എന്റെ മണ്ടത്തരങ്ങൾ സഹിച്ചതിന്, ആമിയെ മകളായി സമ്മാനിച്ചതിന്, ഭാര്യക്ക് വിവാഹ വാർഷികാശംസകളുമായി അനൂപ് മേനോൻ

വിവാഹ വാർഷിക ദിനത്തിൽ ഭാര്യ ഷേമയ്ക്ക് ആശംസകൾ നേർന്ന് നടൻ അനൂപ് മേനോൻ. ഷേമയ്‌ക്കൊപ്പമുള്ള സെൽഫി ചിത്രം പങ്കുവെച്ച് ഹൃദയം തൊടുന്ന കുറിപ്പോടെയാണ് അനൂപ് മേനോൻ ആശംസ അറിയിച്ചത്. തന്റെ മണ്ടത്തരങ്ങളും ഭ്രാന്തും സഹിച്ചതിനും ആമിയെപ്പോലൊരു മകളെ സമ്മാനിച്ചതിനും ഭാര്യയോട് ഒരുപാട് നന്ദിയുണ്ടെന്ന് ഫെയ്‌സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ അനൂപ് മേനോൻ പറയുന്നു.

‘വിവാഹവാർഷിക ആശംസകൾ നേർന്ന എല്ലാവരോടും നന്ദി പറയുന്നു. എന്റെ മണ്ടത്തരങ്ങളും ക്ഷമിക്കാൻ കഴിയാത്ത ഭ്രാന്തുകളും സഹിച്ചതിന് പ്രിയതമയ്ക്ക് നന്ദി. ആമിയെപ്പോലൊരു മകളെ എനിക്ക് സമ്മാനിച്ചതിന്, എന്റ സാഹസികയാത്രകളിൽ സഹയാത്രികയായതിന്, പ്രിയേ നിനക്ക് ഒരുപാട് നന്ദി. ഇനിയും പുറപ്പെടാനിരിക്കുന്ന എണ്ണിയാൽ തീരാത്ത യാത്രകൾക്ക്, നീയെന്ന സുന്ദരമായ മനസ്സിന്, ഇതിലെല്ലാം അപ്പുറം എന്നെ ഞാൻ ആകാൻ അനുവദിച്ചതിന് ഒരുപാടൊരുപാട് സ്‌നേഹം.’-അനൂപ് മേനോൻ ഫെയ്‌സ്ബുക്കിൽ കുറിച്ചു.

2014 ഡിസംബർ 27-നാണ് അനൂപ് മേനോനും ഷേമ അലക്‌സാണ്ടറും വിവാഹിതരായത്. ഇരുവരും എട്ടാം വിവാഹവാർഷികമാണ് ആഘോഷിച്ചത്. ഈ വർഷം അനൂപ് മേനോന്റെ മൂന്നു ചിത്രങ്ങൾ റിലീസ് ചെയ്തിരുന്നു. പത്മ, വരാൽ, കിംഗ് ഫിഷ് തുടങ്ങിയ ചിത്രങ്ങളാണത്. ഇതിൽ പത്മ, കിംഗ് ഫിഷ് സിനിമകളുടെ സംവിധായകനും അനൂപ് മേനോൻ തന്നെയായിരുന്നു. ഈ വർഷം പുറത്തിറങ്ങിയ ഏഴു ചിത്രങ്ങളിൽ, 21 ഗ്രാംസ് എന്ന സിനിമയിലെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ‘ഒരു നാല്പതുകാരന്റെ ഇരുപത്തൊന്നുകാരി’ എന്ന സിനിമ വരാനിരിക്കുന്നു. പ്രിയ വാര്യരാണ് ഇതിലെ നായിക. നിയമ ബിരുദധാരിയായ അനൂപ് മേനോൻ ഒന്നാം റാങ്കോടെയാണ് തിരുവനന്തപുരം ലോ കോളേജിൽ നിന്നും പഠനം പൂർത്തിയാക്കിയത്