ശരിയായ വേദിയില്‍ വരാന്‍ അജിത് പവാര്‍ വളരെ സമയം എടുത്തുവെന്ന് അമിത് ഷാ

മുംബൈ. ശരിയായ വേദിയിലെത്താന്‍ അജിത് പവാറിന് വളരെ സമയം എടുത്തുവെന്ന് അമിത് ഷാ. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി പുനെയില്‍ എത്തിയപ്പോഴായിരുന്നു ഇരുവരും ആദ്യമായി ഒരു വേദിയില്‍ ഒരുമിച്ച് എത്തുന്നത്. ഞാനും അജിത് പവാറും ഒരുമിച്ച് ഒരു വേദിയില്‍ എത്തുന്നത് ആദ്യമായിട്ടാണ്. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ ശരിയായ വ്യക്തിയാണ് അജിത് ദാദ എന്നും അദ്ദേഹം പറഞ്ഞു.

ഒരു കാര്യം പറയുവാന്‍ ആഗ്രഹിക്കുകയാണ്. ഇപ്പോഴാണ് താങ്കള്‍ ശരിയായ വേദിയിലെത്തിയത്. അജിത് പവാര്‍ നേതൃത്വം നല്‍കുന്ന എന്‍സിപി ബിജെപി ശിവസേന സഖ്യത്തിന്റെ ഭാഗമായതിന് ശേഷം ആദ്യമായിട്ടാണ് അമിത് ഷാ പൂെയില്‍ എത്തുന്നത്. അജിത് പവാറും എട്ട് നേതാക്കളുമാണ് ബിജെപി സഖ്യത്തില്‍ എത്തിയത്. മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ, ഉപമുഖ്യമന്ത്രിമാരായ ദേവേന്ദ്ര ഫഡ്‌നാവിസ്, അജിത് പവാര്‍ എന്നിവര്‍ വലിയ സ്വീകരണമാണ് അമിത് ഷായ്ക്ക് നല്‍കിയത്.