വരാന്തയിലൂടെ നടക്കുന്നതുമായി ബന്ധപ്പെട്ട തർക്കം, കുമരനെല്ലൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വീണ്ടും വിദ്യാർത്ഥികൾ തമ്മിൽ കൂട്ടത്തല്ല്

പാലക്കാട്: കുമരനെല്ലൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാര്‍ഥികളുടെ കൂട്ടത്തല്ല്. പ്ലസ് വണ്‍, പ്ലസ്ടു വിദ്യാര്‍ഥികളാണ് സ്‌കൂളില്‍ തമ്മിലടിച്ചത്. വിദ്യാര്‍ഥികളെ പിടിച്ചുമാറ്റാനെത്തിയ അധ്യാപകര്‍ക്കും മര്‍ദനമേറ്റു.

ചൊവ്വാഴ്ചയാണ് സംഭവം. ക്ലാസ് വരാന്തയിലൂടെ നടക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൂട്ടത്തല്ലില്‍ കലാശിച്ചതെന്നാണ് വിവരം. സംഭവത്തില്‍ പരിക്കേറ്റ നാല് പ്ലസ് വണ്‍ വിദ്യാര്‍ഥികളെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടുവിദ്യാര്‍ഥികള്‍ കുമരനെല്ലൂര്‍ പ്രാഥമികാരോഗ്യകേന്ദ്രത്തിലും ചികിത്സതേടി.

നവംബര്‍ 23-നും സമാനകാരണത്തെച്ചൊല്ലി ഹൈസ്‌കൂള്‍ വിഭാഗം വിദ്യാര്‍ഥികളും തമ്മിലടിച്ചിരുന്നു. സ്‌കൂളിന് പുറത്തുവെച്ചാണ് അന്ന് ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഏറ്റുമുട്ടിയത്. ഈ സംഘര്‍ഷത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളിലും പ്രചരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ദിവസങ്ങള്‍ക്ക് ശേഷം ഇതേകാരണവും പറഞ്ഞ് ഹയര്‍സെക്കന്‍ഡറി വിഭാഗം വിദ്യാര്‍ഥികളും ഏറ്റുമുട്ടിയത്.

ചൊവ്വാഴ്ച വിദ്യാര്‍ഥികള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായതിനെത്തുടര്‍ന്ന് പോലീസും പി.ടി.എ ഭാരവാഹികളും സ്‌കൂളിലെത്തിയപ്പോള്‍
വിദ്യാര്‍ഥികള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായെന്ന വിവരമറിഞ്ഞ് തൃത്താല പോലീസ് സ്‌കൂളിലെത്തി. വിഷയം ചര്‍ച്ചചെയ്യാനായി അടിയന്തര പി.ടി.എ. യോഗവും വിളിച്ചുചേര്‍ത്തിട്ടുണ്ട്.