ഐസിയുവും വെന്റിലേറ്ററും ഉള്ളത് കൊണ്ട് മാത്രം ഇന്നും നമുക്കിടയില്‍ ജീവിച്ചിരിക്കുന്ന കുറേ കോവിഡ് വന്ന് മാറിയ മനുഷ്യരുണ്ട്, ഡോ. ഷിംന അസീസ് പറയുന്നു

കോവിഡ് രണ്ടാം വ്യാപനം ശക്തമായി ലോകരാജ്യങ്ങളെ പിടിച്ചു കുലുക്കുകയാണ്. ഇതിനിടയിലും കോവിഡിനേക്കാള്‍ മാരകമായ വ്യാജ വാര്‍ത്തകളും പ്രചരിക്കുന്നുണ്ട്യ. ഇപ്പോള്‍ ഇത്തരത്തില്‍ ഒരു വ്യാജ വാര്‍ത്തയെ പൊളിച്ചടുക്കിയിരിക്കുകയാണ് ഡോ. ഷിംന അസീസ്. ഇറ്റലിയില്‍ കോവിഡ് ബാധിച്ച് മരിച്ചയാളെ പോസ്റ്റ്‌മോര്‍ട്ടം ചെയ്ത സംഭവത്തിന്റെ പേരില്‍ പ്രചരിക്കുന്ന വ്യാജ വാര്‍ത്തയെ കുറിച്ചാണ് ഷിംന ഫേസ്ബുക്കിലൂടെ പ്രതികരിച്ചിരിക്കുന്നത്.

ഡോ. ഷിംന അസീസിന്റെ കുറിപ്പ്, ലോകത്ത് ആദ്യമായി കോവിഡ് ബാധിച്ച് മരിച്ച ആളുടെ ശരീരം പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഇറ്റലിക്കാര്‍ ഞെട്ടി, കൂടെ ആ വാട്ട്‌സ്ആപ്പ് മെസേജ് വായിച്ച നിങ്ങളും ഞെട്ടി, ഇത് കേട്ട ഞാനും ഞെട്ടി. കാരണം എന്താന്നറിയോ? അജ്ജാതി പൊളിയാണ് ആ മെസേജ്. കോവിഡ് 19 വൈറസല്ല, ബാക്ടീരിയ ആണെന്ന് മെസേജില്‍ പറഞ്ഞിട്ടുണ്ട്. ഈ പറഞ്ഞ ലോകത്തെ മുഴുവന്‍ കട്ടപ്പുറത്താക്കിയ വൈറസായ SARS COV 2 അഥവാ Severe Acute Respiratory Syndrome Corona Virus 2 എന്ന ഈ ഹലാക്കിലെ ജന്തുവിനെ നമ്മുടെ ഐസിഎംആര്‍ ശാസ്ത്രജ്ഞരടക്കം ഇലക്‌ട്രോണ്‍ മൈക്രോസ്‌കോപ്പ് ഉപയോഗിച്ച് കണ്ട് പഠനങ്ങള്‍ നടത്തിയിട്ടുണ്ട്. ഇഷ്ടം പോലെ ആര്‍ട്ടിക്കിളുകള്‍ നെറ്റിലുണ്ട്. ബാക്ടീരിയയെക്കുറിച്ച് ഇനി ഈ വീട്ടില്‍ ഒരക്ഷരം മിണ്ടിപ്പോകരുത്.

പിന്നെ, ലോകത്ത് ആദ്യമായി കോവിഡ് ബാധിച്ച് മരിച്ചയാളെ പോസ്റ്റ്‌മോര്‍ട്ടം ചെയ്തത് ഇറ്റലിയല്ല, ചൈനയാണ്. ലോകാരോഗ്യസംഘടന ഇത്തരത്തിലുള്ള ഓട്ടോപ്‌സി വിലക്കിയിട്ടില്ല. ലോകത്തുള്ള മുഴുവന്‍ ആശുപത്രികളെയും നിയന്ത്രിക്കാനുള്ള ഏകാധിപത്യത്തിനുള്ള അധികാരവും ലോകാരോഗ്യസംഘടനക്കില്ല. ഈ പോസ്റ്റ്‌മോര്‍ട്ടത്തിലെ കണ്ടുപിടിത്തങ്ങള്‍ എടുത്ത് വായിച്ചപ്പോള്‍ ശ്വാസകോശത്തിലും ഹൃദയത്തിലും വൃക്കയിലും കരളിലുമെല്ലാം മാറ്റങ്ങളുള്ളതായാണ് കാണുന്നത്. മെസേജില്‍ പറയുന്ന ‘രക്തം കട്ട പിടിക്കല്‍’ മാത്രമല്ല മരണകാരണമാകുന്നത്. അതിനെതിരെ ആവശ്യമെങ്കില്‍ രക്തം കട്ട പിടിക്കാതിരിക്കാനുള്ള മരുന്നുകള്‍ നല്‍കുന്നത് ലോകമെങ്ങുമാണ്, ഇറ്റലിയില്‍ മാത്രമല്ല. ഈ മരുന്ന് കൂടാതെ രോഗിക്കുള്ള സങ്കീര്‍ണതക്കനുസരിച്ച് ഒരുപാട് മരുന്നുകളും മെഡിക്കല്‍ സാങ്കേതികതയും ഉപയോഗിച്ച് തന്നെയാണ് ആരോഗ്യപ്രവര്‍ത്തകര്‍ രോഗികളെ രക്ഷിച്ച് വരുന്നത്.

