ചിത്രകലയിലെ അതുല്യ പ്രതിഭ ആർട്ടിസ്റ്റ് നമ്പൂതിരി അന്തരിച്ചു

മലപ്പുറം: ലളിതമായ രേഖാചിത്രങ്ങൾ കൊണ്ട് മലയാളിയുടെ വായനാനുഭവത്തെ മാറ്റിമറിച്ച ആർട്ടിസ്റ്റ് നമ്പൂതിരി എന്ന കരുവാട്ട് മന വാസുദേവൻ നമ്പൂതിരി (97 )അന്തരിച്ചു. കോട്ടക്കൽ മിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ 12.21നായിരുന്നു അന്ത്യം. രാവിലെ മുതൽ 12 മണി വരെ എടപ്പാൾ നടുവട്ടത്തെ വീട്ടിലും മൂന്ന് മണി വരെ തൃശൂർ ലളിത കലാ അക്കാദമി ഹാളിലും പൊതു ദർശനം നടക്കും. ഇന്ന് അഞ്ചരയോടെ എടപ്പാളിലെ വീട്ടുവളപ്പിലായിരിക്കും സംസ്‌കാരം.

ദൃശ്യാനുഭവത്തിന്റെ പുതിയ തലത്തിലേക്ക് സാഹിത്യവായനയെ ഉയർത്തിയ നമ്പൂതിരി മലയാളത്തിലുണ്ടായ നിരവധി അതുല്യ സാഹിത്യ സൃഷ്ടികൾക്കാണ് രേഖാ ചിത്രങ്ങൾ ഒരുക്കിയത്. തകഴി, എംടി, ഉറൂബ്, വികെഎൻ അടക്കമുള്ള നിരവധി മഹാപ്രതിഭകളുടെ സൃഷ്ടികൾക്കായി ഒരുക്കിയ ചിത്രങ്ങളാണ് നമ്പൂതിരിയെ ജനപ്രിയനാക്കിയത്. രേഖാചിത്രങ്ങളെന്ന ചിത്രരചനാ സമ്പ്രദായത്തെ പുതിയ തലത്തിലേക്ക് ഉയർത്തിയ നമ്പൂതിരി ശിൽപകലയിലും ചലച്ചിത്രകലയിലും സാഹിത്യത്തിലും തന്റെ മികവ് തെളിയിച്ചിട്ടുണ്ട്.

അരവിന്ദൻ സംവിധാനം ചെയ്ത ഉത്തരയാനം, കാഞ്ചനസീത തുടങ്ങിയ സിനിമകളുടെ ആർട്ട് ഡയറക്ടറായിരുന്നു. ഉത്തരായണത്തിന് കലാസംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും ലഭിച്ചിട്ടുണ്ട്.ചരിത്ര കഥാപാത്രങ്ങൾ ജീവൻ തുടിക്കുന്നവയായി അവതരിപ്പിച്ചു. കലാമണ്ഡലത്തിനുവേണ്ടി ഫൈബർ ഗ്ലാസിൽ ചെയ്ത കഥകളി ശില്പങ്ങളും ചെമ്പുഫലകങ്ങളിൽ വന്ന മഹാഭാരതവും രാമായണവും വിഖ്യാത പരമ്പരകളും രാജ്യാന്തര ശ്രദ്ധനേടി.

2004ൽ കേരള ലളിതകലാ അക്കാദമി രാജാരവിവർമ പുരസ്കാരം നൽകി ആദരിച്ചു. 2022ലും ലളിതകലാ അക്കാദമി ആദരിച്ചു. സംസ്ഥാന ബാലസാഹിത്യ അവാർഡും ലഭിച്ചു. കഥകളി നർത്തകരെക്കുറിച്ചുള്ള അദ്ദേഹത്തിൻറെ ചിത്രശേഖരവും ശ്രദ്ധേയമാണ് . ആത്മകഥാംശമുള്ള ‘രേഖകൾ’ എന്ന പുസ്തകം പുറത്തിറങ്ങി.

ഇളയ മകൻ വാസുദേവനും കുടുംബത്തിനുമൊപ്പം എടപ്പാൾ നടുവട്ടത്തെ വീട്ടിലായിരുന്നു താമസം. 1925 സെപ്തംബർ 13ന് പൊന്നാനി കരുവാട്ടില്ലത്ത് പരമേശ്വരൻ നമ്പൂതിരിയുടെയും ശ്രീദേവി അന്തർജനത്തിൻറെയും മകനായാണ് ജനനം. ചെന്നൈയിലെ ഗവ. കോളേജ് ഓഫ് ഫൈൻ ആർട്സിൽനിന്ന് ചിത്രകല അഭ്യസിച്ചു. റോയ് ചൗധരി, കെ സി എസ് പണിക്കർ തുടങ്ങിയ പ്രമുഖരുടെ കീഴിലായിരുന്നു ചിത്രകലാ പഠനം. 1960 മുതൽ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ വരച്ചുതുടങ്ങി. കലാകൗമുദി, സമകാലിക മലയാളം തുടങ്ങിയവയിലും വരച്ചു.2001ൽ ഭാഷാപോഷിണിയിൽ ആത്മകഥ പ്രസിദ്ധീകരിച്ചു.