മാറിമാറി ഭരിച്ചവരുടെ വഞ്ചനയില്‍ മനംമടുത്ത് കർഷകർ ബി.ജെ.പി.യില്‍ പ്രതീക്ഷ വയ്ക്കുന്നു, ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും അസ്വസ്ഥത എന്തിന് ? വി. മുരളീധരൻ

ബിഷപ്പിന്റെ പ്രസ്താവനയില്‍ ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും പരിഭ്രാന്തിയെന്തിനെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍. കേന്ദ്രസര്‍ക്കാര്‍ റബ്ബര്‍ വില 300 രൂപയായി പ്രഖ്യാപിച്ചാല്‍ ബി.ജെ.പിയെ സഹായിക്കുമെന്ന തലശ്ശേരി അതിരൂപതാ ആര്‍ച്ച് ബിഷപ്പിന്റെ പ്രസ്താവന കോൺഗ്രസിനും കമ്മ്യൂണിസ്റ്റിനും ഒരുപോലെ അസ്വസ്ഥതയുണ്ടാക്കി

ഇരുകൂട്ടരുംകൂടി ഭരിച്ച് മുടിപ്പിച്ച കേരളത്തിലെ കര്‍ഷകര്‍ ബി.ജെ.പിയില്‍ പ്രതീക്ഷയര്‍പ്പിക്കുന്നതില്‍ ഇത്ര അസ്വസ്ഥത പാടില്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് മാറിമാറി ഭരിച്ചവരുടെ വഞ്ചനയില്‍ മനംമടുത്താണ് കര്‍ഷകന്‍ ബി.ജെ.പി.യില്‍ പ്രതീക്ഷ വയ്ക്കുന്നത്. മാര്‍ ജോസഫ് പാംപ്ലാനിക്കിനെതിരേ രംഗത്തുവരുന്ന എം.വി. ഗോവിന്ദനും വി.ഡി. സതീശനും അതോര്‍ക്കുന്നത് നല്ലതാണെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ പ്രതികരിച്ചു.

വി. മുരളീധരന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്:

‘ചോദ്യം: ബിജെപിയോട് അയിത്തമില്ലേ ?
ഉത്തരം: അയിത്തമില്ലാതാക്കാന്‍ എക്കാലവും പ്രയത്‌നിച്ചവരാണ് കത്തോലിക്ക സഭ , ബിജെപി രാജ്യം ഭരിക്കുന്ന പാര്‍ട്ടിയല്ലേ ?
ചോദ്യം: താങ്കള്‍ പറയുന്നത് ജനങ്ങള്‍ സ്വീകരിക്കുമോ ?
ഉത്തരം: മലയോര കര്‍ഷകരുടെ വികാരമാണ് ഞാന്‍ പറഞ്ഞത് …
ചോദ്യം: ബിജെപിക്ക് എം.പിയുണ്ടായാല്‍ ക്രൈസ്തവര്‍ക്കെതിരായ അക്രമത്തിന് ആക്കം കൂടില്ലേ?
ഉത്തരം: എന്ന് ഞാന്‍ കരുതുന്നില്ല, പ്രശ്‌നപരിഹാരത്തിന് ആളാവുമല്ലോ
പാംപ്ലാനി പിതാവിനെ പ്രകോപിപ്പിച്ച് കേന്ദ്രത്തിനെതിരെ പറയിപ്പിക്കാന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകര്‍ ഇളിഭ്യരായി…!
അതോടെ എം.വി ഗോവിന്ദനും വി.ഡി സതീശനും ബിഷപ്പിനെതിരെ രംഗത്തിറങ്ങി….
റബറിന്റെ പേരില്‍ നിലപാട് എടുക്കരുത് പോലും !
ഇരുകൂട്ടരും കൂടി ഭരിച്ച് മുടിപ്പിച്ച കേരളത്തിലെ കര്‍ഷകര്‍ ബിജെപിയില്‍ പ്രതീക്ഷയര്‍പ്പിക്കുന്നതില്‍ ഇത്ര അസ്വസ്ഥത എന്തിന് ?
ജപ്തി ഭീഷണിയില്‍ റബര്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്യുന്നതല്ല, ക്രിസ്ത്യാനികള്‍ ബിജെപിയോട് അയിത്തം കാട്ടണമെന്നാണ് ‘സഖ്യകക്ഷികളു’ടെ താല്‍പര്യം…
താങ്ങുവിലയിലെ തട്ടിപ്പും, ജപ്തിഭീഷണിയും മൂലം കേരളത്തില്‍ ആത്മഹത്യ ചെയ്ത കര്‍ഷകരുടെ കണക്ക് പുറത്തു വിടണം….
മാറിമാറി ഭരിച്ചവരുടെ വഞ്ചനയില്‍ മനംമടുത്താണ് കര്‍ഷകന്‍ ബിജെപിയില്‍ പ്രതീക്ഷ വയ്ക്കുന്നത്…
ക്രിസ്ത്യന്‍ സഹോദരങ്ങള്‍ ഭൂരിപക്ഷമായ വടക്കുകിഴക്കും ഗോവയും ബിജെപിയാണ് ഭരിക്കുന്നത്…
‘ഇരട്ട എഞ്ചിന്‍ സര്‍ക്കാര്‍’ നടപ്പാക്കിയ വികസനങ്ങള്‍ക്കാണ് ജനം വോട്ടു ചെയ്തത്…
ക്രിസ്ത്യന്‍ ദേവാലയം അടിച്ചുതകര്‍ത്ത ഛത്തിസ്ഗഡില്‍ കോണ്‍ഗ്രസാണ് ഭരിക്കുന്നതെന്ന് മറക്കരുത്….
ഹാഗിയ സോഫിയ എന്ന ക്രിസ്ത്യന്‍ പാരമ്പര്യത്തിന്റെ അപൂര്‍വ സ്മാരകം ഒറ്റയടിക്ക് മോസ്‌ക് ആയി മാറിയപ്പോള്‍ മൗനം പാലിച്ചവരാണ് ക്രിസ്ത്യാനികളുടെ വക്താക്കളായി ഇപ്പോള്‍ രംഗത്തിറങ്ങിയിരിക്കുന്നത്…!
സാമൂഹ്യവിരുദ്ധര്‍ നടത്തുന്ന ഒറ്റപ്പെട്ട അക്രമങ്ങളുടെ ഉത്തരവാദിത്തം നരേന്ദ്രമോദിക്കെന്ന് പുലമ്പുന്നവര്‍ കേരളത്തില്‍ പ്രധാനമന്ത്രിയുടെ വര്‍ധിക്കുന്ന ജനപ്രീതിയില്‍ പരിഭ്രാന്തി പൂണ്ടവരാണ്…’