വൈഗയുടെ ശരീരത്തില്‍ ആല്‍ക്കഹോള്‍ അംശം കണ്ടെത്തി; മകളെ ബോധരഹിതയാക്കി പുഴയില്‍ തള്ളിയതോ?

കളമശ്ശേരി : മുട്ടാര്‍ പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ വൈഗയുടെ ആന്തരിക അവയവങ്ങളുടെ പരിശോധന ഫലം തയ്യാറായി. വൈഗയുടെ ശരീരത്തില്‍ നിന്ന് ആല്‍ക്കഹോളിന്റെ അംശം കണ്ടെത്തിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇതോടെ മദ്യം നല്‍കി വൈഗയെ ബോധരഹിതയാക്കി പുഴയില്‍ തള്ളിയിട്ടതാണോയെന്ന സംശയം ഉയര്‍ന്നിട്ടുണ്ട്. കാക്കനാട് കെമിക്കല്‍ ലബോറട്ടറി അധികൃതര്‍ റിപ്പോര്‍ട്ട് അന്വേഷണ സംഘത്തിന് കൈമാറി.

അതേസമയം, വൈഗയുടെ പിതാവ് സനു മോഹനായി കര്‍ണാടകയില്‍ വ്യാപക പരിശോധന തുടരുകയാണ്. കൊല്ലൂര്‍ മൂകാംബികയും മംഗളൂരുവും കേന്ദ്രീകരിച്ചാണ് കേരള പോലീസ് സംഘം തിരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുന്നത്. സനു മോഹന്‍ ആറ് ദിവസം തങ്ങിയ മൂകാംബികയിലെ ഹോട്ടലിനുള്ളിലെ കൂടുതല്‍ ദൃശ്യങ്ങളും പുറത്തുവന്നു.

ഹോട്ടലില്‍ നല്‍കിയ തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പില്‍ നിന്നാണ് ഇയാളെ ജീവനക്കാര്‍ തിരിച്ചറിഞ്ഞത്. സനു മോഹന്റെ ആധാര്‍ കാര്‍ഡാണ് തിരിച്ചറിയല്‍ രേഖയായി നല്‍കിയത്. ഹോട്ടലിലെ ബില്ലടക്കാന്‍ ആവശ്യപ്പെട്ടപ്പോഴാണ് സനു മോഹന്‍ കടന്നുകളഞ്ഞതെന്ന് ഹോട്ടല്‍ ജീവനക്കാര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം രാവിലെ 8.45 ഓടെയാണ് സനു മോഹന്‍ ഹോട്ടലില്‍ നിന്ന് കടന്നുകളഞ്ഞത്. ഹോട്ടലില്‍ ഉണ്ടായിരുന്ന രണ്ട് ദിവസവും സനു മോഹന്‍ മാസ്‌ക് ധരിച്ചിരുന്നു.

പേരും വിലാസവും കണ്ട് സംശയം തോന്നിയ ഹോട്ടല്‍ മാനേജ്മെന്റ് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. ഏപ്രില്‍ 10 മുതല്‍ 16-ാം തീയതി രാവിലെ 8.45 വരെ സനുമോഹന്‍ ലോഡ്ജില്‍ താമസിച്ചിരുന്നതായാണ് ജീവനക്കാര്‍ നല്‍കുന്ന വിവരം. മാന്യമായാണ് പെരുമാറിയത്. അതിനാല്‍ അസ്വാഭാവികതയൊന്നും തോന്നിയില്ല. മുറിയുടെ വാടക അവസാനം ഒറ്റത്തവണയായി കാര്‍ഡ് പെയ്‌മെന്റിലൂടെ നല്‍കാമെന്ന് പറഞ്ഞു. ജീവനക്കാര്‍ ഇത് വിശ്വസിക്കുകയും ചെയ്തു. താമസിച്ച ആറ് ദിവസവും ഇയാള്‍ മൂകാംബിക ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയിരുന്നതായും ജീവനക്കാര്‍ പറഞ്ഞു.