ചേതനയറ്റ് കിടക്കുന്ന ഖാലിദിക്കയെ കണ്ടപ്പോള്‍ സെറ്റില്‍ ഇടയ്ക്ക് ബോധം കെട്ട് ഉറങ്ങാറുളള സുമേഷേട്ടനെയാണ് ഓര്‍മ്മ വന്നത്, വിങ്ങലോടെ വിനോദ് കോവൂര്‍

സിനിമ സീരിയല്‍ നാടക നടന്‍ വിപി ഖാലിദിന്റെ മരണം സഹപ്രവര്‍ത്തകരെ ഏറെ ഞെട്ടിച്ചു കളഞ്ഞു. അഭിനയിച്ചുകൊണ്ടിരിക്കുമ്പോള്‍ ലൊക്കേഷനില്‍ വെച്ചായിരുന്നു മരണം സംഭവിച്ചത്. മറിമായം എന്ന പരമ്പയില്‍ വിപി ഖാലിദിന് ഒപ്പം ഒരുമിച്ച് അഭിനയിച്ച വിനോദ് കോവൂര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. ‘വൈക്കം താലൂക്ക് ആശുപത്രിയിലെ മോര്‍ച്ചറിയില്‍ ചേതനയറ്റ് കിടക്കുന്ന ഖാലിദ് ക്കയെ കണ്ടപ്പോള്‍ . മറിമായത്തിന്റെ സെറ്റില്‍ ഇടയ്ക്ക് ബോധം കെട്ട് ഉറങ്ങാറുളള സുമേഷേട്ടനെയാണ് ഓര്‍മ്മ വന്നത്. ഉണരുമോ എന്നറിയാന്‍ ഒന്ന് വിളിച്ച് നോക്കി. ഇല്ല ഒരനക്കവുമില്ല. ഇനി സുമേഷേട്ടന്‍ വിളി കേള്‍ക്കില്ല.’ വൈകാരികമായി വിനോദ് കുറിച്ചു.

വിനോദിന്റെ കുറിപ്പിന്റെ പൂര്‍ണ്ണ രൂപം, രംഗ ബോധമില്ലാത്ത കോമാളി ഞങ്ങളുടെ സുമേഷേട്ടനെയും കൊണ്ടുപോയി. മനസിനെ നടുക്കുന്ന വാര്‍ത്തയായിരുന്നു രാവിലെ തന്നെ കേട്ടത്. വിശ്വാസിക്കാനായില്ല. സത്യമാവരുതേ എന്ന് പ്രാര്‍ത്ഥിച്ചു. പക്ഷെ പ്രാര്‍ത്ഥനയൊന്നും പടച്ചോന്‍ കേട്ടില്ല. വൈക്കം താലൂക്ക് ആശുപത്രിയിലെ മോര്‍ച്ചറിയില്‍ ചേതന യറ്റ് കിടക്കുന്ന ഖാലിദ് ക്കയെ കണ്ടപ്പോള്‍ . മറിമായത്തിന്റെ സെറ്റില്‍ ഇടയ്ക്ക് ബോധം കെട്ട് ഉറങ്ങാറുളള സുമേഷേട്ടനെയാണ് ഓര്‍മ്മ വന്നത്. ഉണരുമോ എന്നറിയാന്‍ ഒന്ന് വിളിച്ച് നോക്കി. ഇല്ല ഒരനക്കവുമില്ല. ഇനി സുമേഷേട്ടന്‍ വിളി കേള്‍ക്കില്ല. വൈക്കത്ത് ടോവിനോ നായകനാകുന്ന ജൂഡ് ആന്‍ന്റണി സംവിധാനം ചെയ്യുന്ന സിനിമയില്‍ അഭിനയിച്ച് കൊണ്ടിരിക്കുകയായിരുന്നു ഖാലിദ് ക്ക . ഇന്ന് കാലത്തും മേക്കപ്പ് ഇട്ട് ഒരു സീന്‍ അഭിനയിച്ച ശേഷം . മൂത്രമൊഴിക്കാന്‍ അടുത്ത വീട്ടിലെ ടോയലറ്റിലേക്ക് പോയതാണ്. അവിടെ കമഴ്ന്ന് വീണ് നെറ്റി പൊട്ടി രക്തം ഒരുപാട് വാര്‍ന്നൊഴുകിയ നിലയിലാണ് കണ്ടെത്തിയത്. അടുത്തുള്ള ഹോസ്പ്പിറ്റലില്‍ എത്തിക്കും മുമ്പേ ശ്വാസം നിലച്ചിരുന്നു. അതുകൊണ്ട് തന്നെ പോസ്റ്റ്മാര്‍ട്ടം വേണ്ടി വന്നു. പോസ്റ്റ് മാര്‍ട്ടം റിപ്പോര്‍ട്ടിലാണ് മരണകാരണം അറ്റാക്ക് ആണെന്ന് അറിയുന്നത്. ഏതായാലും സുമേഷേട്ടന്റെ ആഗ്രഹം പോലെ തന്നെ മരണം നടന്നു. മറിമായം ഷൂട്ടിനിടയില്‍ പലപ്പോഴും പറയാറുണ്ടായിരുന്നു മരിക്കുമ്പോള്‍ വേദിയില്‍ വെച്ച് മരിക്കണമെന്ന്. ഫോര്‍ട്ട് കൊച്ചിയിലെ മുന്‍സിപ്പല്‍ ഹാളില്‍ സുമേഷേട്ടന്റെ മയ്യത്ത് എത്തുമ്പോഴേക്കും അവസാനമായി സുമേഷേട്ടനെ ഒരു നോക്ക് കാണാന്‍ സുമേഷേട്ടന്റെ ആരാധകര്‍ ഒരു പാട് എത്തിയിരുന്നു. 2011 ല്‍ മഴവില്‍ മനോരമയില്‍ മറിമായം തുടങ്ങുമ്പോള്‍ മേക്കപ്പ്മാനായിട്ടാണ് ഖാലിദ് ക്ക വന്നത്. എന്റെ മുഖത്താണ് ആദ്യം ചായം തേച്ചത് . എന്റെ മുഖത്തെ മേക്കപ്പ് കണ്ട് സംവിധായകനും മറ്റ് താരങ്ങളും ചിരിച്ചു. ഡാന്‍സിനൊക്കെ മേക്കപ്പ് ചെയ്ത പോലെയായിരുന്നു അത്.

