കോടിയേരിയോട് കാട്ടിയ മാപ്പർപ്പിക്കാത്ത നിന്ദയെ എങ്ങിനെ കണ്ടില്ലെന്നു നടിക്കുന്നു, അച്ഛന്റെ ആഗ്രഹമാണ് അവിടെ കൊണ്ട് പോകണമെന്നും മക്കൾ പറഞ്ഞിരുന്നു

സിപിഎം സംസ്ഥാന സെക്രട്ടറിയും പൊളിറ്റ്‌ ബ്യൂറോ അംഗവുമായിരുന്ന കോടിയേരി ബാലകൃഷ്‌ണന്റെ ഒന്നാം ചരമവാർഷികം 2023 ഒക്ടോബർ 1ന് പൂർത്തി ആയപ്പോൾ, അന്ന് ആരും അറിയാത്ത അല്ലങ്കിൽ ആരെയും അറിയിക്കാതെ അന്ന് പാർട്ടി ചെയ്താ ഒരു തെറ്റിലേക്ക് ഇന്ന് കോടിയേരിയുടെ ഭാര്യ വിനോദിനി ബാലകൃഷ്ണൻ വിരൽ ചൂണ്ടുകയാണ്, കോടിയേരിയുടെ ഭൗതിക ശരീരം എ കെ ജി സെന്ററിൽ വെക്കാനുള്ള ആവശ്യം പാർട്ടി നിരസിച്ചു, അച്ഛന്റെ ആഗ്രഹം അതാണെന്ന് മക്കൾ രണ്ടുപേരും എം വി ഗോവിന്ദനോട് പലവട്ടം ആവശ്യപ്പെട്ടിട്ടും അത് ചെവികൊണ്ടില്ലെന്ന് ദേശാഭിമാനിയുടെ മുൻ അസോസിയേറ്റ് എഡിറ്റർ ജി‌ ശക്തിധരൻ ഫെയ്സ്ബുക്കിൽ കുറിച്ചു.

ജി‌ ശക്തിധരന്റെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

ഗോവിന്ദൻ മാഷ് ഇനിയെങ്കിലും തെറ്റ് ഏറ്റുപറയണം. “അവസാനമായി കോടിയേരിയുടെ ഭൗതിക ശരീരം തലസ്ഥാനത്തു പൊതുദർശനത്തിനു വെക്കാത്തതിൽ എനിക്കും ഉണ്ട് വിഷമം ! അന്ന് ഞാൻ ഓർമ്മയും ബോധവും നഷ്ടപ്പെട്ട നിലയിലാണ്. മക്കളായ ബിനോയ് യും ബിനീഷും അക്കാര്യം പറഞ്ഞിരുന്നു. സത്യം സത്യമായി പറയണമല്ലോ. ഗോവിന്ദൻ മാഷിനോട് ഇത് അച്ഛന്റെ ആഗ്രഹമാണ് അവിടെ കൊണ്ട് പോകണമെന്നും മക്കൾ പറഞ്ഞിരുന്നു. പക്ഷെ നടന്നില്ല ”

സ: കോടിയേരി ബാലകൃഷ്ണൻ വിടവാങ്ങിയിട്ട് ഒരു വർഷം ആയെങ്കിലും ആ ദീപ്തമായ ഓർമ്മകൾ ഇന്നലെയെന്നപോലെ മനസ്സിൽ ഇപ്പോഴും ഉമിത്തീയായ് നീറുന്നു. എത്രവേഗമാണ് ആ ഒരു വർഷം കടന്നുപോയത്. ലക്ഷോപലക്ഷം കമ്മ്യുണിസ്റ്റ് കാരുടെ മനസ്സിൽ ഇപ്പോഴും അത് ഉത്തരം കിട്ടാത്ത സമസ്യയാണ്? കേരളത്തിലെ അഞ്ചുലക്ഷത്തിലേറെ പാർട്ടി അംഗങ്ങൾ ഈ സമുന്നത നേതാവിനോട് കാട്ടിയ മാപ്പർപ്പിക്കാത്ത നിന്ദയെ എങ്ങിനെ കണ്ടില്ലെന്നു നടിക്കുന്നു? ഒരു പോളിറ്റ് ബ്യുറോ അംഗം മരിച്ചിട്ട് അതിലൊരു അനുശോചന ദുഃഖാചരണം പോലും നടത്താത്ത ചരിത്രം ഉണ്ടായിട്ടുണ്ടോ? മരണാനന്തര ചടങ്ങുകളിൽ പോലും അനാദരവല്ലേ കാട്ടിയത് ? മുഖ്യമന്ത്രിയുടെ മക്കൾക്കും കുടുംബാംഗങ്ങൾക്കും വിദേശത്തെ ഉല്ലാസയാത്ര വൈകും എന്നതിന്റെ പേരിലല്ലേ ഈ അനാദരവ് കാട്ടിയത്.

