പഞ്ചായത്ത് ഓഫീസ് അടയ്ക്കാതെ ജീവനക്കാര്‍ പോയി; ഓഫീസിനുള്ളില്‍ രാത്രി മദ്യപാനം നടന്നുവെന്ന് ആരോപണം

പഞ്ചായത്ത് ഓഫീസ് അടയ്ക്കാതെ ജീവനക്കാര്‍ പോയതിനെത്തുടര്‍ന്ന് ഓഫീസിനുള്ളില്‍ രാത്രി മദ്യപാനം നടന്നുവെന്ന ആരോപണവുമായി ബിജെപി രംഗത്ത്. കൊല്ലം പോരുവഴി പഞ്ചായത്തിനെക്കുറിച്ചാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് ഏറെ വാര്‍ത്തകളില്‍ നിറഞ്ഞ പഞ്ചായത്താണ് പോരുവഴി. ഇവിടെ എസ്ഡിപിഐ പിന്തുണയോടെ യുഡിഎഫ് അധികാരത്തിലെത്തുകയും ഇതേ ബന്ധത്തിന്റെ പേരില്‍ പഞ്ചായത്ത് പ്രസിഡന്റിനെ കോണ്‍ഗ്രസ് പുറത്താക്കുകയും ചെയ്തിരുന്നു.

രാവിലെ നടക്കാനിറങ്ങിയവരാണ് പഞ്ചായത്ത് ഓഫീസ് തുറന്നു കിടക്കുന്നതായി കണ്ടത്. പഞ്ചായത്ത് ഓഫീസിന്റെ സുപ്രധാന രേഖകള്‍ അടങ്ങുന്ന സെര്‍വര്‍ റൂം ഉള്‍പ്പടെ തുറന്ന് കിടക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഓഫീസ് അടക്കാതെയാണ് ഇന്നലെ ഇവിടെനിന്ന് ഭരണ സമിതി അംഗങ്ങള്‍ പോയതെന്നും രാത്രി ഓഫീസിനുള്ളില്‍ മദ്യപാനം നടന്നുവെന്നാണ് ബിജെപി ആരോപണം. അധികാരത്തിലെത്തിയതിന്റെ ആഘോഷത്തിന്റെ ഭാഗമായി നിശാപാര്‍ട്ടി നടന്നുവെന്നാണ് ബിജെപി ആരോപിക്കുന്നത്.

അതേസമയം കഴിഞ്ഞ ദിവസം വൈകിട്ട് നാലേകാലോടെ താന്‍ ഓഫീസില്‍ നിന്നു മടങ്ങിയെന്ന് പ്രസിഡന്റ് ബിനു മംഗലത്ത് പറഞ്ഞു. രണ്ട് ഓഫീസ് അസിസ്റ്റന്റുമാരാണ് പഞ്ചായത്തിലുള്ളത്. വീഴ്ച വരുത്തിയവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പ്രസിഡന്റ് ബിനു മംഗലത്ത് പറഞ്ഞു. സ്ഥലത്ത് പൊലിസെത്തി പരിശോധന നടത്തി.