ആ പഴയ അവളെ തിരിച്ച് കിട്ടാനുള്ള കാത്തിരിപ്പിലാണ് ഞങ്ങള്‍, സയനോരയും ശില്‍പ ബാലയും പറയുന്നു

നടി ആക്രമിക്കപ്പെട്ട കേസില്‍ അതിജീവിത ഇപ്പോള്‍ തന്നെ വിജയിച്ചുവെന്നാണ് തങ്ങളുടെ വിശ്വാസമെന്ന് അതിജീവിതയായ നടിയുടെ അടുത്ത സുഹൃത്തുക്കളായ നടി ശില്‍പ ബാലയും ഗായിക സയനോരയും. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇരുവരും ഇത്തരത്തില്‍ പ്രതികരിച്ചത്. ഇത്തരമൊരു കാര്യം സംഭവിച്ചാല്‍ ഒരു പെണ്‍കുട്ടി ചിലപ്പോള്‍ ജീവന്‍ അവസാനിപ്പിച്ചേനെ. എന്നാല്‍ അവള്‍ പോരാടാനാണ് തീരുമാനിച്ചത്. അത് ലക്ഷോപലക്ഷം സ്ത്രീകള്‍ക്കാണ് പ്രചോദനമായത്.-ശില്‍പയും സയനോരയും പറഞ്ഞു.

സയനോരയും ശില്‍പയും പറഞ്ഞതിങ്ങനെ, വളരെ സന്തോഷവതിയായൊരു കുട്ടിയായിരുന്നു അതിജീവിത. നമ്മള്‍ എല്ലാവരും ഒരുമിച്ച് ഇരിക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ ചിരിച്ച് കളിച്ച് നടക്കുന്നയാളായിരുന്നു അവള്‍. എന്നാല്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി ഇരയായിരുന്നു അവള്‍, അതില്‍ നിന്നും അവള്‍ അതിജീവിതയായി മാറി വന്നിരിക്കുകയാണ്. ആ യാത്ര എത്രമാത്രം കഠിനമായിരുന്നുവെന്ന് അവള്‍ക്ക് മാത്രമേ അറിയൂ. അവള്‍ അക്രമിക്കപ്പെട്ടുവെന്നത് ഉള്‍ക്കൊള്ളാന്‍ പോലും ഞങ്ങള്‍ക്ക് സാധിച്ചിരുന്നില്ല. ആദ്യമൊക്കെ ഞങ്ങള്‍ പരസ്പരം ഫോണ്‍ ചെയ്ത് കരയുകയായിരുന്നു. ഇടയ്ക്ക് അവള്‍ അപ്രത്യക്ഷമാകും. ഇതില്‍ നിന്നും പുറത്തുവരാന്‍ ഒരുപാട് സമയമെടുക്കുമെന്ന് അറിയാവുന്നത് കൊണ്ട് തന്നെ ഞങ്ങള്‍ക്ക് അത് മനസിലാകും. ആക്രമിക്കപ്പെടുമ്പോള്‍ ഉണ്ടാകുന്ന മാനസിക ആഘാതം പറഞ്ഞറിയിക്കാന്‍ സാധിക്കില്ല. ഇങ്ങനെ സംഭവിച്ചുവെന്ന് ആളുകള്‍ക്ക് മുന്നില്‍ തെളിയിക്കുകയെന്നത് അതിനേക്കാള്‍ ആഘാതം ഉണ്ടാക്കുന്നതാണ്’.

