അഭയ കേസിൽ ജാമ്യം കിട്ടിയത് ദൈവം തന്ന അവസരമായി കണക്കാക്കുന്നു- തോമസ് കോട്ടൂർ

സിസ്റ്റർ അഭയ കേസ് പ്രതി ഫാ. തോമസ് കോട്ടൂർ കഴിഞ്ഞ ദിവസം ജയിൽ മോചിതനായിരുന്നു. വിചാരണക്കോടതി നൽകിയ ശിക്ഷ മരവിപ്പിച്ച് ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെ തുടർന്നാണ് കേസിലെ ഒന്നാം പ്രതിയായ ഫാദർ കോട്ടൂർ പൂജപ്പുര സെൻട്രൽ ജയിലിൽ നിന്നും പുറത്തിറങ്ങിയത്. ഇപ്പോളിതാ ജാമ്യം ലഭിച്ചതിൽ പ്രതികരണവുമായെത്തിയിരിക്കുകയാണ് തോമസ് കോട്ടൂർ.

അഭയ കേസിൽ ജാമ്യം കിട്ടിയത് ദൈവം തന്ന അവസരമായി കണക്കാക്കുന്നു. എല്ലാം കോടതി നോക്കിക്കോളുമെന്നും തനിക്കൊന്നും അറിയില്ല. കർത്താവിൻറെ ഇടയനാണ് താൻ. എനിക്കൊരു ബുദ്ധിമുട്ടും ഉണ്ടാവില്ല. കൊച്ചി സിബിഐ ഓഫീസിൽ ഒപ്പിടാനെത്തിയപ്പോണ് പ്രതികരണം. ജാമ്യവ്യവസ്ഥയുടെ ഭാഗമായിട്ടാണ് സിബിഐ ഓഫീസിലെത്തി ഒപ്പിടുന്നത്. സിസ്റ്റർ സെഫിയും സിബിഐ ഓഫീസിലെത്തി ഒപ്പിട്ടു.

അതേ സമയം അഭയ കേസിൽ വിചാരണക്കോടതിയുടെ ശിക്ഷാ വിധി മരവിപ്പിച്ച് ജാമ്യം നൽകണമെന്നാവശ്യപ്പെട്ടാണ് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചത്. കേസ് വിചാരണ ഉൾപ്പെടെയുള്ള നടപടികൾ നീതിപൂർവ്വമായിരുന്നില്ലെന്നാണ് ജാമ്യ ഹർജിയിൽ പ്രതികൾ പറയുന്നത്. പ്രതികൾ നൽകിയ അപ്പീലിൽ തീർപ്പാകുന്നത് വരെ കേസിലെ ശിക്ഷാ നടപടികൾ താത്കാലികമായി നിർത്തിവെയ്ക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.  സിബിഐ അഭിഭാഷകന്റെ ഭാഗത്തു നിന്നുണ്ടായ വീഴ്ചയാണ് പ്രതികൾക്ക് ജാമ്യം അനുവദിക്കാൻ കാരണമായതെന്ന് അഭയ കേസ് ആക്ഷൻ കൗൺസിൽ നേതാവ് ജോമോൻ പുത്തൻ പുരയ്ക്കൽ പ്രതികരിച്ചു. ജസ്റ്റിസുമാരായ കെ വിനോദ് ചന്ദ്രൻ, സി ജയചന്ദ്രൻ എന്നിവർ അടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് ഹർജിയിൽ വിധി പറഞ്ഞത്.