ബ്രഹ്മപുരത്തെ തീപിടുത്തം: കേരളത്തിലെ ഭരണ സംവിധാനത്തിന്‍റെ പരാജയം – പ്രകാശ് ജാവദേക്കർ

തൃശൂർ . ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലെ തീപിടുത്ത സംഭവം കേരളത്തിലെ ഭരണ സംവിധാനത്തിന്‍റെ തികഞ്ഞ പരാജയമാണെന്ന് ബിജെപി നേതാവ് പ്രകാശ് ജാവദേക്കർ. വലിയ അഴിമതിയാണ് കരാറിന് പിന്നിൽ നടന്നത്. കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തണം – ബിജെപി കേരള പ്രഭാരി പ്രകാശ് ജാവദേക്കർ ആവശ്യപ്പെട്ടു. പ്ലാസ്റ്റിക് കത്തിയുണ്ടായ വിഷവാതകം മൂലം ജനം പ്രാണവായുവിനായി പരക്കംപായുന്ന കൊച്ചി നഗരമെങ്ങനെ ‘സ്മാർട് സിറ്റി’യാകുമെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ ചോദിച്ചതിന് പിറകെയാണ് പ്രകാശ് ജാവദേക്കർ പ്രതികരിച്ചിരിക്കുന്നത്.

രാജ്യത്തെ നഗരങ്ങളുടെ നിലവാരമുയർത്താൻ നരേന്ദ്ര മോദി സർക്കാർ നടപ്പാക്കുന്ന സ്മാർട് സിറ്റി പദ്ധതിക്കായി തെരഞ്ഞെടുക്കപ്പെട്ട 25 നഗരങ്ങളിൽ ഒന്നാണ് കൊച്ചി. അന്താരാഷ്ട്ര നിലവാരത്തിലുള്ള ജീവിത സാഹചര്യങ്ങൾ കൊച്ചി നിവാസികൾക്ക് ഉറപ്പാക്കാൻ എല്ലാ സഹായവും കഴിഞ്ഞ ആറ് വർഷമായി കേന്ദ്ര സർക്കാർ കോർപ്പറേഷന് നൽകി വരികയുമാണ്. ‘നഗരവാസികളുടെ ജീവിത നിലവാരം ഉയർത്താ’നുള്ള പദ്ധതിക്കായി 2016 മുതൽ അനുവദിച്ച കോടിക്കണക്കിന് രൂപ എന്തു ചെയ്തെന്ന് കൊച്ചി കോർപ്പറേഷൻ വ്യക്തമാക്കണം.

166 കോടിയുടെ പശ്ചിമ കൊച്ചി മലിനജല സംസ്ക്കരണ പ്ലാൻ്റടക്കം മാലിന്യനിയന്ത്രണത്തിന് എന്തെല്ലാം ചെയ്തെന്നറിയാൻ താൽപര്യമുണ്ട്. കരാർ നൽകിയ വിവിധ പദ്ധതികളുടെ പുരോഗതി ജനങ്ങളോട് വിശദീകരിക്കാൻ മേയർ തയാറാവുകയാണ് വേണ്ടത്. ബ്രഹ്മപുരത്തെ ‘സോണ്ടയെ ‘ പോലെ നികുതിപ്പണം കരാറുകാർ വിഴുങ്ങിയോ എന്ന് അറിയാനുള്ള അവകാശം ജനങ്ങൾക്കുണ്ട്. ക്യാപ്ടനെന്ന് വിശേഷിപ്പിച്ച പിണറായി വിജയൻ്റെ കെടുകാര്യസ്ഥത കേരള വികസനത്തെ പിന്നോട്ടടിക്കുന്നതിൻ്റെ നേർസാക്ഷ്യമായിരിക്കുകയാണ് കൊച്ചി.

മുന്നറിയിപ്പില്ലാതെ അണക്കെട്ടു തുറന്നു വിട്ടും പ്ലാസ്റ്റിക് മലയ്ക്ക് തീയിട്ടും കൊച്ചി നഗരത്തിൻ്റെ അന്തകരാവുകയാണ് ഇടത് സർക്കാർ. അഴിമതിയും കെടുകാര്യസ്ഥതയും മറച്ചു വയ്ക്കാൻ കേന്ദ്രത്തെ കുറ്റംപറയുന്ന പതിവ് രീതിയുമായി ലജ്ജയില്ലാതെ ഇക്കൂട്ടർ വീണ്ടും കളത്തിലിറങ്ങുമെന്നുറപ്പാണ് – മുരളീധരൻ ഫേസ്ബുക്കിൽ കുറിച്ചു.

ഇതിനിടെ, ബ്രഹ്മപുരത്ത് ബയോമൈനിംഗ് കരാറെടുത്ത സോണ്ട ഇൻഫ്രാടെക്കിന് കോർപ്പറേഷനു മുന്നറിയിപ്പ് നൽകിയതിൻ്റെ രേഖകൾ പുറത്ത് വന്നിരുന്നു. ഈ വർഷം ഫെബ്രുവരിയിൽ തീപിടുത്തമുണ്ടായതിന് പിന്നാലെയാണ് കത്ത് നൽകിയത്. കമ്പനിയോട് അഗ്നി രക്ഷാ സംവിധാനങ്ങൾ ഒരുക്കാൻ നിർദ്ദേശിച്ചിരുന്നു. സോണ്ടയുടെ ബയോമൈനിംഗ് പ്ലാൻ്റിൽ വേർതിരിച്ച പഴകിയ പ്ലാസ്റ്റിക്ക് ബ്രഹ്മപുരത്ത് തന്നെ സൂക്ഷിക്കുന്നത് അപകടകരമാണെന്നും ഇത് മാറ്റണമെന്നും നിർദ്ദേശിച്ചിരുന്നു. ഫെബ്രുവരി 16നാണ് സോണ്ട ഇൻഫ്രാടെക്കിന് കോർപ്പറേഷൻ കത്ത് നൽകിയിരുന്നത്.