ആക്രമണം മുഖ്യമന്ത്രിയുടെ ഓഫീസിലെ ഗൂഢാലോചന,മന്ത്രിയുടെ സ്റ്റാഫംഗവും നേതൃത്വം നൽകി.

 

കൽപ്പറ്റ/ രാഹുൽ ഗാന്ധി എംപിയുടെ വയനാട്ടിലെ ഓഫീസിന് നേരെ നടത്തിയ ആക്രമണം മുഖ്യമന്ത്രിയുടെ ഓഫീസിലെ ഗൂഢാലോചനയെ തുടർന്നാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. രാഹുൽഗാന്ധിയുടെ ഓഫീസിന് നേരെ ആക്രമണത്തെ ഉണ്ടാവുമെന്ന് ഇന്റലിജൻസ് മുന്നറിയിപ്പുണ്ടായിരുന്നു. എന്നിട്ട് പൊലീസ് യാതൊരു നടപടിയും എടുത്തില്ല.

മുഖ്യമന്ത്രിയുടെ ഓഫീസ് അറിഞ്ഞാണിത്. എസ്‌എഫ്‌ഐ എന്നത് ക്രിമിനൽ സംഘമായി മാറി. ആരോഗ്യമന്ത്രിയുടെ പേഴ്‌സണൽ സ്‌റ്റാഫിൽ പെട്ട ആളുടെ സാന്നിദ്ധ്യം ആക്രമണ സമയത്ത് ഉണ്ടായിരുന്നു. കൽപറ്റയിൽ തകർക്കപ്പെട്ട രാഹുൽ ഗാന്ധി എംപിയുടെ ഓഫീസ് സന്ദർശിച്ച ശേഷം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.

പൊലീസിന്റെ സംരക്ഷണയിൽ മുകളിൽ നിന്നുള‌ള നിർദ്ദേശപ്രകാരം രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിക്കുകയായിരുന്നു. കേന്ദ്രമന്ത്രി സ്‌മൃതി ഇറാനി മേയ് മാസത്തിൽ വയനാട്ടിലെത്തിയപ്പോൾ അമേഠിയിലെ പോലെ വയനാട്ടിൽ നിന്ന് രാഹുൽ ഗാന്ധിയെ ഓടിക്കണം എന്ന് പറഞ്ഞിരുന്നു. കേരളത്തിലെ ബിജെപിയ്‌ക്ക് അതിന് പ്രാപ്‌തിയില്ലാത്തതിനാൽ ആ നടപടി സിപിഎം ഏറ്റെടുത്തെന്നാണ് പ്രതിപക്ഷ നേതാവ് ആരോപിച്ചത്.

ബഫർസോണും എസ്‌എഫ്ഐയുമായി എന്ത് ബന്ധമാണുള്ളത്? ഇക്കാര്യത്തിൽ നടപടിയെടുക്കണമെങ്കിൽ സംസ്ഥാനമാണ് എന്തെങ്കിലും ചെയ്യേണ്ടത്. വയനാട്ടിൽ നടന്നത് ആസൂത്രിത ആക്രമണമാണ്. സ്ഥലത്തെ ക്രിമിനലുകളെ വിളിച്ചുവരുത്തി ഡൽഹിയിലെ സംഘപരിവാർ നേതാക്കളെ സന്തോഷിപ്പിക്കുന്നതിന് മുഖ്യമന്ത്രിയുടെ അറിവോടെ നടത്തിയ ആക്രമണം. സതീശൻ ആരോപിച്ചു.

ഓഫീസിലെ ഗാന്ധിജിയുടെ ചിത്രം അടിച്ചുതകർത്തു. എന്നാൽ വേറെ പടമൊന്നും മാറ്റിയില്ല. പയ്യന്നൂരിൽ ഗാന്ധി പ്രതിമ തകർത്തു. ഗാന്ധിയ്‌ക്ക് നേരെ ഉത്തരേന്ത്യയിൽ സംഘപരിവാർ ചെയ്യുന്നത് കേരളത്തിൽ സിപിഎം ചെയ്യുന്നു. ഇങ്ങനെ സംഘപരിവാറിനെ സന്തോഷിപ്പിച്ച് സ്വർണക്കടത്ത് കേസിൽ സന്ധി ചെയ്യുക എന്നതാണ് സിപിഎം നോക്കുന്നത്.

ഉന്നതപൊലീസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ കൃത്യമായ ആസൂത്രണത്തോടെ നടന്ന ആക്രമണമാണിത്. തന്റെ വീട്ടിനുള‌ളിൽ അതിക്രമിച്ച് കയറിയയാളെ ജാമ്യത്തിൽ വിടാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടു. എന്നെ കൊല്ലും കെപിസിസി പ്രസിഡന്റിനെ ആക്രമിക്കും ഇത്തരത്തിൽ സംസ്ഥാനത്ത് എല്ലായിടത്തും കലാപാഹ്വാനം നടത്തി കുഴപ്പമുണ്ടാക്കുകയാണ് സിപിഎം. പ്രതിപക്ഷ നേതാവ് പറഞ്ഞു.