നിയമസഭാ തിരഞ്ഞെടുപ്പ്, മിസോറാമിലും ഛത്തീസ്ഗഡിലും പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും

ന്യൂഡൽഹി. മിസോറാമിലും ഛത്തീസ്ഗഡിലും നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. ഛത്തിസ്ഗഡിൽ ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന 20 മണ്ഡലങ്ങളിലാണ് പരസ്യപ്രചരണം അവസാനിക്കുന്നത്. സംസ്ഥാനങ്ങളിൽ സുരക്ഷ കർശനമാക്കിയിരിക്കുകയാണ്.

നവംബർ 7, 17 തീയതികളിലായി രണ്ടു ഘട്ടമായാണ് ഛത്തീസ്ഗഡിൽ തിരഞ്ഞെടുപ്പ്. നിയമസഭയിലേക്ക് 40 അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനായി നവംബർ ഏഴിനാണ് മിസോറാമിൽ വോട്ടെടുപ്പ്.

മിസോറമിൽ ബിജെപിയും കോൺഗ്രസും എംഎൻഎഫും സെഡ്പിഎമ്മും പ്രചാരണരംഗത്തുണ്ടായിരുന്നു. ഛത്തീസ്ഗഡിൽ ഭരണം തിരിച്ചു പിടിക്കാൻ ബിജെപിയും ഭരണത്തുടർച്ച ലക്ഷ്യമിട്ട് കോൺഗ്രസും ശക്തമായ പ്രചാരണമാണ് നടത്തിയിരുന്നത്. 2018-ലായിരുന്നു ഒടുവിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടന്നത്.