അവളെന്റെ പെങ്ങളാണ്, അവളെ കല്യാണം കഴിച്ചില്ലെങ്കിൽ നീ ഗുണം പിടിക്കില്ലെന്ന് ജയേട്ടൻ പറഞ്ഞു- സീമ

അവളുടെ രാവുകൾ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേയ്ക്ക് എത്തിയ താരമാണ് സീമ. ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് സമയത്ത് സീമയും ഐവി ശശിയും തമ്മിലുള്ള പ്രണയം വിരിഞ്ഞു തുടങ്ങിയിരുന്നു.സീമയുടെ സിനിമാ കരിയറും ഐ വി ശശിയോടുള്ള പ്രണയവും അങ്ങനെ വളർന്നു കൊണ്ടേയിരിക്കുന്ന സമയത്താണ് 1980 ൽ ഇരുവരും വിവാഹിതരാവുന്നത്. ജീവിതത്തിൽ മാത്രമല്ല തന്റെ മുപ്പതോളം സിനിമകളിലും ഐവി ശശി സീമയെ നായികയാക്കി.

ഫ്‌ളവേഴ്‌സ് ഒരു കോടി എന്ന പരിപാടിയിൽ പങ്കെടുക്കവേ സീമ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. വാക്കുകളിങ്ങനെ, ജയനൊപ്പം പത്തൊൻപതോളം സിനിമകൾ ചെയ്തിട്ടുണ്ട്. ഇതോടെ രണ്ടാളും പ്രണയത്തിലാണെന്ന തരത്തിലും വാർത്തകളെത്തി. പല മാഗസിനുകളിലും അത്തരം വാർത്ത വന്നിരുന്നു. ശരിക്കും എന്റെ വിവാഹം നടന്നത് തന്നെ ജയേട്ടൻ കാരണമാണ്. ഞാനും ജയനും തമ്മിൽ പ്രണയത്തിലാണെന്ന് കേൾക്കുന്നുണ്ടല്ലോന്ന് ശശിയേട്ടന്റെ അമ്മ ചോദിച്ചിട്ടുണ്ട്. അന്ന് ഞങ്ങൾ അംഗകുറി എന്ന സിനിമയിൽ അഭിനയിച്ച് കൊണ്ടിരിക്കുകയാണ്. ശശിയേട്ടന്റെ അമ്മയെ കാണനായി എന്നെ ജയേട്ടൻ പറഞ്ഞ് വിട്ടു. ശേഷം പുള്ളി അഭിനയിച്ച് തുടങ്ങി. എന്നാൽ അമ്മയെ കണ്ട് തിരിച്ച് വന്ന ഞാൻ ആകെ സങ്കടത്തിലായി. എന്താ കാരണമെന്ന് ചോദിച്ചപ്പോൾ നമ്മൾ തമ്മിൽ പ്രണയത്തിലാണെന്ന് അമ്മ പറഞ്ഞതിനെ പറ്റി പറഞ്ഞു.

അത് കേട്ടതോടെ പുള്ളിക്കാരൻ ടെൻഷനിലായി. ഉച്ച ആയപ്പോൾ ശശിയേട്ടനെ പുള്ളി വിളിച്ചു. ‘ശശി, അവളെന്റെ പെങ്ങളാണ്. അവളെ നീ കല്യാണം കഴിച്ചില്ലെങ്കിൽ നീ ഗുണം പിടിക്കില്ല. അത്രേയുള്ളു എനിക്ക് പറയാൻ എന്നും പറഞ്ഞ് ഫോൺ വെച്ചു’.

കല്യാണത്തിന് വധുവിന്റെ സഹോദരന്റെ സ്ഥാനത്ത് നിന്ന് വരന്റെ കാല് കഴുകുകയും ബാക്കി ചടങ്ങുകളൊക്കെ ചെയ്തതും പുള്ളിയാണ്. എന്റെ സഹോദരനായി പുള്ളി സ്ഥാനം എടുത്തു. അതിനുള്ള അർഹത ഉണ്ടാവണം. ജയേട്ടന്റെ വേർപാട് അത്രയും വേദനയുള്ളതായിരുന്നു. എനിക്ക് മൃതദേഹം പോലും ശശിയേട്ടൻ കാണിച്ച് തന്നില്ല. നീ എന്തായാലും വാ, ജയേട്ടനെ കാണരുത്. നിന്റെ മനസിലുള്ള ജയേട്ടൻ എങ്ങനെയാണോ അങ്ങനെ തന്നെ വെച്ചോ എന്ന് പറഞ്ഞു. അദ്ദേഹത്തിന്റെ മൃതദേഹം വഹിച്ച് പോവുന്ന റാലിയിൽ ഞങ്ങൾ കൊല്ലം വരെ ഒരു ലോറിയിൽ പോയി. വമ്പൻ ജനക്കൂട്ടമായിരുന്നു. ജയൻ മരിച്ചിട്ട് നാൽപത്തി രണ്ട് വർഷം കഴിഞ്ഞിട്ടും ഇന്നും അദ്ദേഹത്തെ കുറിച്ചുള്ള ഓർമ്മകൾ പോയിട്ടില്ല. ഓരോ ദിവസം കഴിയുംതോറും അത് വർധിച്ച് വരികയാണ്. മൂന്ന് കൊല്ലം പുള്ളി അഭിനയിച്ചു. അത് നാനൂറ് കൊല്ലത്തേക്കുള്ളത് പോലെയാക്കി വെച്ചാണ് പോയത്.

വിവാഹ ശേഷം സിനിമയിൽ നിന്ന് ചെറിയൊരു ഇടവേളയെടുക്കയും ചെന്നൈയിലേക്ക് താമസം മാറുകയും ചെയ്ത സീമ പിന്നീട് കുട്ടികളും കുടുംബവുമായി ജീവിക്കുകയും ഇടയ്ക്ക് ടെലിവിഷൻ സീരിയലുകളിലൂടെ പഴയ പ്രൌഡിയോടെ തിരിച്ചെത്തുകയും ചെയ്തിരുന്നു. സിനിമയിൽ എത്തി മുപ്പതിൽ അധികം വര്ഷം കടന്നു പോകുമ്പോഴും സീമയ്ക്ക് ആരാധകർ കുറവല്ല.