ഇത് ശിയായിട്ടില്ല എന്ന ഡയരക്ടര്‍ പറഞ്ഞപ്പോള്‍ . ‘ എന്നെ കൊണ്ട് ഇങ്ങനെയൊക്കെയേ പറ്റു’ എന്ന് ഫോര്‍ട്ട് കൊച്ചി ഭാഷയില്‍ മറുപടി പറഞ്ഞപ്പോള്‍ ഞങ്ങള്‍ എല്ലാവരും ചിരിച്ചു പോയി.
നിങ്ങള്‍ മേക്കപ്പ് ചെയ്യണ്ട – അഭിനയിക്കാനറിയോ ? എന്ന് ഡയരക്ടര്‍ ചോദിച്ചപ്പോള്‍ . ഞാന്‍ ഒരുപാട് നാടകങ്ങളിലെല്ലാം അഭിനയിച്ചിട്ടുണ്ടെന്ന് പറഞ്ഞു. അങ്ങനെ മേക്കപ്പ് ചെയ്യാന്‍ വന്ന ഖാലിദ് ക്ക മറിമായത്തിലെ കഥാപാത്രമായി. അന്നത്തെ മറിമായത്തിന്റെ അസോസിയേറ്റ് ആയിരുന്ന സലിം ഹസ്സന്‍ എന്ന പ്യാരിജാത നാണ് ഖാലിദ് ക്കക്ക് സുമേഷ് എന്ന പേരിട്ടത്. പിന്നീടിങ്ങോട്ട് എത്രയെത്ര കഥാപാത്രങ്ങള്‍ . ഏത് കഥാപാത്രവും സുമേഷേട്ടന്റെ കൈയ്യില്‍ ഭദ്രം. മറിമായത്തിലെ കാരണവര്‍ ഷൂട്ടിംഗ് ഇടവേളകളില്‍ പഴയകാല കഥകള്‍ ഒക്കെ പറയും . ഒരുപാട് അനുഭവ സമ്പത്തുള്ള ഒരു വ്യക്തിയായിരുന്നു ഖാലിദ് ക്ക .ഒപ്പം നല്ല ഹ്യൂമര്‍ സെന്‍സുള്ള നടനും .

