മിന്നല്‍ മുരളിയിലെ തയ്യല്‍ക്കട കത്തിക്കല്‍ രംഗം ഫേസ്ബുക്കില്‍ പങ്കുവെച്ച് കെ സുരേന്ദ്രന്‍

മിന്നല്‍ മുരളി എന്ന ചിത്രത്തിലെ ഗുരു സോമസുന്ദരം തയ്യല്‍ക്കടയ്ക്ക് തീവെച്ച ശേഷം നിലവിളിക്കുന്ന രംഗം ഫേസ്ബുക്കില്‍ പങ്കുവെച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ചിത്രത്തിലെ വീഡിയോയ്ക്ക് നിരവധി കമന്റുകളാണ് ലഭിക്കുന്നത്. ‘ഷിബുസ്വാമിയുടെ നിര്‍ദ്ദേശ പ്രകരമാണോ ഇത് ചെയ്തത് അതോ മുഖ്യമന്ത്രിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ നിന്നും ശ്രദ്ധതിരിക്കുവനാണോ’ എന്നിങ്ങനെ രസകരമായ കമന്റുകളാണ് വീഡിയോയ്ക്ക് താഴെ ലഭിക്കുന്നത്. ഇത് സംബന്ധിച്ച് നിരവധി ട്രോളുകളും പുറത്ത് വരുന്നുണ്ട്.

അതേസമയം എകെജി സെന്ററില്‍ നടന്ന ആക്രമണത്തെ സംബന്ധിച്ചുള്ള പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ രംഗത്തുവന്നു. സിപിഐഎമ്മും സര്‍ക്കാരും പ്രതിരോധത്തിലാകുമ്പോള്‍ കേരളത്തില്‍ ആക്രമങ്ങള്‍ വര്‍ദ്ധിക്കുന്നതില്‍ യാദൃശ്ചികമല്ലെന്ന് അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ ഉയര്‍ന്ന് വന്നിരിക്കുന്ന രാഷ്ട്രീയ സാഹചര്യത്തില്‍ മുഖ്യമന്ത്രിയും സര്‍ക്കാരും പ്രോട്ടോകോള്‍ ലംഘനം നടത്തിയെന്ന് വ്യക്തമായതാണ് ഇതില്‍ നിന്നും ജനങ്ങളുടെ ശ്രദ്ധതിരിക്കേണ്ടത് മുഖ്യമന്ത്രിയുടെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

പോലീസിന്റെ ശക്തമായ സുരക്ഷയുള്ള എകെജി സെന്ററിന് നേരെ ആക്രമണം നടത്തിയ വ്യക്തിയുടെ മുഖവും വാഹത്തിന്റെ നമ്പരും സിസിടിവിയില്‍ പതിയാത്തത് ദുരുഹമാണ്. സുരക്ഷ വിഴ്ചയുടെ ഉത്തരവാദിത്വം മുഖ്യമന്ത്രിക്കുണ്ടെന്നും ഇത് ആഭ്യന്തര വകുപ്പിന്റെ പരാജയമാണെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.