ഇതാദ്യമായല്ല സംഭവിക്കുന്നത്, ‘അമ്മ’ അനുഭവങ്ങളില്‍ നിന്ന് പഠിക്കുന്നില്ല; ശക്തമായ ആരോപണവുമായി അര്‍ച്ചന കവി

താരസംഘടനയായ അമ്മയ്‌ക്കെതിരെ പലപ്പോഴായി വിമര്‍ശനങ്ങള്‍ ഉയര്‍ന്നു വരാറുണ്ട്. നടിയെ ആക്രമിച്ച സംഭവത്തിന് ശേഷമാണ് അമ്മയ്‌ക്കെതിരെയും മലയാള സിനിമയ്‌ക്കെതിരെയും വിമര്‍ശനങ്ങള്‍ വര്‍ധിച്ചത്. അതിന്റെ ഒരു ഘട്ടത്തിലാണ് ഡബ്ല്യുസിസി എന്ന സഘടന പോലും ഉണ്ടായത്. പാര്‍വതി, രേവതി, റിമ കല്ലിങ്കല്‍, പത്മപ്രിയ തുടങ്ങി നിരവധി താരങ്ങള്‍ അമ്മയ്‌ക്കെതിരെ രംഗത്ത് വന്നിരുന്നു. ഇപ്പോളിതാ നടി അര്‍ച്ചന കവിയും അമ്മയെ നിശിതമായി വിമര്‍ശിക്കുകയാണ്.

നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെതിരേയുള്ള ലൈംഗിക പീഡനക്കേസില്‍ പ്രതികരണവുമായി അര്‍ച്ചന കവി രംഗത്തെത്തിയിരിക്കുകയാണ്‌.സംഘടന മുന്‍കാല അനുഭവങ്ങളില്‍നിന്ന് ഒന്നും പഠിച്ചില്ലെന്നും അര്‍ച്ചന കൂട്ടിച്ചേര്‍ത്തു. താരസംഘടനയായ ‘അമ്മ’യില്‍ പുരുഷാധിപത്യമുണ്ടെന്നും നടി പറഞ്ഞു.

ഇതാദ്യമായല്ല ഇത്തരം സംഭവങ്ങളുണ്ടാകുന്നത്. എന്നാല്‍, ‘അമ്മ’ അതില്‍നിന്നൊന്നും പഠിച്ചില്ല. എനിക്ക് അങ്ങനെയാണ് തോന്നുന്നത്. അതുപോലെ ഇരയുടെ പേര് വിജയ് ബാബു പറഞ്ഞത് ദൗർഭാഗ്യകരമാണ്. അതുപോലെ ഇപ്പോള്‍ നടക്കുന്ന സംഭവങ്ങളും. എനിക്ക് കഴിഞ്ഞ ദിവസം ദുരനുഭവം ഉണ്ടായെങ്കിലും പോലീസിലും സിസ്റ്റത്തിലും വിശ്വാസമുണ്ട്- അര്‍ച്ചന കവി പറഞ്ഞു.