മനുഷ്യൻ എപ്പോൾ മരിക്കും എന്ന് ആർക്കും ഉറപ്പിക്കാനാവില്ല. നാളെ ഈ മുഖ്യമന്ത്രിക്ക് ഇങ്ങിനെ ഒരു ദുര്യോഗം ഉണ്ടാകില്ലെന്ന് എങ്ങിനെ പറയാനാകും? മൂലധശേഷിയുള്ള പാർട്ടിക്ക് ആരുമായിരുന്നില്ലേ, ഞങ്ങൾ ,ചെല്ലപ്പേരിൽ വിളിക്കുന്ന, കോടിയേരി? ഇപ്പോൾ ഒരു വീട്ടമ്മ മാത്രമാണല്ലോ പാർട്ടിക്ക് വിനോദിനി. അതുകൊണ്ടാകും എൺപത്തഞ്ചോളം സംസ്ഥാനകമ്മിറ്റി അംഗങ്ങളിൽ ഒരാളുടെ വായിൽക്കിടന്ന നാവുപോലും വിനോദിനിയുടെയോ മക്കളുടെയോ നെഞ്ചിലെ വേദന കാണാതെപോയത്. ഈ നേതാക്കളിൽ ഏറെപ്പേരും വിവാഹിതരാണ്. പാർട്ടി ഈ കുടുംബത്തോട് കാട്ടിയ കടുത്ത അനീതി അവരൊന്നും അറിയാത്തതല്ല. പക്ഷെ സംസാരിക്കാനുള്ള അവയവം അവർ മരവിപ്പിച്ചു വച്ചിരിക്കുകയാണ്. അതാണ് സോവിയറ്റ് യൂണിയനിലും സംഭവിച്ചത്.

കേരളത്തിലും അടിമവ്യവസ്ഥ നിയമം കൊണ്ട് നിരോധിച്ചിട്ടുണ്ട്. പക്ഷെ ഇരട്ടചങ്കൻ വിചാരിച്ചാൽ എപ്പോൾ വേണമെങ്കിലും ആ കരിനിയമം പുനഃസ്ഥാപിക്കും. അതാണ് കോടിയേരിയുടെ കാര്യത്തിൽ കണ്ടത് . പാർട്ടിയുടെ ആരംഭകാലത്തു ഒരു പാട് നിസ്വാർത്ഥരും ധീരരുമായ നേതാക്കൾ വിവാഹജീവിതത്തിലേക്ക് പ്രവേശിച്ചെങ്കിലും അവർ പൂർണ്ണ തോതിലുള്ള ദാമ്പത്യ ജീവിതം പിന്തുടരാറില്ലായിരുന്നു . മക്കളുണ്ടായാൽ പാർട്ടിയോട് കൂറ് പുലർത്താൻ അത് വിലങ്ങുതടിയാകും എന്ന് ഭയം ആയിരുന്നു കാരണം. മക്കളുണ്ടാകുന്നതിൽ നിന്നും അവർ പിന്മടങ്ങി. ലൗകിക ജീവിതം ഉപേക്ഷിച്ചു. .അതൊരു വരട്ടുവാദ ജീവിതം ആയിരുന്നു..എന്നാൽ ഇപ്പോഴത്തെ കമ്മ്യുണിസ്റ്റ് ശൈലി അടിമയായി ജീവിച്ചു കാണിക്കുക എന്നതാണ്. അപ്പോൾ പിന്നെ ജീവിതത്തിൽ ഒന്നിനും കുറവുണ്ടാകില്ല. അടിമയാണെന്ന് തെളിയിച്ചുകൊണ്ടിരുന്നാൽ മതി.

