ആരാധകരിൽ നിന്ന് രക്ഷപ്പെടാൻ ട്രാഫിക് സിഗ്നൽ വെട്ടിച്ചു, വിജയ്‌യുടെ വാഹനത്തിന് 500 രൂപ പിഴ

ചെന്നൈ: ആരാധകരെ ഒഴിവാക്കാൻ ട്രാഫിക് സിഗ്നൽ ലംഘിച്ച് നടൻ വിജയ്. ആരാധക കൂട്ടായ്‌മയായ വിജയ് മക്കൾ ഇയക്കത്തിന്റെ മീറ്റിംഗ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ രണ്ടിടത്ത് ഇത്തരത്തിൽ തരം ട്രാഫിക് നിയമലംഘനം നടത്തിയിരുന്നു. ഇതിന് പിന്നാലെ മോട്ടോർ വാഹന വകുപ്പ് താരത്തിന്റെ വാഹനത്തിന് 500 രൂപ പിഴ വിധിച്ചു.

താരം ഉടൻതന്നെ പിഴയടച്ചതായാണ് വിവരം. പനൈയൂരിൽ നിന്ന് നീലാംഗരൈയിലെ വീട്ടിലേക്ക് പോകവെ രണ്ടിടങ്ങളിലെ സിഗ്നലെങ്കിലും മറികടന്നാണ് വിജയ് വീട്ടിലെത്തിയത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതാണു താരത്തിന് വിനയായത്. രാഷ്ട്രീയ പ്രവർത്തനത്തിനായി സിനിമയിൽ നിന്നും വിജയ് മൂന്ന് വർഷം ഇടവേളയെടുക്കുമെന്ന അഭ്യൂഹങ്ങളും പ്രവർത്തകർ തള്ളിയിട്ടുണ്ട്. സംഭവത്തിൽ ഔദ്യോഗിക പ്രഖ്യാപനങ്ങൾ ഒന്നും വന്നിട്ടില്ല.

സംസ്ഥാനത്തെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും 10, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയംനേടിയ വിദ്യാർഥികളെ കഴിഞ്ഞമാസം നടത്തിയ ചടങ്ങിൽ വിജയ് ആദരിച്ചിരുന്നു. പരിപാടി വലിയ വിജയമായിരുന്നു. താരം രാഷ്‌ട്രീയത്തിൽ പ്രവേശിക്കണമെന്ന് ആരാധക കൂട്ടായ്‌മ വിജയ്‌യോട് ആവശ്യപ്പെട്ടിരുന്നു. വിജയ് മക്കൾ ഇയക്കം ജില്ലാഭാരവാഹികളുമായി താരം വീട്ടിൽ ചർച്ച നടത്തിയപ്പോഴാണ് ഇത്തരത്തിൽ ആവശ്യമുയർന്നത്.

അടുത്തിടെ പത്ത്, പന്ത്രണ്ട് പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിക്കാന്‍ മക്കള്‍ ഇയക്കം സംഘടിപ്പിച്ച പരിപാടിയില്‍ അംബേദ്കരെയും പെരിയാറിനെയും കാമരാജിനെയും പോലുള്ള നേതാക്കളെ കുറിച്ച് കൂടുതല്‍ പഠിക്കണമെന്ന് വിജയ് പറഞ്ഞിരുന്നു. തമിഴകത്തെ യുവാക്കള്‍ക്കിടയില്‍ അത്രമേല്‍ സ്വാധീനമുള്ള വിജയ് യുവാക്കളെയും വിദ്യാര്‍ഥികളെയും ഒപ്പം കൂട്ടി രാഷ്ട്രീയ മുന്നേറ്റം നടത്താനുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് പുതിയ നീക്കം എന്ന് വിലയിരുത്താം.

നിലവില സാഹചര്യത്തില്‍ 2026 ലെ നിയമസഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ട് വിജയ് സിനിമയില്‍ നിന്ന് ഇടവേളയെടുത്ത് മുഴുവന്‍ സമയ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നു എന്ന സൂചനയാണ് ലഭിക്കുന്നത്. എന്നാൽ ഉചിതമായ സമയത്ത് രാഷ്‌ട്രീയ പ്രവേശനമുണ്ടാകുമെന്ന് താരം ആരാധകരെ അറിയിച്ചു. 2026ലെ തിരഞ്ഞെടുപ്പിൽ വിജയ്‌യുടെ പാർട്ടി മത്സരത്തിനുണ്ടാകുമെന്ന് ശക്തമായ സൂചനയുണ്ട്. വെങ്കിട്ട് പ്രഭു സംവിധാനം ചെയ്യുന്ന ചിത്രത്തിന് ശേഷം സിനിമയിൽ നിന്നും ഇടവേളയെടുക്കാൻ വിജയ് ഒരുങ്ങുകയാണെന്നാണ് സൂചന.