ബാലഭാസ്‌കറും മകളും മരിച്ചത് കാര്‍ അപകടത്തില്‍ പെട്ടുതന്നെ, കലാഭവന്‍ സോബി പറഞ്ഞത് കള്ളം

കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്‌കറും മകളും മരണപ്പെട്ടസംഭവം അപകടമാണെന്ന നിഗമനത്തിലെത്തി സിബിഐ. നുണപരിശോധന റിപ്പോര്‍ട്ടുകള്‍ വിലയിരുത്തിയാണ് ഈ നിഗമനത്തില്‍ അന്വേഷണ സംഘം എത്തുന്നത്. ബാലഭാസ്‌കറിനെ കൊലപ്പെടുത്തുന്നത് നേരിട്ടു കണ്ടു എന്ന കലാഭവന്‍ സോബിയുടെ മൊഴി കള്ളമാണെന്ന് തെളിഞ്ഞെന്നാണ് വിവരം. എന്നാല്‍ വാഹനം ഓടിച്ചിരുന്നത് ബാലഭാസ്‌കറാണെന്ന ഡ്രൈവര്‍ അര്‍ജുന്റെ മൊഴിയും കള്ളമായിരുന്നു. അതിന് പുറത്തേക്ക് ദുരൂഹത ഒന്നും കണ്ടെത്താനായില്ല. ഈ സാഹചര്യത്തില്‍ അര്‍ജുനെ വീണ്ടും ചോദ്യം ചെയ്യാനും സാധ്യതയുണ്ട്. അതിന് ശേഷമാകും ബാലഭാസ്‌കറിന്റെ മരണത്തില്‍ അന്തിമ നിലപാടിലേക്ക് സിബിഐ എത്തും.

കലാഭവന്‍ സോബി പല ഘട്ടത്തിലും നുണ പരിശോധനയുമായി സഹകരിച്ചില്ല. അപകട സമയം കള്ളക്കടത്ത് സംഘം കൊണ്ടുവന്ന പറഞ്ഞ സോബിയുടെ മൊഴിയും കളവാണെന്നാണ് വിവരം. സോബി പറഞ്ഞ റൂബിന്‍ തോമസിനെ സിബിഐ കണ്ടെത്തി. ബാലഭാസ്‌കര്‍ മരിക്കുമ്പോള്‍ റൂബിന്‍ ബംഗളൂരിലായിരുന്നു. അന്വേഷണം അന്തിമ ഘട്ടത്തില്‍ ആണെന്നും കള്ളക്കടത്ത് സംഘത്തിന് അപകടവുമായി ബന്ധമുണ്ടോയെന്ന് പരിശോധന തുടരുന്നുവെന്നും സിബിഐ വ്യക്തമാക്കി.

ബാലഭാസ്‌കറിന്റെ സുഹൃത്തും മാനേജറുമായിരുന്ന വിഷ്ണു സോമസുന്ദരം, ഡ്രൈവര്‍ അര്‍ജുന്‍, കലാഭവന്‍ സോബി, പ്രകാശ് തമ്പി എന്നിവരെയാണ് നുണ പരിശോധനയ്ക്ക് വിധേയമാക്കിയത്. ബാലഭാസ്‌കറിന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് അച്ഛന്‍ കെ. സി ഉണ്ണിയാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സര്‍ക്കാരിനെ സമീപിച്ചത്. തുടര്‍ന്ന് അന്വേഷണം ഏറ്റെടുത്ത സിബിഐ വിശദമായ മൊഴി രേഖപ്പെടുത്തിയിരുന്നു. കലാഭവന്‍ സോബിയുടെ മൊഴിയില്‍ സിബിഐ നേരത്തേ സംശയം പ്രകടിപ്പിച്ചിരുന്നു.

അപകടം ഉണ്ടാകുന്നതിന് മുന്‍പ് അജ്ഞാതര്‍ ബാലഭാസ്‌കര്‍ സഞ്ചരിച്ചിരുന്ന കാറിന്റെ ചില്ല് തകര്‍ത്തിരുന്നുവെന്നും മരണത്തിന് പിന്നില്‍ സ്വര്‍ണ്ണക്കടത്ത് സംഘമാണെന്നുമാണ് സോബി സിബിഐയോട് പറഞ്ഞത്. ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുത്താനാണ് അന്വേഷണ സംഘം നുണ പരിശോധന നടത്തിയത്.