വിദ്യാഭ്യാസമുള്ള അടിമയെങ്കിൽ മൂല്യം കൂടും . മന്ത്രി എം ബി രാജേഷിനെ കണ്ടിട്ടില്ലേ?. വിദ്യാർത്ഥി ജീവിതകാലം മുതൽ സിപിഎമ്മിലെ നേതാക്കളുമായി ആത്മബന്ധം പുലർത്തിയിരുന്ന ഒരാളാണ് ഞാൻ. ഏകമകൻ എന്നതു കൊണ്ടാകാം സുഖമായി ജീവിക്കാനുള്ള എല്ലാ സൗകര്യങ്ങളും കുടുംബത്തിൽ ഉണ്ടായിട്ടും .പാളയത്തിലെ വലുപ്പമുള്ള കടവരാന്തകൾ അന്തിയുറക്കത്തിന് കണ്ടുവെച്ചിരുന്ന യൗവ്വനകാലം . കുമ്മായം കൊണ്ടുള്ള ചുമരെഴുത്തിന് ശേഷം ആ വരാന്തകളിലായിരുന്നു രാത്രിയുറക്കം. പുളിമൂട്ടിലെ പഴയ ഹോട്ടലുകൾക്ക് മുന്നിൽ ഒരു നേരത്തെ ഉച്ച ഭക്ഷണത്തിന് കാത്തുനിൽക്കുമ്പോൾ ഉദാരമതിയായ ഹോട്ടൽ ഉടമ രണ്ടു പേരിൽ ഒരുത്തൻ ആദ്യം കേറിക്കോ എന്ന് ആജ്ഞാപിക്കുമ്പോൾ മലയിൻകീഴ് ഗോപാലകൃഷ്ണനാണോ എനിക്കാണോ നറുക്ക് വീഴുന്നതെന്ന് തിരിച്ചറിയാതെ ഉഴറിയ ഒരു കാലമുണ്ടായിരുന്നു. ഒരിടത്തുനിന്നും അന്നം കിട്ടാത്ത ദിനമാണെങ്കിൽ സിപിഎം തിരുവനന്തപുരം ജില്ലാകമ്മിറ്റി ഓഫീസിലെ ചങ്ങാടം പോലുള്ള കോവണി കയറി ജില്ലാ ആസ്ഥാനത്തെ അധിപൻ ജനാർദ്ദനൻ ആശാരിയുടെ പതിവ് കുറിമാനം ആർത്തിയോടെ കൈപ്പറ്റുമായിരുന്ന കാലം.

ആ തുണ്ടിൽ എഴുതിരിക്കുന്ന ഭക്ഷണത്തിൽ കൂടുതൽ എന്തെങ്കിലും ഇളവ് ഉണ്ടോ എന്നറിയാനായിരിക്കും ആദ്യ ശ്രദ്ധ. . ആശാരി തുണ്ടിൽ വട്ടം വരച്ചു എഴുതുന്നത് “ഒരു ഊണ് ബ്രാക്കറ്റിൽ മുട്ടവേണ്ട” എന്നാണ്. എസ് എഫ് ഐ കാരന് മുട്ട നിഷിദ്ധമാണല്ലോ. എന്റെ വീട്ടിലാണെങ്കിൽ ‘അമ്മ രണ്ട് ഓംലറ്റ് അടിച്ചേ താരാറുള്ളൂ. ഞാൻ ഇത്രയും പറഞ്ഞുവെച്ചത് ,കോടിയേരി ബാലകൃഷ്ണനെപ്പോലെ ഒരു തലമുറ തലസ്ഥാനത്തു എങ്ങിനെ ജീവിച്ചു എന്ന് മനസ്സിലാക്കാനാണ്. ആ പൊക്കിൾക്കൊടി ബന്ധം എന്തിനാണ് പിണറായി വിജയൻ ഭയന്നത് ? ഞങ്ങൾ നൂറുകണക്കിന് വിദ്യാർത്ഥികൾ ഏതു സൈന്യവ്യൂഹത്തെ കൊണ്ടിറക്കിയാലും പിന്നോട്ട് ഒരു ചുവടുവെക്കാത്ത വരുടെ വീര്യം കൊണ്ട് വിറകൊണ്ട തലസ്ഥാനത്തെ നഗരവീഥിയിൽ നിന്ന് എന്തിനാണ് പഴയകാലത്തെ ഞങ്ങളുടെ സേനാത്തലവന്റെ ശവമഞ്ചം കടത്തി വിട്ടുകൂടാ എന്ന് കൽപ്പിച്ചത് . അമ്മയും മക്കളും ഒരേപോലെ കേണു അപേക്ഷിച്ചതല്ലേ? ആ ശവമഞ്ചത്തിന് അർഹമായ ആദരവ് കൊടുക്കണമെന്ന് .നൃശംസന്മാരുടെ മനസ്സ് അലിഞ്ഞില്ല.

