അമിതാഭ് ബച്ചനും അഭിഷേകിനും പിന്നാലെ ഐശ്വര്യ റായിക്കും മകൾക്കും കൊവിഡ്

ബോളിവുഡ് നടി ഐശ്വര്യ റായിക്കും മകൾ ആരാധ്യ ബച്ചനും കോവിഡ് സ്ഥിരീകരിച്ചു. ഇരുവരേയും മുംബൈ നാനാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ അമിതാഭ് ബച്ചനേയും മകൻ അഭിഷേക് ബച്ചനേയും കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഇതേ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

രണ്ടാം ഘട്ട പരിശോധനാ ഫലവും പോസിറ്റീവ് ആയതോടെയാണ് രോഗബാധ സ്ഥിരീകരിച്ചത്. അമിതാഭിനും അഭിഷേകിനും കഴിഞ്ഞ ദിവസമായിരുന്നു രോഗബാധ സ്ഥിരീകരിച്ചത്. തുടർന്ന് കുടുംബാംഗങ്ങളെ നാനാവതി ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചിരുന്നു.

അതേസമയം കൊവിഡ് ബാധയ്ക്ക് ചികിത്സയിൽ കഴിയുന്ന അമിതാഭ് ബച്ചന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. രോഗബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് ബച്ചൻ കുടുംബത്തിന്റെ വീടുകൾ ശുചീകരിക്കുകയും പൂട്ടുകയും ചെയ്തു. പ്രദേശം കണ്ടെയ്ന്മെന്റ് സോൺ ആയി പ്രഖ്യാപിക്കുകയും ചെയ്തു.

ആദ്യം കൊവിഡ് ടെസ്റ്റ് നടത്തിയപ്പോൾ ഫലം നെഗറ്റീവ് ആയിരുന്നെങ്കിലും രണ്ടാമത്തെ ടെസ്റ്റിലായിരുന്നു പോസിറ്റീവായത്. രോഗലക്ഷ്ണങ്ങൾ പ്രകടിപ്പിച്ചപ്പോൾ തന്നെ ഇരുവരും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇക്കാര്യം ട്വിറ്ററിലൂടെ അഭിഷേക് തന്നെ പുറംലോകത്തോട് പറഞ്ഞിരുന്നു. എനിക്കും അച്ഛനും കൊവിഡ് ഫലം പോസിറ്റീവാണ്. ലക്ഷണങ്ങൾ കണ്ടപ്പോൾ തന്നെ ബന്ധപ്പെട്ട അധികാരികളെ അറിയിക്കുകയും ആശുപത്രിയിൽ എത്തുകയും ചെയ്തു. കുടുംബത്തിലെ എല്ലാവരും ജോലിക്കാരുടെയുമെല്ലാം ടെസ്റ്റ് നടത്തിയിട്ടുണ്ട്. ആരും പേടിക്കേണ്ടതില്ലെന്ന് കൂടി അഭിഷേക് പറഞ്ഞിരുന്നു.