ബലൂചിസ്ഥാനിലെ തിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിന് മുന്നിൽ പൊട്ടിത്തെറി, സ്ഫോടനം പൊതുതിരഞ്ഞെടുപ്പിന് രണ്ട് ദിവസം ബാക്കി നിൽക്കെ

ഇസ്ലാമാബാദ് : ബലൂചിസ്ഥാനിലെ തിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിന് മുന്നിൽ സ്ഫോടനം. പാകിസ്താനിൽ പൊതുതിരഞ്ഞെടുപ്പിന് രണ്ട് ദിവസം മാത്രം ബാക്കി നിൽക്കെയാണ് പൊട്ടിത്തെറി ഉണ്ടായത്. സ്‌ഫോടനത്തിൽ ആളപായം ഉണ്ടായിട്ടില്ലെന്നാണ് വിവരം. തിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിന് മുന്നിലായി വച്ച സ്‌ഫോടകവസ്തു പൊട്ടിത്തെറിക്കുകയായിരുന്നു.

പാകിസ്താൻ പൊതുതിരഞ്ഞെടുപ്പ് അടുത്തിരിക്കെ രാജ്യത്ത് സ്‌ഫോടനങ്ങളും അക്രമസംഭവങ്ങളും തുടർക്കഥയായിരിക്കുകയാണ്. ഈ മാസം എട്ടിനാണ് രാജ്യത്ത് പൊതുതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. പിന്നാലെ സ്‌ഫോടനങ്ങളും അക്രമസംഭവങ്ങളും തുടർക്കഥയായിരിക്കുകയാണ്.

വെള്ളിയാഴ്ച ബലൂചിസ്ഥാന്റെ വിവിധ ഭാഗങ്ങളിലായി നടന്ന ഗ്രനേഡ് ആക്രമണങ്ങളിൽ പിപിപി പ്രവർത്തകർ ഉൾപ്പെടെ ആറോളം പേർക്ക് പരിക്കേറ്റിരുന്നു. കഴിഞ്ഞാഴ്ച കറാച്ചിയിലെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഓഫീസിന് പുറത്തും സ്ഫോടനം ഉണ്ടായിരുന്നു. ഓഫീസിന്റെ മതിലിനോട് ചേർന്നുള്ള ബാഗിനുള്ളിലായി ബോംബ് വയ്‌ക്കുകയായിരുന്നു.