ആദ്യ ജന്മത്തിൽ നിങ്ങൾ ആരായിരുന്നു എം വി ഗോവിന്ദൻ? അടിമകളുടെ രാജാവോ? തലസ്ഥാനത്തു ഞങ്ങൾ സി ഭാസ്കരന്റേയും കോടിയേരിയുടെയും നേതൃത്വത്തിൽ സൃഷ്ടിച്ച ആ ഇടി മുഴക്കങ്ങൾ കേട്ടിട്ടുണ്ടോ? വിനോദിനിയുടെ അച്ഛൻ രാജുമാഷ് ഒന്നരകാൽ മാത്രം ഉണ്ടായിട്ടും യൂണിവേഴ്‌സിറ്റി കോളജിന് മുന്നിൽ സംഘർഷഭൂമിയിൽ തലശ്ശേരിയിൽ നിന്നെത്തി, ഗുണ്ടകളെ തടഞ്ഞു നിർത്തി ഞങ്ങളെ കണ്ണിലെ കൃഷണമണിപ്പോലെ കയ്യൂക്കു കൊണ്ട് സംരക്ഷിച്ച നാളുകൾ ഞങ്ങൾക്ക് എങ്ങിനെ മറക്കാനാകും. ഒറ്റ ഡി ജി പി മാത്രം വാഴുന്ന കേരള തലസ്ഥാനത്തു നടുറോഡിൽ ഞങ്ങൾക്ക് കൈയ്യൂക്ക് കാണിക്കാൻ ധൈര്യം കിട്ടിയത് രാജുമാഷിനെപ്പോലെയുള്ളവരുടെ ആയോധനകല യുടെ ചങ്കുറപ്പ് കൊണ്ടാണ് . രാജൂ മാഷ് ഒരു പി ടി അദ്ധ്യാപകൻ മാത്രമായിരുന്നില്ല.

ഒന്നുകൂടി പറഞ്ഞോട്ടെ . സ അഴീക്കോടൻ രാഘവൻ കഴിഞ്ഞാൽ കോടിയേരിയെ പോലെ തലസ്ഥാനത്തെ മുക്കും മൂലയും ഇത്രയേറെ പരിചിതമായ ഒരു ജനനേതാവിനെ ഞാൻ തിരുവനന്തപുരത്തു കണ്ടിട്ടില്ല. ഞാൻ പ്രീഡിഗ്രി വിദ്യാർത്ഥിയായിരുന്നപ്പോൾ തിരുവനന്തപുരം കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ നഗരമാകെ സ അഴീക്കോടൻ രാഘവനൊപ്പം സഞ്ചരിക്കുമ്പോൾ ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുള്ളതാണ് അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് ആസൂത്രണം. സ അഴീക്കോടൻ രാഘവൻ ഏതൊക്കെ അപരിചിത ഊട് വഴികൾ താണ്ടിയാണോ പ്രചാരണരംഗത്തു കുതിച്ചിരുന്നത് അതിന്റെ മറ്റൊരു പതിപ്പായിരുന്നു കോടിയേരി. സി ഭാസ്ക്കരനോടൊപ്പം തലസ്ഥാനത്തു എസ് എഫ് ഐ യിൽ പ്രവർത്തിക്കുമ്പോഴും ആ ടെറൈൻ കൂടുതൽ പരിചിതമായി കോടിയേരിക്ക്.

തലസ്ഥാന നഗരവുമായയുള്ള കോടിയേരിയുടെ ബന്ധം വാക്കുകൾ കൊണ്ട് പറഞ്ഞു തീർക്കാനാവുന്നതല്ല, സി ഭാസ്കരന്റേയും
കോടിയേരിയുടെയും മറ്റും നേതൃത്വത്തിന്റെ പ്രത്യേകത കൊണ്ടാണ് ഞങ്ങൾ ആരും പുകവലിയോ എന്തെങ്കിലും ദുർശീലമോ ലഹരി ഉപയോഗമോ തീണ്ടാതിരുന്നതും . പഠന കാലത്തും നേതൃത്വത്തിലേക്ക് കടന്നശേഷവും ഏറെക്കുറെ നിസ്വൻ ആയിരുന്നു കോടിയേരി. എസ് എഫ് ഐ സംസ്ഥാനകമ്മിറ്റിയിൽ പങ്കെടുക്കാൻ ഞങ്ങൾ കൊച്ചിയിൽ എത്തി എറണാകുളത്തെ രാജേന്ദ്രമൈതാനിയിൽ വിശ്രമിച്ചശേഷം രാത്രി മടങ്ങാൻ തയ്യാറെടുക്കുമ്പോൾ കോടിയേരി ഉടുപ്പിന്റെ നീണ്ട കൈ ചുരുൾ നിവർത്തുന്ന ദൃശ്യം ഇപ്പോഴും എനിക്ക് ഓർമ്മയുണ്ട്. അത് നിവർത്തി നിവർത്തി അവസാനിക്കാറാകുമ്പോൾ രണ്ട് രൂപയുടെ ഒറ്റ നോട്ട് നിലത്തുവീഴും! ട്രെയിനിൽ നിന്നിറങ്ങി തലശേരിയിൽ ബസിൽ കയറാനുള്ള നോട്ടായിരിക്കും അതും!