തനിക്ക് നേരിട്ട ദുരനുഭവത്തെ കുറിച്ച് ആയിരക്കണക്കിന് പേരോട് വിശദീകരിക്കേണ്ടി വരുന്നൊരു സാഹചര്യം, അത് അവള്‍ക്ക് മാത്രമേ സാധിക്കൂ. ഞങ്ങളില്‍ ആര്‍ക്കെങ്കിലുമാണ് അത് സംഭവിച്ചതെങ്കില്‍ ഒരിക്കലും അതിജീവിക്കാന്‍ സാധിക്കുമായിരുന്നില്ല. നവീനും അമ്മയുമായിരിക്കും അവള്‍ക്കിപ്പോള്‍ ഏറ്റവും അടുപ്പമുള്ള രണ്ട് പേര്‍. പക്ഷേ അവര്‍ക്ക് പോലും ചില നേരത്ത് അവളെ സമാധാനിപ്പിക്കാന്‍ സാധിച്ചെന്ന് വരില്ല. സോഷ്യല്‍ മീഡിയയില്‍ അവള്‍ക്കെതിരെ എന്തെങ്കിലും തരത്തിലുള്ള നെഗറ്റീവ് പ്രചരണങ്ങള്‍ ഉണ്ടായാല്‍ ഞങ്ങള്‍ അവളോട് അക്കാര്യം പങ്കുവെയ്ക്കാറില്ല. അവള്‍ അത് കാണരുതേയെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കാറുള്ളത്. അവളായി പറയുന്നത് ഞങ്ങള്‍ കേള്‍ക്കുക മാത്രമാണ് ചെയ്യാറുള്ളത്. ആ പഴയ അവളെ തിരിച്ച് കിട്ടാനുള്ള കാത്തിരിപ്പിലാണ് ഞങ്ങള്‍. അഞ്ച് വര്‍ഷമായി, നടിക്ക് ഇതുവരേയും നീതി ലഭിച്ചിട്ടില്ല.

എന്നാല്‍ അവള്‍ ഇപ്പോള്‍ തന്നെ വിജയിച്ചുവെന്നാണ് ഞങ്ങളുടെ വിശ്വാസം. കാരണം ഇത്തരമൊരു കാര്യം സംഭവിച്ചാല്‍ ഒരു പെണ്‍കുട്ടി ചിലപ്പോള്‍ ജീവന്‍ അവസാനിപ്പിച്ചേനെ. എന്നാല്‍ അവള്‍ പോരാടാനാണ് തീരുമാനിച്ചത്. അത് ലക്ഷോപലക്ഷം സ്ത്രീകള്‍ക്കാണ് പ്രചോദനമായത്. ഐ എഫ് എഫ് കെ വേദിയില്‍ അവള്‍ വന്നപ്പോള്‍ ജനം അവളെ സ്വീകരിച്ചത് കണ്ടപ്പോള്‍ തന്നെ തോന്നിയത് അവള്‍ വിജയിച്ച് കഴിഞ്ഞുവെന്നാണ്. കേസ് അവസാനിച്ച് അവള്‍ അവളുടെ ജീവിതം തുടങ്ങണമെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. ഞങ്ങള്‍ സുഹൃത്തുക്കള്‍ ഏറ്റവും കൂടുതല്‍ കാത്തിരുന്നത് അവളുടെ വിവാഹമായിരുന്നു. പക്ഷേ വളരെ പെട്ടെന്ന് അത് നടന്നു. അതും സമാധാനമുള്ള മനസോടെയായിരുന്നില്ല’.

ഒരിക്കല്‍ പോലും അവളും ഭര്‍ത്താവും ഒരുമിച്ച് ഒരു യാത്ര പോയിട്ടില്ല. അവളെ ഒരു രാത്രിയില്‍ പോലും കരയാതെ കാണാന്‍ നവീന് പറ്റിയിട്ടില്ല. ഒരു ഭാര്യ എന്ന നിലയില്‍ അവള്‍ ജീവിതം ആരംഭിച്ചിട്ട് പോലും ഇല്ല. നമ്മള്‍ കാണുന്നതൊന്നുമല്ല അവളുടെ ജീവിതത്തില്‍ ഉണ്ടാകുന്നത്. ജീവിതത്തോട് തന്നെയുള്ള പോരാട്ടത്തിലാണ് അവള്‍. നേരത്തേ ഇത്തരത്തില്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വന്ന് ഞങ്ങള്‍ സംസാരിച്ചിട്ടില്ല. ഈ സംഭവത്തിന് ശേഷം ഞങ്ങള്‍ സംസാരിക്കുകയാണ്. അവള്‍ക്ക് വേണ്ടി ഞങ്ങള്‍ അല്ലാതെ മറ്റാര് സംസാരിക്കും. അവള്‍ക്ക് സംസാരിക്കാന്‍ കഴിയാഞ്ഞിട്ടില്ല. മാധ്യമങ്ങള്‍ക്ക് മുന്നില്‍ വരേണ്ടെന്ന് അവള്‍ തീരുമാനിച്ചിരിക്കുകയാണ്. അവള്‍ ഇപ്പോഴും നിയമ വ്യവസ്ഥയില്‍ ഏറെ വിശ്വാസം പുലര്‍ത്തുന്നുണ്ട്.