നവകേരള സദസ്സിൽ പങ്കെടുത്തില്ലെന്ന് ആരോപിച്ച് മർദനം, CITU അംഗത്തിന്റെ ഓട്ടോയും നശിപ്പിച്ചു

കുമരകം: സി.ഐ.ടി.യു. അംഗമായ ഓട്ടോ ഡ്രൈവർക്ക് നവകേരള സദസ്സിൽ പങ്കെടുത്തില്ലെന്ന് ആരോപിച്ച് മർദനം. കുമരകം ചന്തക്കവല ഓട്ടോറിക്ഷ സ്റ്റാൻഡിലാണ് സംഭവം. കുമരകം കൈതത്തറ കെ.പി. പ്രമോദിനാണ് (36) മർദനം ഏറ്റത്. ഏറ്റുമാനൂരിലെ നവകേരളസദസ്സിൽ പങ്കെടുത്തശേഷം സ്റ്റാൻഡിൽ ഓട്ടോ ഓടിക്കാൻ എത്തിയ പ്രമോദിനോട് മറ്റു ഓട്ടോക്കാർ നവകേരളസദസ്സിൽ പങ്കെടുക്കാതിരുന്നത് എന്താണെന്ന് ചോദിച്ച് കയർക്കുകയായിരുന്നു.

ഇന്നലെ താൻ പങ്കെടുത്തെന്ന് പറഞ്ഞിട്ടും അക്രമികളായ ഓട്ടോഡ്രൈവർമാർ പ്രമോദിനെ മർദിക്കുകയൂം ഓട്ടോ നശിപ്പിക്കുകയുമായിരുന്നു. ഏഴുവർഷമായി സി.ഐ.ടി.യു. ഓട്ടോറിക്ഷ തൊഴിലാളിയൂണിയൻ അംഗമാണ് പ്രമോദ്. ഇതേ സ്റ്റാൻഡിലെ സി.ഐ.ടി.യു. പ്രവർത്തകരായ കുട്ടച്ചൻ, ഷിജോ, പ്രവീൺ എന്നിവർ ചേർന്നാണ് തന്നെ മർദിച്ചതെന്ന് പ്രമോദ് കുമരകം പോലീസിൽ പരാതി നൽകിയിരിക്കുന്നത്.

ബുധനാഴ്ച വൈകീട്ട് 3.30-ഓടെയാണ് സംഭവം. അതിക്രമം നടക്കുമ്പോൾ എതിർവശത്തുള്ള മൊബൈൽ ഷോപ്പിലെ ജീവനക്കാരൻ, തന്നെ തല്ലുന്ന വീഡിയോ എടുക്കാൻ ശ്രമിച്ചതിന് അയാളെയും ഇവർ മർദിക്കാൻ ഓടിച്ചെന്നും പ്രമോദ് പറയുന്നു. പ്രതികളെ പോലീസ് അറസ്റ്റ് ചെയ്‌ത്‌ ജാമ്യത്തിൽ വിട്ടു.