ഫുഡ് ഡെലിവറിക്കിടെ തെരുവുവിളക്കിൻ്റെ വെളിച്ചത്തിൽ പഠനം, യുവാവിന് അഭിനന്ദനവുമായി സോഷ്യൽ മീഡിയ

കൊച്ചി: ഫുഡ് ഡെലിവറിയുടെ തിരക്കുകൾക്കിടെ തെരുവുവിളക്കിന് താഴെയിരുന്ന് പഠിക്കുന്ന യുവാവിന്റെ വീഡിയോ സോഷ്യലിടങ്ങളിൽ വൈറൽ. പാലക്കാട് നെന്മാറ സ്വദേശി അഖിൽ ദാസ് ആണ് ജോലിക്കിടെ കിട്ടുന്ന ഒഴിവുസമയവും പഠിക്കാനായി ചെലവഴിക്കുന്നത്. തെരുവുവിളക്കിന് താഴെയിരുന്ന് അഖിൽ പഠിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ യുവാവിന് അഭിനന്ദന പ്രവാഹമാണ്.

രാത്രി പത്തേകാലിന് മുട്ടാർ പാലത്തിലെ തെരുവുവിളക്കിന് താഴെയിരുന്നായിരുന്നു അഖിലിൻ്റെ പഠനം. ജർമനിയിൽ നഴ്സായി ജോലി ചെയ്യാനുള്ള മോഹമാണ് അഖിലിനെ കിട്ടുന്ന സമയംകൊണ്ട് പരമാവധി പഠിച്ചെടുക്കാൻ പ്രേരിപ്പിച്ചത്. ഇതുവഴി കടന്നുപോയ വ്ലോഗ‍റുടെ ശ്രദ്ധയിൽ അഖിൽ പെടുകയും വീഡിയോ പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയുമായിരുന്നു.

ഉച്ചവരെയുള്ള ക്ലാസ് കഴിഞ്ഞാണ് സൊമാറ്റോയിൽ ഡെലിവറി ജോലി ചെയ്യുന്നത്. ജോലിക്കിടെ രാത്രിയിൽ കിട്ടുന്ന ഒഴിവുസമയത്താണ് അഖിൻ്റെ പഠനം നടക്കുന്നത്. ജ‍ർമനയിൽ ഹൗസ് ബിൽഡിങ് നഴ്സിങ് കോഴ്സുകൾ പഠിക്കാനാണ് അഖിലിൻ്റെ ആഗ്രഹം. ഇതിനു മുന്നോടിയായാണ് ജ‍ർമൻ ഭാഷ പഠിക്കുന്നത്. പിറ്റേ ദിവസം ക്ലാസ് ടെസ്റ്റ് ഉള്ളതിനാലാണ് കിട്ടിയ ഒഴിവുസമയംകൊണ്ട് പാലത്തിലിരുന്ന് തെരുവുവിളക്കിൻ്റെ വെളിച്ചത്തിൽ അഖിൽ പഠിച്ചത്.

വീഡിയോ വൈറലായതോടെ നിരവധി പേ‍ർ അഖിലിനെ അന്വേഷിച്ച് എത്തിയിട്ടുണ്ട്. പലരും ഇതിനകം നേരിട്ടു ബന്ധപ്പെട്ടു കഴിഞ്ഞു. സിനിമ താരങ്ങളുടെയടക്കം ശ്രദ്ധയിൽ വീഡിയോ പെട്ടിട്ടുണ്ട്.