മലയാളി വിദ്യാർത്ഥികൾക്ക് സെക്യൂരിറ്റി ജീവനക്കാരുടെ മർദനം ; സംഭവം ഇന്ദിരാഗാന്ധി സര്‍വകലാശാലയില്‍

ഭോപ്പാല്‍ : ഇന്ദിരാ ഗാന്ധി ദേശീയ ട്രൈബല്‍ സര്‍വകലാശാലയില്‍ മലയാളി വിദ്യാർത്ഥികൾക്ക് നേരെ ആക്രമണം. സെക്യൂരിറ്റി ജീവനക്കാരാണ് മര്‍ദിച്ചതെന്നാണ് വിദ്യാർത്ഥികളുടെ മൊഴി. പത്തോളം സെക്യൂരിറ്റി ജീവനക്കാർ ചേർന്ന് ഹോസ്റ്റലിലേക്ക് പോകുകയായിരുന്ന മലയാളി വിദ്യാർത്ഥികളെ മർദിക്കുകയായിരുന്നു. നഫീല്‍ കെ.ടി, അഭിഷേക് ആര്‍, അദ്‌നാന്‍, ആദില്‍ റാഷിദ് എന്നിവര്‍ക്കാണ് ദുരനുഭവം നേരിട്ടത്. മലയാളി വിദ്യാർത്ഥികള്‍ക്കെതിരെ ഇത്തരത്തില്‍ അക്രമങ്ങള്‍ ഉണ്ടാകാറുണ്ടെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു.

കേരളവാല, സൗത്ത് ഇന്ത്യന്‍ എന്നൊക്കെ പറഞ്ഞായിരുന്നു മര്‍ദനം. കൈയ്യേറ്റം ചെയ്യാന്‍ അധികാരമില്ലെന്ന് ചൂണ്ടിക്കാണിച്ചപ്പോള്‍ മുടി പിടിച്ച് വലിക്കുകയും ചെവിയില്‍ അടിക്കുയും ചെയ്തു. അടിയേറ്റ് ബാലന്‍സ് നഷ്ടപ്പെട്ട് നിലത്ത് വീണു. ഇതോടെ നിലത്തിട്ട് ചവിട്ടുകയും മറ്റ് വിദ്യാര്‍ഥികളെ ലാത്തി വെച്ച് അടിക്കുകയും ചെയ്തതായി പരിക്കേറ്റ വിദ്യാർത്ഥികൾ പറഞ്ഞു.

അവശരായ വിദ്യാർത്ഥികളെ കോളേജിലെ മറ്റ് വിദ്യാർത്ഥികളും അധ്യാപകരും ചേര്‍ന്നാണ് ആശുപത്രിയിലെത്തിച്ചത്. ഇവരുടെ കണ്ണിനും ചെവിയ്ക്കും കാലിനും പരിക്കേറ്റിട്ടുണ്ട്. ഇവരെ അനുപൂര്‍ ജില്ലാ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി സമീപത്തെ മെഡിക്കല്‍ കോളേജിലും എത്തിച്ചു. ഇത്തരം പ്രശ്നങ്ങൾ പതിവാണെന്നും, ഇങ്ങനെ ഉണ്ടാകുമ്പോൾ അധികൃതരുടെ നേതൃത്വത്തില്‍ പ്രശ്‌നം പരിഹരിക്കാറാണ് പതിവെന്നും വിദ്യാർത്ഥികൾ പ്രതികരിച്ചു.