സ്വപ്ന സുരേഷിനെ സി ബി ഐ വിളിപ്പിച്ചു

 

കൊച്ചി/ ലൈഫ് മിഷൻ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷിന് സിബിഐ നോട്ടീസ് നൽകി. തിങ്കളാഴ്ച ഹാജരാകാനാണ് നോട്ടീസ് നൽകിയിട്ടുള്ളത്. കഴിഞ്ഞ ദിവസം മറ്റൊരു പ്രതിയായ സരിത്തിനും സിബിഐ നോട്ടീസ് നൽകിയിരുന്നു. സ്വപ്നയുടെ പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ കൂടിയാണ് സി ബി യെ സ്വപ്നയെ വിളിപ്പിച്ചിരിക്കുന്നത്. സ്വപ്നയെ സി ബി ഐ വിളിപ്പിച്ചതറിഞ്ഞതോടെ സർക്കാർ കേന്ദ്രങ്ങൾ ആശയ കുഴപ്പത്തിലായിട്ടുണ്ട്. സി ബി ഐ നീക്കാം എങ്ങോട്ടൊക്കെയെന്ന ആശയകുഴപ്പത്തിലായിരിക്കുകയാണ് സി പി എം നേതൃത്വം.

തന്‍റെ സുരക്ഷ കേന്ദ്ര സർക്കാർ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് സ്വർണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷ് നൽകിയ ഹ‍ർജി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി വീണ്ടും പരിഗണിക്കുന്നുണ്ട്. കേന്ദ്ര സുരക്ഷ നൽകാനാകില്ലെന്ന് എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. എന്നാൽ, തന്‍റെ ജീവന് ഭീഷണിയുണ്ടെന്നാണ് സ്വപ്ന ആവർത്തിച്ചിരിക്കുന്ന സാഹചര്യത്തിൽ ഇത് ഗൗരവമായി കേന്ദ്ര ഏജൻസികൾ കാണുന്നുണ്ട്.

മജിസ്‌ട്രേറ്റിന് 164 പ്രകാരം സ്വപ്ന നൽകിയ മൊഴിയുമായി ബന്ധപെട്ടു കേന്ദ്ര ഏജൻസികൾ നീക്കം ശക്തമാക്കുന്നതായാണ് പുറത്ത് വന്നിട്ടുള്ള വിവരം. അതേസമയം, സ്വർണക്കടത്തു കേസിൽ ഇ ഡിക്ക് എൻഐഎ തെളിവുകൾ കൈമാറിയിരുന്നു. കോടതി ഉത്തരവിനെ തുടർന്നാണ് എൻഐഎയുടെ പക്കലുണ്ടായിരുന്ന വാട്‌സ്ആപ്പ് ചാറ്റുകളും മെയിലുകളും ഉൾപ്പെടെയുള്ള തെളിവുകൾ ഇ ഡിക്ക് കൈമാറിയിരിക്കുന്നത്. ഇവ വിശദമായി പരിശോധിച്ച ശേഷം, കേസിലെ ഒന്നാം പ്രതി പി.എസ്. സരിത്തിന്റെ മൊഴിയെടുക്കാൻ വീണ്ടും വിളിച്ചു വരുത്തും. സ്വർണ, ഡോളർ കടത്തുമായി ബന്ധപ്പെട്ടുള്ള കേസുകളിൽ കസ്റ്റംസും എൻഐഎയും ചാർജ് ഷീറ്റ് സമർപ്പിച്ചിരുന്നു. ഇപ്പോൾ അന്വേഷണം തുടരുന്നത് ഇ ഡിയാണ്.