Amplified global 5G eletcromagnetic radiation (ബ്രാക്കറ്റില്‍ ‘വിഷം’ എന്നുമുണ്ട്, എന്തരോ എന്തോ!!) മനുഷ്യശരീരത്തില്‍ വൈറസിനെ പരത്തില്ല. കമ്പ്യൂട്ടറിലെ വൈറസിനെ പരത്താന്‍ 5G ടെക്‌നോളജിക്ക് ആവും. ആ പിന്നേ, 5G ടെക്‌നോളജി ഏറ്റെടുത്തിട്ടില്ലാത്ത ഇന്ത്യ ഇപ്പോഴും കൊറോണ കേസുകളുടെ എണ്ണത്തില്‍ മോശമില്ലാത്ത സ്ഥാനം വഹിക്കുന്നുണ്ട്. 5G ഉപയോഗിക്കുന്ന ന്യൂസിലന്റും ദക്ഷിണകൊറിയയുമൊക്കെ കോവിഡിനെ കീഴടക്കീട്ടുമുണ്ട്. ആകെയുള്ളൊരാശ്വാസം, ഇതേ മെസേജിന്റെ ഇംഗ്ലീഷ് വേര്‍ഷന്‍ വായിച്ച് കുറേ സായിപ്പന്‍മാര്‍ യുകെയില്‍ അഞ്ചോളം 5G ടവറിന് തീയിട്ടു എന്നത് വായിച്ചപ്പോഴാണ്. മണ്ടന്‍മാര്‍ ലണ്ടനില്‍ എന്നത് ഇപ്പഴാ ശരിക്കും അന്വര്‍ത്ഥമായത് !!

ഇനി കോവിഡ് പേഷ്യന്റിന് ഐസിയു വേണ്ട, വെന്റിലേറ്റര്‍ വേണ്ട എന്നൊക്കെ പറഞ്ഞത്. ഈ പറഞ്ഞ സാധനങ്ങള്‍ ഉള്ളതോണ്ട് മാത്രം ഇന്നും നമുക്കിടയില്‍ ജീവിച്ചിരിക്കുന്ന കുറേ കോവിഡ് വന്ന് മാറിയ മനുഷ്യരുണ്ട്. ഇതേക്കുറിച്ച് അവരോട് ചോദിച്ചാല്‍ പറഞ്ഞ് തരും. ആ പിന്നേ, ഒരു കൈയകലത്തില്‍ നിന്ന് ചോദിച്ചോളൂട്ടോ. അവസാനം അവരുടെ തല്ല് കൊണ്ട് നിങ്ങള്‍ ഐസിയുവിലാവേണ്ട. ആ പിന്നെ, കോവിഡിനെ ‘കീഴടക്കിയ’ ഇറ്റലിയിലെ ജനുവരി മൂന്ന് മുതല്‍ ഇന്നലെ വരെ കേസുകളുടെ എണ്ണം 22 37 890, മരണങ്ങള്‍ 77, 911 എന്നിങ്ങനെയാണ്. പറഞ്ഞൂന്നേള്ളൂ.

ഇനിയൊന്നും കൂട്ടിചേര്‍ക്കാനില്ലാന്ന് കരുതിയതാ. അപ്പോഴാ മെസേജിനിടയില്‍ അനാഥമായി കിടക്കുന്ന ഒരു ? കണ്ടത്. ഹിന്ദിയില്‍ നിന്ന് തര്‍ജമ ചെയ്തതാണെങ്കില്‍ അടുത്ത തവണ ഒന്നൂടി വൃത്തിയായി ട്വാന്‍സ്‌ലേറ്റ് ചെയ്യാനും, രണ്ടാമതൊന്ന് വായിച്ച് നോക്കാനും, മെസേജിന്റെ ചോട്ടില്‍ സ്വന്തം പേര് ചാര്‍ത്താനും ശ്രദ്ധിക്കുമല്ലോ. കുറച്ചൂടി പ്രഫഷനലായി ഗൂഢാലോചനാസിദ്ധാന്തം അടിച്ചിറക്കി പരത്തിയെഴുതി ഞങ്ങടെ നെഞ്ചത്ത് കുത്തണം സര്‍. എന്നാലല്ലേ താളം വരൂ… സവിനയം, മാസങ്ങളായി കോവിഡ് 19 എന്ന സാധനം കൊണ്ട് ജീവിതം സ്റ്റക്കായിപ്പോയ ആരോഗ്യപ്രവര്‍ത്തകരില്‍ ഒരാള്‍. (മുന്‍പൊരിക്കല്‍ പൊളിച്ചെഴുതിയതാണ്. ഇപ്പോള്‍ പൂര്‍വ്വാധികം ശക്തിയോടെ വീണ്ടും വാട്ട്‌സ്ആപ്പില്‍ ഇറ്റലി പോസ്റ്റ്‌മോര്‍ട്ടം വ്യാജ മെസേജ് പരക്കുന്നത് പ്രമാണിച്ച് റീപോസ്റ്റ് ചെയ്യുന്നു)