അമൃതയെ ചേര്‍ത്ത് പിടിച്ച് ഗോപി സുന്ദര്‍, ഒരായിരം പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് അമൃത

സംഗീത സംവിധായകന്‍ ഗോപി സുന്ദറിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ഗായിക അമൃത സുരേഷ്. ഫേസ്ബുക്കില്‍ ഇരുവരും ഒരുമിച്ചുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് അമൃത ആശംസ അറിയിച്ചിരിക്കുന്നത്. ഇരുവരുടെയും നിരവധി ആരാധകരും ചിത്രത്തിന് താഴെ ആശംസകള്‍ അറിയിച്ച് കമന്റുകള്‍ ചെയ്യുന്നുണ്ട്. അമൃതയെ ചേര്‍ത്ത് പിടിച്ചിരിക്കുന്ന ഗോപി സുന്ദറാണ് ചിത്രത്തിലുള്ളത്. അതേസമയം ഇരുവര്‍ക്കും എതിരെ മോശമായ അഭിപ്രായങ്ങളും ഉയരുന്നുണ്ട്. വളരെ മോശം കമന്റുകളും ഇക്കൂട്ടത്തിലുണ്ട്.

കഴിഞ്ഞ ദിവസമാണ് അമൃത സുരേഷും സംഗീത സംവിധായകന്‍ ഗോപി സുന്ദറും ഒരുമിച്ചുള്ള പുതിയ ചിത്രം സോഷ്യല്‍മീഡിയയില്‍ വൈറലായത്. പിന്നിട്ട കാതങ്ങള്‍ മനസ്സില്‍ കുറിച്ച് അനുഭവങ്ങളുടെ കനല്‍വരമ്പു കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക്’എന്ന ഒരേ കുറിപ്പോടെയാണ് ഇവര്‍ ചിത്രം പങ്കുവച്ചത്.

ചിത്രം സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചതിന് പിന്നാലെ രൂക്ഷമായ സൈബര്‍ ആക്രമണം ഇരുവര്‍ക്കും നേരിടേണ്ടി വന്നു. ഇതില്‍ ഏറ്റവും കൂടുതല്‍ സൈബര്‍ അറ്റാക്ക് നേരിടുന്നത് അമൃത സുരേഷിന്റെ ഫെയ്‌സ്ബുക് പോസ്റ്റിന് നേരെയാണ്. ‘കാലവും, കാറ്റും എന്നും ഉണ്ടാകും അപ്പോളും പുതിയ വഴികളെ തേടാതിരുന്നാല്‍ നിങ്ങള്‍ക്കു നല്ലത്’, ‘ഏതു വഴി പോയാലും അവസാനം പെരുവഴി അവാതിരുന്നാല്‍ മതി’, ‘ഏതായാലും കോപ്രായങ്ങള്‍ക്ക് ഒരു നിയന്ത്രണം ഉണ്ടാവുമല്ലൊ’,’ഇതും ഗോപി’ എന്നിങ്ങനെ വളരെ മോശം കമന്റുകളാണ് പോസ്റ്റിന് ലഭിക്കുന്നത്.