ഇറ്റാലിയൻ തട്ടിപ്പ്കാരി അനിത പുല്ലയിൽ ലോക കേരള സഭയിൽ, മോൻസൺ മാവുങ്കൽ ലോക്നാഥ് ബഹറ കൂട്ടുകാരി അനിതൻ പുല്ലയിൽ

മോൺസൺ മാവുങ്കൽ കേസിലെ വിവാ​ദ നായിക ഇറ്റലിയിൽ നിന്നുള്ള പ്രതിനിധി അനിത പുല്ലയിൽ ലോക കേരള സഭയ്ക്കെത്തിയതിൽ ദുരൂഹത. വിവാദങ്ങളെ തുടർന്ന് ഇവരെ ഇക്കുറി ലോക കേരള സഭാ പ്രതിനിധികളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കിയിരുന്നു. എന്നാൽ, ഇക്കഴിഞ്ഞ രണ്ടുദിവസം അനിതാ പുല്ലയിൽ നിയമസഭയിൽ ഉണ്ടായിരുന്നുവെന്നാണ് വിവരം.

അതേസമയം ലോക കേരള സഭയിലേക്ക് ക്ഷണിക്കപ്പെട്ട പ്രതിനിധികളുടെ പട്ടികയിൽ അനിത പുല്ലയിൽ ഇല്ലെന്ന് നോർക്ക വ്യക്തമാക്കി. വിഷയത്തിൽ ഇപ്പോൾ പ്രതികരിക്കുന്നില്ലെന്നും പിന്നീട് പ്രതികരിക്കാമെന്നും അനിത പുല്ലയിൽ മാധ്യമങ്ങളോട്. നിയമസഭയ്ക്ക് അകത്തെ ശങ്കരൻ നാരായണൻ തമ്പി ഹാളിന് പുറത്ത് അനിത പുല്ലയിൽ രണ്ടു ദിവസവും സജീവമായി ഉണ്ടായിരുന്നു. ലോക കേരള സഭയ്ക്ക് എത്തിയ പ്രവാസി വ്യവസായികൾക്കും പ്രതിനിധികൾക്കും ഒപ്പം അനിത ചിത്രമെടുത്തു. പ്രവാസിയായ അനിത പുല്ലയിൽ മുൻപ് ലോക കേരളസഭയിൽ പങ്കെടുത്തിട്ടുണ്ട്. എന്നാൽ ഇത്തവണ ഔദ്യോഗികമായി ക്ഷണിച്ചിരുന്നില്ല.

ഇതിനിടെ, അനിത പുല്ലയിലിൻ്റെ സാന്നിധ്യം മാധ്യമങ്ങൾ തിരിച്ചറിഞ്ഞതിന് പിന്നാലെ നിയമസഭാ സമുച്ചയത്തിൽ നിന്നും വാച്ച് ആൻഡ് വാർഡുകൾ ഇവരെ പുറത്തേക്ക് പറഞ്ഞുവിട്ടു. സർക്കാർ തലത്തിലെ ഉന്നതരുമായി അടുത്ത ബന്ധം പുലർത്തുന്ന വിവാദ വനിതയുടെ നിയമസഭാ സന്ദർശനം വരും ദിവസങ്ങളിൽ വലിയ ചർച്ചയായി മാറുമെന്ന് ഉറപ്പാണ്.