ബാർകോഴ കേസ് അന്വേഷിക്കാമെന്ന് സിബിഐ സുപ്രീം കോടതിയിൽ

ന്യൂഡൽഹി . ബാർകോഴ കേസ് അന്വേഷിക്കാമെന്ന് സുപ്രീം കോടതിയെ സിബിഐ അറിയിച്ചു. ടി എൽ ജേക്കബ് എന്നയാൾ നൽകിയ ഹർജിയിന്മേലാണ് സിബിഐ സുപ്രീം കോടതിയെ നിലപാട് അറിയിച്ചിരിക്കുന്നത്. രമേശ് ചെന്നിത്തല, വിഎസ് ശിവ കുമാർ, കെ ബാബു, ജോസ് കെ മാണി എന്നീ നേതാക്കൾക്കെതിരെ അന്വേഷണം വേണമെന്നും സുപ്രീം കോടതിക്ക് നൽകിയ ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.

2014 ൽ ധനമന്ത്രിയായിരുന്ന കെ എം മാണി സംസ്ഥാനത്ത് അടഞ്ഞുകിടന്ന ബാറുകൾ തുറക്കാനായി കൈക്കൂലിയായി പണം കൈപ്പറ്റി എന്നതാണ് കേസിനടിസ്ഥാനമായ ആരോപണം. ബാറുടമയായിരുന്ന ബിജു രമേശിന്റെ ആരോപണമാണ് കേസിന് ആധാരം. രമേശ് ചെന്നിത്തല, വിഎസ് ശിവ കുമാർ, കെ ബാബു, എന്നിവരും പണം കൈപ്പറ്റിയെന്നും ഇവർക്കെതിരെ അന്വേഷണം വേണമെന്നും ബിജു രമേശ് ആവശ്യപ്പെട്ടിരുന്നു. ഇതേ തുടർന്നാണ് കോടതിയിൽ ഹർജി സമർപ്പിച്ചത്.

418 ബാറുകൾ തുറക്കാൻ അഞ്ച് കോടി രൂപ ആവശ്യപ്പെട്ടെന്ന് ബിജു രമേശ് വെളിപ്പെടുത്തിയിരുന്നു. ഇതാണ് കേസിന് ആധാരം. 2015-ൽ എക്‌സൈസ് മന്ത്രിയായിരുന്ന കെ ബാബു, ബാർ ലൈസൻസുകൾ പുതുക്കുന്നതിനും, ലൈസൻസ് തുക കുറയ്‌ക്കുന്നതിനുമായി ഒരു കോടി രൂപ കൈപ്പറ്റി. രണ്ട് ഘഡുക്കളായി ഈ തുക എക്‌സൈസ് മന്ത്രിയുടെ ഓഫീസിൽ വെച്ച് കൈമാറിയെന്നും ബിജു രമേശ് ആരോപിക്കുകയുണ്ടായി.

ആഭ്യന്തരമന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയ്‌ക്ക് ഒരു കോടി രൂപയും, ആരോഗ്യമന്ത്രിയായിരുന്ന വിഎസ് ശിവകുമാറിന് 25 ലക്ഷം രൂപയും എക്‌സൈസ് മന്ത്രി കെ ബാബുവിന് 50 ലക്ഷം രൂപയും കൈമാറിയിരുന്നതായിട്ടായിരുന്നു 2020-ൽ ബിജുവിന്റെ വെളിപ്പെടുത്തൽ. സിബിഐ സുപ്രീംകോടതിയിൽ ഫയൽ ചെയ്ത സത്യവാങ്മൂലത്തിലാണ് ഇക്കാര്യങ്ങൾ പരാമർശിച്ചിരിക്കുന്നത്.