ആ ഗതകാല ബന്ധമൊന്നും ഞങ്ങൾ തമ്മിൽ അവസാനകാലത്ത് ഉണ്ടായില്ല. എങ്കിലും ഒരു തേൻ കുടുക്ക അവശേഷിച്ചിരുന്നു. പാർട്ടിക്ക് പുറത്താണെന്ന് അറിയാമെങ്കിലും ആവശ്യപ്പെടുമ്പോൾ എല്ലാം മറ്റ് വൻകിട മാധ്യമങ്ങളിൽ കൊടുക്കേണ്ട ലേഖനങ്ങൾ അയച്ചുകൊടുത്തിരുന്നു. എസ് എഫ് ഐ യുടെ അമ്പതാം വാർഷിക ആചരണ ചടങ്ങിൽ നിർബന്ധമായും പങ്കെടുക്കണമെന്ന് കൽപ്പിച്ചപ്പോഴും അതനുസരിച്ചു. പാർട്ടി ജില്ലാസെക്രട്ടറി അതിനു മുമ്പ് തന്നെ ഇതിനു നിർബന്ധിച്ചിരുന്നു. എന്റെ രാഷ്ട്രീയ നിലപാടുകളെ ഒരിക്കലും വെറുക്കുകയോ നിന്ദിക്കുകയോ ചെയ്തിരുന്നില്ല, എന്നുമാത്രമല്ല ഒരിക്കൽ എ കെ ജി ഫ്‌ളാറ്റിൽ വെച്ച് സംസാരിക്കുന്നതിനിടയിൽ തറപ്പിച്ചു പറഞ്ഞത് ” ശക്‌തി, ശക്തിയുടെ നിലപാടുകളിൽ ഉറച്ചു തന്നെ നിന്നോളൂ “എന്നായിരുന്നു. അതെന്നെയും അദ്ഭുതപ്പെടുത്തിരുന്നെങ്കിലും , തിരിഞ്ഞു നോക്കുമ്പോൾ പാർട്ടി വിട്ടിട്ട് 18 വർഷമായിട്ടും ഒരു ഉന്നതനേതാവും മറിച്ചു വേദനിപ്പിക്കുന്ന ഒന്നും പറഞ്ഞിട്ടില്ല എന്നത് വിസ്മരിക്കാനാകില്ല.

അവതാരങ്ങൾ തിമിർത്താടുന്നുണ്ടെങ്കിലും. ഇന്ത്യയും പാക്കിസ്ഥാനുമായി സംഘർഷം ഉണ്ടായ ഘട്ടത്തിൽ കോടിയേരിയുടെ നേതൃത്വത്തിൽ സംസ്ഥാനജാഥ ആരംഭിച്ചിരുന്നു. മരിച്ചുവീഴുന്ന മലയാളി ജവാന്മാർക്ക് അനുശോചനം അറിയിച്ചുകൊണ്ടേ പ്രസംഗം തുടങ്ങാവൂ എന്ന് പറഞ്ഞപ്പോൾ ആ കണ്ണുകൾ നിറയുന്നത് എന്നെയും അത്ഭുതപ്പെടുത്തി.ഇതൊക്കെ പറഞ്ഞുതരാൻ ആരാ ഉള്ളതെന്ന് എന്ന് അർധോക്തിയിൽ പറഞ്ഞാണ് നിർത്തിയത്. പക്ഷെ ചില സന്ദർഭങ്ങളിൽ ഇരുവരും നിലവിട്ട് തന്നെ പൊട്ടിക്കരഞ്ഞിട്ടുണ്ട്.കണ്ടുനിന്നവർക്ക് പോലും അത് ആശയക്കുഴപ്പം ഉണ്ടാക്കിയിട്ടുണ്ട്. “ധീരനായിരിക്കണം . ഒരു കമ്മ്യുണിസ്റ്റ് ആണെന്നത് ഓർക്കണം എന്ന് ഞാൻ പറഞ്ഞിട്ടുള്ളപ്പോഴും അതൊരു ഭംഗിവാക്ക് ആണെന്നത് എന്റെ മനസാക്ഷിക്കറിയാം. എന്റെ ഭാരമിറക്കിവെക്കാൻ ഒരു ഇ പി ഉണ്ടായിരുന്നു. അതും…. . .