ബാക്കി ബില്ലുകളിലും ഗവര്‍ണര്‍ ഒപ്പിടുമെന്നുതന്നെയാണ് വിശ്വാസം: എ.എന്‍ ഷംസീര്‍

ബാക്കി ബില്ലുകളിലും ഗവര്‍ണര്‍ ഒപ്പിടുമെന്നുതന്നെയാണ് വിശ്വാസമെന്ന് സ്പീക്കര്‍ എ.എന്‍. ഷംസീര്‍. ഭരണഘടനാ പ്രതിസന്ധി നിലവിലില്ല. ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന് കരുതുന്നു. ഭരണഘടനാപരമായ ബാധ്യതകള്‍ ഗവര്‍ണര്‍ നിറവേറ്റുമെന്നാണ് പ്രതീക്ഷയെന്നും സ്പീക്കര്‍ പറഞ്ഞു.

നിലവില്‍ വകുപ്പ് സെക്രട്ടറിമാര്‍ വിശദീകരണം നല്‍കിയ അഞ്ച് ബില്ലുകളിലാണ് ഗവര്‍ണര്‍ ഒപ്പുവെച്ചത്. നാല് ബില്ലുകളുടെ കാര്യത്തില്‍ തീരുമാനമായിട്ടില്ല. സര്‍വ്വകലാശാല, ലോകായുക്ത ബില്ലുകളില്‍ ഒപ്പു വെക്കില്ല എന്ന് വ്യക്തമാക്കിയിട്ടുണ്ട്. ആകെ 11 ബില്ലുകളാണ് നിയമസഭ പാസ്സാക്കി ഗവര്‍ണര്‍ക്ക് അയച്ചത്.

വിവാദ ബില്ലുകളില്‍ ഒപ്പിടില്ലെന്നും മറ്റുള്ള ബില്ലുകളില്‍ ഒപ്പിടണമെങ്കില്‍ മന്ത്രിമാരോ സെക്രട്ടറിയോ നേരിട്ട് എത്തണമെന്നും ഗവര്‍ണര്‍ ചീഫ് സെക്രട്ടറിയെ അറിയിച്ചിരുന്നു. മാരിടൈം ബോര്‍ഡ് ഭേദഗതി, തദ്ദേശ സ്വയംഭരണ പൊതുസര്‍വിസ്, പി.എസ്.സി ഭേദഗതി, ജ്വല്ലറി വര്‍ക്കേഴ്‌സ് ക്ഷേമ ബോര്‍ഡ് ഭേദഗതി, ധന ഉത്തരവാദിത്ത ഭേദഗതി ബില്‍ എന്നിവയിലാണ് ഗവര്‍ണര്‍ ഒപ്പിട്ടത്. കാര്യമായ വിവാദമില്ലാത്ത ബില്ലുകളാണിവ.

ബുധനാഴ്ച ഡല്‍ഹിക്കുപോയ ഗവര്‍ണര്‍ ഗുവാഹതി, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ പരിപാടികള്‍ക്കുശേഷം ഒക്‌ടോബര്‍ മൂന്നിനേ കേരളത്തില്‍ തിരിച്ചെത്തൂ. യാത്രക്കുമുമ്പാണ് അഞ്ച് ബില്ലുകള്‍ അംഗീകരിച്ചത്.