സഹകരണ ബാങ്ക് തട്ടിപ്പ്, സുരേഷ് ഗോപി നയിക്കുന്ന സഹകാരി സംരക്ഷണ പദയാത്ര ഒക്ടോബർ രണ്ടിന്, പ്രതിഷേധം കടുപ്പിക്കാൻ ബിജെപി

തൃശൂർ : സംസ്ഥാനം കണ്ട ഏറ്റവും വലിയ സഹകരണ ബാങ്ക് തട്ടിപ്പായിരുന്നു കരുവന്നൂരിൽ സിപിഎമ്മിന്റെ നേതൃത്വത്തിൽ നടന്നത്. സഹകരണ ബാങ്ക് കൊള്ളയിൽ പ്രക്ഷോഭം ശക്തമാക്കാനൊരുങ്ങുകയാണ് ബിജെപി. ഒക്ടോബർ രണ്ട് ഗാന്ധിജയന്തി ദിനത്തിൽ കരുവന്നൂർ സഹകരണ ബാങ്കിൽ നിന്നും തൃശൂർ സഹകരണ ബാങ്കിലേക്ക് പദയാത്ര നടത്തും. സഹകരണ ബാങ്ക് കൊള്ളക്കെതിരെ സഹകാരി സംരക്ഷണ പദയാത്ര എന്ന പേരിലാണ് യാത്ര.

മുൻ എംപി സുരേഷ് ഗോപി നയിക്കുന്ന യാത്ര ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. സിപിഎം നേതൃത്വത്തിൽ നടക്കുന്ന സഹകരണ ബാങ്ക് കൊള്ളയിൽ നടപടി ഉണ്ടാകണം, കരുവന്നൂരിലടക്കം തട്ടിപ്പിനിരയായ സഹകാരികൾക്ക് നഷ്ടപരിഹാരം ലഭ്യമാക്കണം, സഹകരണ ബാങ്കുകളെ സിപിഎം നിയന്ത്രണത്തിൽ നിന്നും മോചിപ്പിക്കണം തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് ബിജെപി പദയാത്ര സംഘടിപ്പിക്കുന്നത്.

നോട്ട് നിരോധനത്തിന് ശേഷം സഹകരണ ബാങ്കുകൾ വഴി സിപിഎം കള്ളപ്പണം വെളുപ്പിച്ചതായും ബിജെപി ആരോപിച്ചു . സഹകരണ ബാങ്കുകളിൽ പണം നിക്ഷേപിച്ച സഹകാരികൾ ആശങ്കയിലാണ്. സംസ്ഥാനത്തെ സഹകരണ ബാങ്കുകളിലെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കി ധവളപത്രം പുറത്തിറക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.