സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി, കൂടിയ വിലക്ക് വൈദ്യുതി വാങ്ങണോ, അതോ ലോഡ് ഷെഡിങ് വേണോയെന്ന തീരുമാനം മുഖ്യമന്ത്രിക്ക് വിട്ടു

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയിൽ എന്ത് നടപടിയെടുക്കണമെന്ന തീരുമാനം മുഖ്യമന്ത്രിക്ക് വിട്ടു. ഈ മാസം 25 നു മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രിയും കൂടിയാലോചന നടത്തും. പുറത്ത് നിന്ന് കൂടിയ വിലക്ക് വൈദ്യുതി വാങ്ങണോ, അതോ ലോഡ് ഷെഡിങ് വേണോ എന്ന് മുഖ്യമന്ത്രി തീരുമാനിക്കും.

വൈദ്യുതി പ്രതിസന്ധി നേരിടാൻ ലോഡ് ഷെഡിങ് ഉൾപ്പെടെയുള്ള മാർഗങ്ങൾ ചർച്ച ചെയ്യാൻ 21ന് ഉന്നതതല യോഗത്തിലാണ് തീരുമാനം. ഓണവും പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പും വരുന്നതിനാൽ ലോഡ് ഷെഡിങ് പോലുള്ള കടുത്ത നടപടികൾക്ക് ഉടൻ സാധ്യതയില്ല. അടുത്ത മാസവും നല്ല മഴ കിട്ടുന്നില്ലെങ്കിൽ ലോഡ് ഷെഡിങ്ങും നിരക്കുവർധനയും മാത്രമാണ് വൈദ്യുതി ബോർഡിനു മുന്നിലുള്ള പോംവഴി.

വൈദ്യുതി നിയന്ത്രണം വേണ്ടിവരുമെന്നു മന്ത്രി കെ.കൃഷ്ണൻകുട്ടി കഴിഞ്ഞദിവസം സൂചിപ്പിച്ചിരുന്നു. അണക്കെട്ടുകളിൽ വെള്ളമില്ലാത്തതും വൈദ്യുതി ഉപയോഗം കൂടിയതുമാണു കാരണം. ലോഡ് ഷെഡിങ് ഒഴിവാക്കണമെങ്കിൽ ഉയർന്ന വിലയ്ക്കു വൈദ്യുതി വാങ്ങണം. മുഖ്യമന്ത്രിയുമായി ആലോചിച്ചശേഷം തീരുമാനിക്കും.

കൂടുതൽ ബാധ്യത വരാതെ അധികവൈദ്യുതി വാങ്ങാനുള്ള മാർഗങ്ങൾ പരിശോധിച്ച് 21ന് എത്തണമെന്നാണ് ബോർഡ് അധികൃതർക്കു മന്ത്രി നൽകിയിട്ടുള്ള നിർദേശം. പവർ എക്സ്ചേഞ്ചിനു പുറമേയുള്ള മാർഗങ്ങളിൽനിന്നു വൈദ്യുതി ലഭിക്കുമോ എന്നാണ് പരിശോധിക്കുക. പകൽ സൗരോർജവും രാത്രിയിൽ താപവൈദ്യുതിയും നൽകുന്ന കമ്പനികളെ സമീപിക്കും.

ദിവസം 15 കോടി രൂപയുടെ അധിക വൈദ്യുതിയാകും വാങ്ങേണ്ടി വരിക. ഓണക്കാലമായതിനാൽ വൈദ്യുതി ഉപയോഗം ഇനിയും വർധിക്കും. ഇന്നലെ 400 മെഗാവാട്ട് വൈദ്യുതി പുറത്തുനിന്ന് അധികം വാങ്ങിയതിനാൽ കാര്യമായ പ്രതിസന്ധിയുണ്ടായില്ല.