ഡോക്ടര്‍ നിയമനത്തിനായി കോഴ വാങ്ങിയ സംഭവം, ഇടനിലക്കാരന്‍ അഖില്‍ സജീവിനെ പ്രതി ചേര്‍ക്കും

തിരുവനന്തപുരം. നിയമനം ലഭിക്കാന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ പഴ്‌സണല്‍ സ്റ്റാഫ് അഖില്‍ മാത്യു കോഴ വാങ്ങിയെന്ന മലപ്പുറം സ്വദേശി ഹരിദാസന്റെ ആരോപണത്തില്‍ ഇടനിലക്കാരനായ അഖില്‍ സജീവനെ പ്രതി ചേര്‍ക്കും. വിഷയത്തില്‍ അഖില്‍ മാത്യു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കന്റോണ്‍മെന്റ് പോലീസ് ഹരിദാസന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു.

പോലീസിന് ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തിലാണ് അഖില്‍ സജീവിനെതിരെ കേസ് എടുത്തത്. അതേസമയം അഖില്‍ സജീവനുമായി ബന്ധമുള്ള കോഴിക്കോട് സ്വദേശി ലെനിനോട് മൊഴിയെടുക്കുന്നതിനായ് ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. എന്നാല്‍ അഖില്‍ സജീവന്‍ ഒളിവിലാണെന്നാണ് പോലീസ് പറയുന്നത്. അതേസമയം അഖില്‍ സജീവനാണ് ഹോമിയോ ഡോക്ടര്‍ നിയമനത്തിനായി മന്ത്രിയുടെ പഴ്‌സണല്‍ സ്റ്റാഫിന് പണം നല്‍കാമെന്ന് പറഞ്ഞതെന്ന് ഹരിദാസന്‍ മൊഴി നല്‍കി.

പണം നല്‍കിയെങ്കിലും നിയമനം നടക്കാതെ വന്നതോടെ ഹരിദാസന്‍ തിരുവനന്തപുരത്ത് വന്നു. തുടര്‍ന്ന് ഹരിദാസിനെ കണ്ടെന്നും ഒരു ലക്ഷം രൂപ നല്‍കിയെന്നും ഹരിദാസന്‍ പറയുന്നു. അഖില്‍ സജീവ് ഒരു തവണയാണ് അഖില്‍ മാത്യുവിന്റെ ചിത്രം ഹരിദാസനെ കാണിച്ചത്. എന്നാല്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ വെച്ച് കണ്ടത് അഖില്‍ മാത്യുവാണോ എന്ന് ഹരിദാസിന് ഉറപ്പില്ല.