പഴയ പാട്ടുകളെല്ലാം അനായാസമായി പാടും. മറിമായത്തില്‍ വന്നതിന് ശേഷം കുറേ സിനിമകളിലും കൊച്ചു കൊച്ചു വേഷങ്ങളില്‍ പ്രത്യക്ഷപ്പെട്ടു. ഒടുവില്‍ റിലീസായ ചിത്രം മമ്മുക്കയുടെ ‘പുഴു ‘ ആയിരുന്നു. ലോകം മുഴുവന്‍ ആരാധകരുണ്ടായിരുന്നു സുമേഷേട്ടന് . പലപ്പോഴും വിദേശങ്ങളില്‍ പ്രോഗ്രാമിന് പോകുമ്പോള്‍ പലരും സുമേഷേട്ടനോട് പ്രത്യേകം ചോദിച്ചു ന്ന് പറയാന്‍ പറയും. ഇന്ന് മരണം നടന്ന ദിവസം . മമ്മുക്കയും, ലാലേട്ടനും, ഡയരക്ടര്‍ പ്രിയദര്‍ശന്‍ സാറു മടക്കം നിരവധി പേര്‍ ഫേസ് ബുക്കില്‍ പോസ്റ്റ് ഇട്ടിരുന്നു. സിനിമയിലെ നായകനായ ടോവിനോ മോര്‍ച്ചറിയിലും ഫോര്‍ട്ട് കൊച്ചിയിലെ ഹാളിലും വന്നിരുന്നു. സിനിമയുടെ കണ്‍ട്രോളര്‍ ബാദുഷ ക്കയും മുഴുവന്‍ സമയവും അവിടെ ഉണ്ടായിരുന്ന. ഇതൊക്കെ സുമേഷേട്ടന്‍ എന്ന നടനോടുള്ള ഇഷ്ട്ടം കൊണ്ടാണ്.സിനിമയുടെ ലൊക്കേഷനില്‍ വെച്ച് പ്രൊഡ്യൂസറായ ആന്‍ന്റോ ജോസഫ് സാറോട് എന്റെ കൈയ്യില്‍ നല്ലൊരു കഥയുണ്ടെന്നും മറിമായത്തിലെ താരങ്ങളെ വെച്ച് ചെയ്യണമെന്നും സാറ് പ്രൊഡ്യൂസ് ചെയ്യണമെന്നും പറഞ്ഞു ന്ന് ആന്‍ന്റോ ജോസഫ് സാര്‍ മോര്‍ച്ചറി പരിസരത്തില്‍ വെച്ച് ഞങ്ങളോട് പറയുകയുണ്ടായി. മറിമായത്തിന്റെ സെറ്റില്‍ വെച്ച് ഞങ്ങളോടും ഈ സിനിമാ കാര്യം പറയാറുണ്ടായിരുന്നു. അതൊക്കെ നടക്കാത്ത സ്വപ്നമായ് . ഖാലിദ് ക്ക യാത്രയായ് . ആരേയും ബുദ്ധിമുട്ടിക്കാതെ . അഭിമാനിക്കാം ഖാലിദ് ക്കക്ക് ആണ്‍ മക്കളെല്ലാം മലയാള സിനിമയുടെ പ്രിയപ്പെട്ടവരായതില്‍ . ഒരാഴ്ച്ച മുമ്പാണ് മറിമായം ഷൂട്ടിംഗ് കഴിഞ്ഞ് ഞങ്ങള്‍ പിരിയുന്നത്. അവസാന ദിവസം ഫ്രീക്കനായിട്ടായിരുന്നു സുമേഷേട്ടന്റെ വേഷം .ഞായറാഴ്ച്ചയിലെ എപ്പിസോഡില്‍ കാണാം.

അടുത്ത ഷെഡ്യൂളില്‍ ഷൂട്ടിന് ചെല്ലുമ്പോള്‍ ശരിക്കും ഞങ്ങള്‍ക്കെല്ലാവര്‍ക്കും വിഷമമാകും. സുമേഷേട്ടന്‍ എന്ന കഥാപാത്രമില്ലാത്ത എപ്പിസോഡുകള്‍ . കഴിഞ്ഞ പതിനൊന്ന് വര്‍ഷത്തിനിടയില്‍ മറിമായത്തില്‍ നിന്ന് ആദ്യമായ് ഒരാള്‍ ഇല്ലാതാകുന്നു. പത്ത് ആര്‍ട്ടിസ്റ്റുകള്‍ എന്നത് 9 പേരായി ചുരുങ്ങുന്നു. ചിന്തിക്കാന്‍ വയ്യ. ആലോചിക്കാന്‍ വയ്യ. മറിമായത്തിലെ ഞങ്ങളുടെ കാരണവരാണ് വിട പറഞ്ഞിരിക്കുന്നത്. ഞങ്ങളെ ആരേയും ഖാലിദ് ക്ക പേരെടുത്ത് വിളിക്കാറില്ല. സ്‌നേഹത്തോടെ മോനേ മോളേ എന്നേ വിളിക്കാറുള്ളു. ഖാലിദ് ക്ക ….. ഇങ്ങള് ഇനിയും ജീവിക്കും ഇത് വരെ നിങ്ങള്‍ ചെയ്ത് തീര്‍ത്ത കഥാപാത്രങ്ങളിലൂടെ . അല്ലെങ്കിലും കലാകാരന്മാര്‍ക്ക് മരണമില്ല എന്ന് ഖാലിദ് ക്കതന്നെ പറയാറില്ലേ ? ഇനി സ്വര്‍ഗ്ഗത്തിലിരുന്ന് സുമേഷേട്ടന്‍ സുമേഷേട്ടന്‍ ഇല്ലാത്ത മറിമായം എപ്പിസോസുകള്‍ കാണും . ഖാലിദ് ക്ക യുടെ ആത്മാവിന് നിത്യ ശാന്തി നേരുന്നു. പ്രണാമം.

APPLY NOW
Coming…Karma News 24/7 live Apply Now Content writers with news readers Reporters Trainees – Journalist, cameraman, video editing, graphics Marketing managers at Tvm, Kochi ,Calicut (Experience must)),[email protected]