അയ്യന് പാലഭിഷേകമേകി ആനന്ദിന്റെ ഗോക്കൾ

ശബരിമല അയ്യപ്പന് സമർപ്പിക്കുന്ന പ്രധാന വഴിപാടുകളിൽ ഒന്നാണ് പാലഭിഷേകം. പാലഭിഷേകം ആയുസ്‌ വർദ്ധിപ്പിക്കും എന്നാണ്‌ വിശ്വാസം. ഇപ്പോഴിതാ അയ്യന് പാലഭിഷേകമേകി ആനന്ദിന്റെ ഗോക്കൾ ആണ് ഇവിടെ ശ്രദ്ദേയമാകുന്നത് .എന്നും പുലർച്ചെ രണ്ടുമണിയോടെ ആനന്ദും സന്നിധാനത്തെ ഗോശാലയും ഉണരും. പശുക്കളെ വൃത്തിയാക്കിയതിനു ശേഷമാണ് പാൽ കറക്കൽ. അയ്യപ്പന് അഭിഷേകം ചെയ്യുവാനായി പശുക്കളിൽനിന്ന് കറന്നെടുത്ത പാൽ മൂന്ന് മണിയോട് കൂടി സന്നിധാനം ശ്രീകോവിലിൽ എത്തിക്കും. ഇവിടെ തുടങ്ങുന്നു ബംഗാളിയായ ആനന്ദ് സാമന്തിന്റെ ദിനചര്യ.

കഴിഞ്ഞ എട്ടു വർഷമായി സന്നിധാനം ഗോശാലയുടെ പരിപാലകനാണ് 49 കാരനായ ആനന്ദ് സാമന്ത. പശ്ചിമ ബംഗാളിൽ നിന്നും കോൺക്രീറ്റ് ജോലി തേടി പാലക്കാടെത്തിയ ആനന്ദ് ഒരു നിയോഗം പോലെയാണ് ശബരീ സന്നിധിയിലെത്തുന്നത്. ചെർപ്പുളശ്ശേരി സ്വദേശി സുനിൽ കുമാറെന്ന സുനിൽ സ്വാമിയെ കണ്ടുമുട്ടുന്നതോടെയാണിത്. സുനിൽ സ്വാമിയാണ് ആനന്ദിനെ ശബരീ സന്നിധിയിൽ എത്തിക്കുന്നത്. ഗോശാലകളാൽ സമൃദ്ധമായ നാട്ടിലെ പരിചയം ഇവിടെയും തുണയായി. ശബരിസന്നിധിയിൽ ഗോപരിപാലനം ആനന്ദപൂർവ്വം ചെയ്യുന്ന ആനന്ദ് കഴിഞ്ഞ 3 വർഷമായി നാട്ടിൽ പോയിട്ട്. ഇക്കുറി മകരവിളക്ക് ഉത്സവം കഴിഞ്ഞതിനുശേഷം രണ്ട് മാസത്തിനുള്ളിൽ ഗോശാലയിലേക്ക് തിരിച്ചെത്തുകയാണ് ലക്ഷ്യം.

11 വർഷങ്ങൾക്ക് മുമ്പ് 20 പശുക്കളുമായി ആരംഭിച്ച ഗോശാലയിൽ നിലവിൽ 31 കന്നുകാലികളാണുള്ളത്. ഏഴു പശുക്കൾക്കാണ് കറവയുള്ളത്. 11 കാളക്കിടാക്കളും ഇതിൽ ഉൾപ്പെടുന്നു. എച്ച് എഫ്, ജാർസി, ബിച്ചു, ഗീർ എന്നീ ഇനത്തിലുള്ള കന്നുകാലികളാണ് ഇവിടെയുള്ളത്. 13 ലിറ്ററോളം പാലാണ് ദിനംപ്രതി ലഭ്യമാകുന്നത്. പശുക്കൾക്കുള്ള വൈക്കോലും പുല്ലും എല്ലാം യഥേഷ്ടമുണ്ടിവിടെ. രാവിലേയും വൈകീട്ടുമായി വൈക്കോലിനൊപ്പം തവിടും പശുക്കൾക്ക് നൽകുന്നു. കന്നുകാലികൾക്ക് പുറമേ ആട്, കോഴികൾ എന്നിവയാൽ സമൃദ്ധമാണിവിടം. 40 കോഴികളും അയ്യപ്പ ഭക്തർ സമർപ്പിച്ച രണ്ട് ആടുകളും ഈ ഗോശാലയുടെ ഭാഗമാണ്. ചൂട് ശമനത്തിനായി ഫാനുകളും വെളിച്ചം പകരാൻ ലൈറ്റുകളും ഗോശാലയിൽ ക്രമീകരിച്ചിട്ടുണ്ട്.

ഗോശാലയും ആനന്ദും മണ്ഡല മകരവിളക്ക് തീർഥാടനം കഴിഞ്ഞാലും സജീവമായിത്തന്നെ ഉണ്ടാകും. ആ സമയങ്ങളിൽ പശുക്കളെ മേയാൻ വിടാറാണ് പതിവ്. പശുക്കളെ മേയാൻ വിടുന്നതിനെക്കുറിച്ച് ചോദിച്ചാൽ ആനന്ദിന് പറയാനുള്ളത് ഇങ്ങനെ ” ഏക് മാസ്റ്റർ ഹെ വോ… സബ് പതാ ഹേ… അവർ എവിടെ പോയാലും വൈകീട്ട് ആറ് മണിക്ക് മുമ്പേ തിരിച്ചെത്തും”. ശബരീ പീഠത്തിലും നീലിമലയിലും പമ്പയിലുമെല്ലാം പശുക്കൾ പോവാറുണ്ടെന്നും കൃത്യമായി തിരിച്ചെത്താറുണ്ടെന്നും ആനന്ദ് സാക്ഷ്യപ്പെടുത്തുന്നു. നിലവിൽ തീർത്ഥാടന തിരക്കു കാരണവും മറ്റു ഭക്ഷണാവശിഷ്ടങ്ങൾ കഴിച്ച് അസുഖം വരാൻ സാധ്യത ഉള്ളതിനാലും പശുക്കിടാങ്ങൾ ഗോശാലക്കുള്ളിൽ തന്നെയാണ് കഴിയുന്നത്.