്നെ നിരപരാധിയാക്കുന്നത്. അതിനാണോ 20 വർഷമെടുത്തത്? എന്തിനാണ് വീണ്ടും ഇങ്ങനെ ഓരോ പ്രസ്താവനകളുമായി വരുന്നത്. അവർ ക്ഷമിച്ചു എന്ന് പറഞ്ഞാൽ കോടതി മറ്റൊന്നും നോക്കാതെ ഒരാളെ വെറുതെ വിടുമോ? അവർ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയാണ്. അത് പൂർണമായും തെറ്റാണ്. സത്യത്തിൽ അവർക്ക് കുറ്റബോധം പലപ്പോഴുമുണ്ടായിരുന്നു. പക്ഷെ അത് പുറത്തുപ്രകടിപ്പിക്കാൻ അവർ മടിക്കുകയാണ്.

ഇനി മുന്നോട്ട്?
വിധി വന്നിട്ടും നമ്മളെ ഉപദ്രവിക്കാൻ വേണ്ടി പുറകെ വരുന്നത് എത്ര ദുഷ്കരമാണ്. ഇക്കഴിഞ്ഞ 20 വർഷവും ഈ കേസിനെപ്പറ്റി ഞാൻ ഒരിടത്തും ഒന്നും പറഞ്ഞിട്ടില്ല. ജീവിതത്തിലെ അത്രയും ഗൗരവകരമായ ഒരു ഘട്ടം തന്നെയായിരുന്നു ഇത്‌. ഞാൻ തെറ്റുചെയ്തിട്ടില്ലെന്ന് എന്നെ സ്നേഹിക്കുന്നവർ വിശ്വസിച്ചു. അത് മതി. ഇപ്പോൾ കാവേരിയുടെ അമ്മയുടെ ഒരു വോയിസ് ക്ലിപ് പുറത്തുവന്നിട്ടുണ്ട്. അത് മാഗസിന്റെ മേധാവിക്ക് അവർ അയച്ചതാണ്. അതിൽ തന്നെ എന്താണ് അവർ പറയുന്നത്. ‘ഞാൻ എന്ത് പ്രശ്നമുണ്ടെങ്കിലും സാറിനെയല്ലേ വിളിക്കുന്നതെന്ന്’. അതിൽ നിന്ന് എല്ലാം വ്യക്തം. ഈ പറയുന്ന മാഗസിൻ മേധാവി കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിന്റെ സമയത്ത് എന്നെ വിളിച്ചിരുന്നു. പഴയതെല്ലാം മറക്കൂ… നമുക്ക് ഒരു ആർട്ടിക്കിൾ ഒക്കെ കൊടുക്കാമെന്ന് പറഞ്ഞ്. എന്തൊക്കെയാ നമുക്ക് ചുറ്റും നടക്കുന്നത്. ഇനിയും എന്നെ ഉപദ്രവിക്കാൻ ശ്രമിച്ചാൽ ശക്തമായി ഞാൻ നിയമത്തെ തന്നെ കൂട്ടുപിടിക്കും. അതിൽ എനിക്ക് വിശ്വാസമുണ്ട്.

പുതിയ പ്രതീക്ഷകൾ?
ഇപ്പോൾ മനസൊന്ന് തണുത്തു. സത്യം പുറത്തുവന്നതിന്റെ സതോഷവും സമാധാനവും ഉണ്ട്. ഈശോ, കേശു ഈ വീടിന്റെ നാഥൻ തുടങ്ങിയ സിനിമകളൊക്കെ ഉണ്ട്. പിന്നെ പരിഭവം പാർവതി ഇപ്പോഴുമുണ്ട്. ജീവിതം ചിലതൊക്കെ പഠിപ്പിച്ചു. പഠിച്ച അധ്യായങ്ങൾ മനസ്സിൽ ഉറപ്പിച്ച് യാത്ര തുടരാം.

karma news exclusive interview