അനുപമയുടെ ചാനൽ 1 മില്യൺ അടിച്ചേക്കും, കമന്റുകൾ നിറയുന്നു

കൊല്ലം : കേരളത്തെ ഞെട്ടിച്ച ഓയൂരിലെ ആറ് വയസുകാരിയെ തട്ടിക്കൊണ്ടു പോകലിൽ അറസ്റ്റിലായ അനുപമ പത്മകുമാറിന്റെ യൂട്യൂബ് ചാനലിൽ സബ്സ്‌ക്രൈബർമാരുടെ എണ്ണം കൂടുകയാണ്. അറസ്റ്റ് ചെയ്യുമ്പോൾ 4.98 ലക്ഷം സബ്സ്‌ക്രൈബർമാരാണ് ഉണ്ടായിരുന്നത്. എന്നാൽ ഇന്ന് 5.25 ലക്ഷമായി സബ്സ്‌ക്രൈബർമാരുടെ എണ്ണം ഉയർന്നു.

ദിവസങ്ങൾക്കുള്ളിൽ കാൽ ലക്ഷത്തിൽ കൂടുതൽ പേർ അനുപമയെ ഫോളോ ചെയ്‌തെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. . എല്ലാരും ഒന്ന് ശ്രമിച്ചാൽ 1 മില്യൺ അടിക്കാം എന്നൊക്കെയാണ് കമന്റുകൾ നിറയുന്നത്. അനുപമ അറസ്റ്റിലായി മൂന്ന് ദിവസം പിന്നിടുമ്പോൾ ആണ് ഇത്തരത്തിൽ സബ്സ്‌ക്രൈബർമാരുടെ എണ്ണം ഉയരുന്നത്.

അനുപമ പങ്കുവച്ച മിക്ക വീഡിയോകളുടെ വ്യൂസും ദിവസേന കൂടുന്നുണ്ട്. പലരും വീഡിയോയ്ക്ക് താഴെ കമന്റുകളും പങ്കുവയ്ക്കുന്നുണ്ട്. ഇതിനിടെ, ചാനൽ സബ്സ്‌ക്രൈബർമാരുടെ എണ്ണം കൂടുന്നതിൽ ചിലർ അമർഷവും രേഖപ്പെടുത്തുന്നു. കഴിഞ്ഞ ജൂലായിൽ പകർപ്പവകാശ ലംഘനം നടത്തിയെന്നപേരിൽ അനുപമയ്ക്ക് യുട്യൂബ് പ്രതിഫലം തടഞ്ഞിരുന്നു. വരുമാനം നിലച്ചതോടെ മാതാപിതാക്കൾ തയ്യാറാക്കിയ തട്ടിക്കൊണ്ടുപോകൽ പദ്ധതിയിൽ അനുപമ പങ്കാളിയായത്.

അനുപമ സോഷ്യൽ മീഡിയയിൽ സജീവ സാന്നിദ്ധ്യമുള്ള ആളാണെന്ന് അന്വേഷണ ഉദ്യോഗസ്ഥനാണ് മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തിയത്. നന്നായി ഇംഗ്ളീഷ് കൈകാര്യം ചെയ്യും. ഹോളിവുഡ് താരങ്ങളെ അടക്കം അനുകരിക്കുന്ന അനുപമയുടെ വീഡിയോകളും ഇൻസ്റ്റഗ്രാം റീലുകളും വൈറലായിരുന്നു.